യേശുദാസിന്റെ ഗാനമാധുരിയറിയാതെ മലയാളിക്ക്  ഒരു ദിനം പോലും കടന്നുപോകാറില്ല. മലയാളിയുടെ നിത്യജീവിതവുമായി അത്രമേല്‍ ഇഴുകിച്ചേര്‍ന്ന ആ നാദത്തിന് കഴിഞ്ഞ ദിവസം എണ്‍പത്തിയൊന്നാം പിറന്നാളായിരുന്നു. സിനിമാമേഖലയിലെ എല്ലാ ആളുകളും ഗാനഗന്ധര്‍വ്വന് പിറന്നളാംശസകളുമായെത്തിയിരുന്നു. കൂട്ടത്തില്‍ ശ്രദ്ധിക്കപ്പെട്ടത് 28 ഗായകരുടെ ശബ്ദത്തില്‍ ശ്വേത മോഹനൊരുക്കിയ ഗന്ധര്‍വ ഗായകാ എന്ന പാട്ടായിരുന്നു.

എന്നാലിപ്പോള്‍ വൈറലായിരിക്കുന്നത് മറിമായം പരിപാടിയിലൂടെ മലയാളിക്ക് പ്രിയങ്കരനായ ശ്രീകുമാര്‍ പാടിയ പാട്ടാണ്. സാഗരങ്ങളെ പാടിയുണര്‍ത്തിയ എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ശ്രീകുമാര്‍ ദാസേട്ടന് പിറന്നാളാശംസകള്‍ പങ്കുവച്ചിരിക്കുന്നത്. ഇടയ്‌ക്കെല്ലാം ശ്രീകുമാര്‍ പാട്ടുകള്‍ പാടി സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറും, താരത്തിന്റെ ആരാധകര്‍ പാട്ടുകള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കാറുമുണ്ട്. സംഗീതത്തോട് ഒരുപാട് ആരാധനയുള്ള ശ്രീകുമാര്‍, പ്രിയപ്പെട്ട ഗുരുനാഥന് പിറന്നാളാശംസകള്‍ എന്നുപറഞ്ഞാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.