മിനിസ്‌ക്രീന്‍ പ്രേക്ഷകരെ ഏറ്റവും ചിരിപ്പിച്ച താരജോഡികളാണ് ലോലിതനും മണ്ഡോദരിയുമായി സ്‌ക്രീനിലെത്തുന്ന ശ്രീകുമാറും സ്നേഹയും. അഭിനേതാക്കളായ സ്‌നേഹയുടെയും ശ്രീകുമാറിന്റെയും വിവാഹം ആരാധകര്‍ ഏറെ ആഹ്ളാദത്തോടെയായിരുന്നു ഏറ്റെടുത്തത്. ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ 'മറിമായ'ത്തിലെ 'ലോലിതനും' 'മണ്ഡോദരി'യും ജീവിതത്തില്‍ ഒരുമിക്കുന്ന വിശേഷം സോഷ്യല്‍ മീഡിയയും ആഘോഷമാക്കി. വിവാഹശേഷം സോഷ്യല്‍ മീഡിയയിലെ ഇരുവരുടെയും പോസ്റ്റുകള്‍ക്കും ചിത്രങ്ങള്‍ക്കുമൊക്കെ ആരാധകരുടെ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ആരാധകരുമായി നിരന്തരം സംസാരിക്കാനും ഇരുവരും സമയം കണ്ടെത്താറുണ്ട്.

ഇപ്പോഴിതാ തങ്ങളൊരുമിച്ച് ഒരു വര്‍ഷം തികഞ്ഞ സന്തോഷം വീഡിയോയിലൂടെ പങ്കുവച്ചിരിക്കുകയാണ് സ്‌നേഹ. ഞങ്ങളുടെ സന്തോഷ വിവാഹവാര്‍ഷികമാണ് എന്നുപറഞ്ഞ് ശ്രീകുമാറും ചിത്രം പങ്കുവച്ചിട്ടുണ്ട്. വിവാഹത്തിന് പകര്‍ത്തിയ വീഡിയോകള്‍ കൂട്ടിയിണക്കിയ വീഡിയോയാണ് സ്‌നേഹ പങ്കുവച്ചിരിക്കുന്നത്. ശ്രീകുമാറിനും സ്‌നേഹയ്ക്കും നിറയെ സ്‌നേഹവുമായി എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ആരാധകരെല്ലാം.

ലോക്ഡൗണ്‍കാലത്ത് ആരാധകരെ സന്തോഷിപ്പിക്കുന്നതിനായി പാട്ടും ഡാന്‍സുമെല്ലാമായി ദമ്പതികള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമായെന്ന് തോനുന്നേയില്ലെന്നും, ഇനിയും മുന്നോട്ടുള്ള കാലം ഹാപ്പിയായിതന്നെ മുന്നോട്ടുപോകട്ടെ എന്നെല്ലാമാണ് ആരാധകര്‍ പോസ്റ്റുകള്‍ക്ക് കമന്റ് ചെയ്തിരിക്കുന്നത്.