സ്ക്വിഡ് ഗെയിം സീസൺ 3-ലെ പ്രസവരംഗം യാഥാർത്ഥ്യവുമായി ബന്ധമില്ലെന്ന് പ്രേക്ഷകരുടെ വിമർശനം. വേദനയും രക്തസ്രാവവും ഇല്ലാതെ അഞ്ച് മിനിറ്റിനുള്ളിൽ പ്രസവം നടക്കുന്നത് അവിശ്വസനീയമെന്ന് സോഷ്യൽ മീഡിയയിൽ പ്രതികരണം.

ഹോളിവുഡ്: നെറ്റ്ഫ്ലിക്സിന്റെ ജനപ്രിയ കൊറിയൻ സീരീസായ 'സ്ക്വിഡ് ഗെയിം' സീസൺ ജൂൺ 27-നാണ് റിലീസ് ചെയ്തത്. ഇപ്പോള്‍ സീരിസിലെ പ്രസവ രംഗം വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. സീസൺ 3-ന്റെ രണ്ടാം എപ്പിസോഡിൽ കാണിച്ചിരിക്കുന്ന കിം ജുൻ-ഹീ എന്ന കഥാപാത്രത്തിന്‍റെ പ്രസവ രംഗമാണ് പ്രേക്ഷകരുടെയും നിരൂപകരുടെയും വിമർശനത്തിന് കാരണമാകുന്നത്.

സീരീസിലെ ജീവന്‍ മരണ പോരാട്ടം നടക്കുന്നതിനിടെയാണ് കിം ജുൻ-ഹീ എന്ന കഥാപാത്രം (പ്ലെയർ 222) പെട്ടെന്ന് പ്രസവ വേദനയില്‍ വീഴുകയും, മറ്റൊരു കഥാപാത്രമായ ഗും ജായുടെ സഹായത്തോടെ വെറും അഞ്ച് മിനിറ്റിനുള്ളിൽ കുഞ്ഞിന് ജന്മം നൽകുന്നതുമാണ് കാണിക്കുന്നത്. എന്നാൽ, ഈ രംഗം യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നും. പ്രസവത്തിന്റെ വേദന, രക്തസ്രാവം, അല്ലെങ്കിൽ പിന്നീടുള്ള സങ്കീർണതകൾ എന്നിവ കാണിക്കാത്തതിനാൽ ശരിക്കും വെറും കെട്ടിചമച്ച പ്ലോട്ട് പോലെയാണ് എന്നാണ് പ്രേക്ഷകർ ആരോപിക്കുന്നത്.

സോഷ്യൽ മീഡിയയിൽ പ്രത്യേകിച്ച് എക്സ് പ്ലാറ്റ്ഫോമിൽ, പ്രേക്ഷകർ ഈ ഭാഗത്തില്‍ കടുത്ത നിരാശയാണ് പ്രകടിപ്പിച്ചു. "അഞ്ച് മിനിറ്റിനുള്ളിൽ പ്രസവം? രക്തസ്രാവമോ വേദനയോ ഇല്ലാതെ? ഇത് എന്താണ്?" എന്ന് ഒരു ഉപയോക്താവ് കുറിച്ചു. "ഗി-ഹന്‍ എന്ന നായകന് രണ്ട് തവണ ഫൈനൽ ഗെയിമിൽ എത്താൻ വേണ്ടിയാണോ ഇത്തരം ഒരു കാര്യം" എന്നാണ് മറ്റൊരാള്‍ ചോദിക്കുന്നത്. നേരത്തെ തന്നെ കുട്ടിയെ ചുറ്റിപറ്റിയുള്ള കഥയുടെ വികാസം നേരത്തെയും റിവ്യൂകളിലും മറ്റും വിമര്‍ശനം നേരിട്ടിരുന്നു.

'സ്ക്വിഡ് ഗെയിം' ഈ സീസൺ, ആറ് എപ്പിസോഡുകൾ മാത്രമുള്ളതും, സീസൺ 2-ന്‍റെ സംഭവങ്ങളുടെ തുടർച്ചയായാണ് മൂന്നാം സീസണ്‍. അതേ സമയം 'സ്ക്വിഡ് ഗെയിം' അമേരിക്ക എന്ന പുതിയ സീസണിലേക്ക് നയിക്കുന്ന ടെയില്‍ എന്‍റ് നല്‍കിയാണ് ഈ സീസണ്‍ അവസാനിക്കുന്നത്. പ്രമുഖ ഹോളിവുഡ് സംവിധായകന്‍ ഡേവിഡ് ഫിഞ്ചര്‍ ഈ സീരിസ് സംവിധാനം ചെയ്യും എന്നാണ് വിവരം.