ടെലിവിഷൻ ആരാധകരുടെ ഇഷ്ട താരങ്ങളായ മൃദുല വിജയും യുവ കൃഷ്ണയും വിവാഹിതരാകുന്ന വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്. പിന്നാലെ വിവാഹനിശ്ചയ വിശേഷങ്ങളും വാർത്തയായി. നിശ്ചയ ദിവസത്തെ ചില ചിത്രങ്ങളും പുറത്തുവന്നിരുന്നു. 

നേരത്തെ പങ്കുവച്ച് വൈറലായ ചിത്രങ്ങൾക്ക് പുറമെ ചില റൊമാന്റിക് ചിത്രങ്ങൾ കൂടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് മൃദുലയിപ്പോൾ. നിശ്ചയത്തിനെടുത്ത ചിത്രങ്ങളും പ്രണയാർദ്രമായ പുതുവർഷ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

'ഈ വർഷം നമുക്ക് വളരെ പ്രത്യേകതകളുള്ളതായിരിക്കും അല്ലേ ഉണ്ണിയേട്ടാ.. പുതുവത്സരാശംസകൾ' എന്ന കുറിപ്പോടെ ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചതിന് പിന്നാലെയാണ് നിശ്ചയത്തിന്‍റെ അന്നുള്ള സ്പെഷ്യൽ ചിത്രവും മൃദുല പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

മഞ്ഞിൽവിരിഞ്ഞ പൂവി'ലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകർക്ക് യുവകൃഷ്ണ പ്രിയങ്കരനായി മാറിയത്. നിരവധി പരമ്പരകളിലിൽ വേഷമിട്ട മലയാളികളുടെ ഇഷ്ട നായികയാണ് മൃദുല വിജയ്. ഇരുവരും ഒന്നിക്കുന്ന സന്തോഷം ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.

തിരുവനന്തപുരം സ്വദേശിയാണ് മൃദുല വിജയ്. സഹോദരി പാര്‍വ്വതിയും പരമ്പരകളില്‍ വേഷമിട്ടിരുന്നെങ്കിലും വിവാഹശേഷം അഭിനയരംഗത്തുനിന്ന് മാറിനിൽക്കുകയാണ്. സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. അഭിനയമല്ലാതെ മാജിക്കിലും മെന്റലിസത്തിലും ഒരു കൈ നോക്കുന്നുണ്ട് യുവ.