ദില്ലി: സണ്ണിലിയോണ്‍ അഭിനയിച്ച പുതിയ ചിത്രമായ അര്‍ജുന്‍ പാട്ടിയാല കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. പഞ്ചാബി താരം ദില്‍ജിത്ത് നായകനായ ചിത്രത്തില്‍ സണ്ണി ഒരു ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. ക്രൈസി ഹബിബീ വെര്‍സസ് ഡീസന്‍റ് മുണ്ടേ എന്ന് ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ ഗാനത്തിന് ശേഷം സണ്ണിയുടെ ക്യാരക്ടര്‍ സിനിമയിലെ മറ്റൊരു ക്യാരക്ടറിന് തന്‍റെ നമ്പര്‍ എന്ന് പറഞ്ഞ് ഒരു ഫോണ്‍ നമ്പര്‍ നല്‍കുന്നുണ്ട്.

ഇതാണ് ദില്ലി സ്വദേശി പുനിത് അഗര്‍വാള്‍ എന്ന് 27 കാരന് പുലിവാലായത്. ജൂലൈ 26ന് ചിത്രം ഇറങ്ങിയതിന് പിന്നാലെ എനിക്ക് നിരവധി കോളുകളാണ് വരുന്നത്. അവര്‍ക്ക് എല്ലാം സണ്ണി ലിയോണിനോട് സംസാരിക്കണം. ആദ്യം എന്നെ ആരെങ്കിലും കളിയാക്കുവാന്‍ ചെയ്യുന്നതാണെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ പിന്നീടാണ് കാര്യം മനസിലായത്. രാത്രിയും, പകലും നിരന്തരം ശല്യമായപ്പോള്‍ സിനിമയുടെ അണിയറക്കാരെ കോടതി കയറ്റാന്‍ പോലും തയ്യാറായി. സണ്ണിയുടെ ഫോണ്‍ നമ്പര്‍ കാരണം കുരുക്കിലായ ദില്ലി സ്വദേശി ഒരു വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. 

പലപ്പോഴും ഞാന്‍ അപമാനിക്കപ്പെട്ടു. ചിലര്‍ വിളിച്ച് നിരന്തരം അശ്ലീലം പറയാന്‍ ആരംഭിച്ചു. പൊലീസില്‍ പരാതി പറഞ്ഞെങ്കിലും കാര്യമുണ്ടായില്ലെന്ന് ഇയാള്‍ പറയുന്നു. എന്നാല്‍ സംഭവം വിവാദമായപ്പോള്‍ മാപ്പ് പറഞ്ഞ് സണ്ണി ലിയോണ്‍ തന്നെ രംഗത്ത് എത്തി. സൂം ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സണ്ണിലിയോണ്‍ ഇങ്ങനെ പറഞ്ഞു, ക്ഷമിക്കണം, ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് അറിയില്ലായിരുന്നു. സണ്ണി പറയുന്നു.