തൃശൂർ: ലക്ഷ്മി അമ്മാളിനും കൊച്ചനിയനും ആശംസകൾ നേർന്ന് നടൻ സുരാജ് വെഞ്ഞാറമൂട്. തന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലാണ് സുരാജ് ആശംസകൾ അറിയിച്ചിരിക്കുന്നത്. തൃശൂർ ജില്ലയിലെ രാമവർമ്മപുരം വൃദ്ധസദനത്തിലെ അന്തേവാസികളായിരുന്നു അറുപത്തഞ്ചു വയസ്സുള്ള കൊച്ചനിയനും അറുപത്തിനാല് വയസ്സുള്ള ലക്ഷ്മി അമ്മാളും. പങ്കാളികൾ മരിച്ചതിനെ തുടർന്ന് ഒറ്റയ്ക്കായിരുന്നു ഇവരുടെ ജീവിതം. ഒരേ വൃദ്ധസദനത്തിൽ താമസിക്കാനെത്തിയതോടെ ഒന്നിച്ച് ജീവിക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു. ലക്ഷ്മി അമ്മാളിന്റെ ഭർത്താ‌വിന്റെ സുഹൃത്തായിരുന്നു കൊച്ചനിയൻ. 22 വർഷം മുമ്പാണ് ലക്ഷ്മി അമ്മാളിന്റെ ഭർത്താവ് മരിച്ചത്.

സമൂഹമാധ്യമങ്ങളിൽ‌ വൈറലായിരുന്നു ഇവരുടെ വിവാഹഫോട്ടോയും വീഡിയോയും. കൃഷിമന്ത്രി വി എസ് സുനിൽകുമാറിന്റെയും തൃശൂർ മേയർ അജിതയുടെയും മേൽനോട്ടത്തിലാണ് വിവാഹം നടന്നത്. ഒപ്പം വൃദ്ധസദനത്തിലെ മറ്റ് അന്തേവാസികളും സംബന്ധിച്ചു. ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസം എന്ന് വിശേഷിപ്പിച്ച് മന്ത്രി സുനിൽകുമാർ തന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ വിവാഹം ചിത്രങ്ങളടക്കം പങ്കുവച്ചിരുന്നു. സംസ്ഥാനത്തെ വൃദ്ധസദനങ്ങളിൽ നടക്കുന്ന ആദ്യത്തെ വയോധിക വിവാഹമാണ് നടന്നതെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.

''സ്നേഹിക്കുവാനും കൂട്ടിരിക്കുവാനും താങ്ങാവാനും കൊതിക്കുന്നവർക്ക് എന്ത് പ്രായം? എന്ത് അവശതകൾ? നീണ്ട ദൂരങ്ങൾ സഞ്ചരിക്കുക കൈകോർത്തു പിടിച്ചുകൊണ്ട് സ്നേഹിച്ചു കൊണ്ടേയിരിക്കുക.'' ലക്ഷ്മി അമ്മാളിനും കൊച്ചനിയനും ആശംസ അറിയിച്ച് വീഡിയോ ഉൾപ്പെടെ സുരാജ് ഫേസ്ബുക്കിൽ കുറിക്കുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
ഒറ്റപ്പെട്ട യാത്രകളെ ഒറ്റമഴയുടെയോ ഒറ്റവെയിലിന്റെയോ ഒരൊറ്റ നിമിഷത്തിന്റെ ശൂന്യതയുടെയോ പേടിയിൽ ഉപേക്ഷിച്ചു കളഞ്ഞവരാണ് സ്നേഹിക്കുവാനും കൂട്ടിരിക്കുവാനും താങ്ങാവാനും കൊതിക്കുന്നവർക്ക് എന്ത് പ്രായം? എന്ത് അവശതകൾ? നീണ്ട ദൂരങ്ങൾ സഞ്ചരിക്കുക കൈകോർത്തു പിടിച്ചുകൊണ്ട് സ്നേഹിച്ചു കൊണ്ടേയിരിക്കുക. കൊച്ചനിയൻ ചേട്ടനും ലക്ഷ്മി അമ്മാളും .