തെരഞ്ഞെടുപ്പ് തിരക്കുകൾ കഴിഞ്ഞതിന് പിന്നാലെ പാപ്പന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ തിരിച്ചെത്തി സുരേഷ് ഗോപി. സെറ്റിലെ എല്ലാവർക്കും വിഷു കൈ നീട്ടവുമായിട്ടായിരുന്നു താരം എത്തിയത്. കൈ നീട്ടം നൽകുന്ന താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ഷൂട്ടിങിൽ നിന്നും ചെറിയ ഇടവേള സുരേഷ് ​ഗോപി എടുത്തിരുന്നു. 

ഏഴ് വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് പാപ്പന്‍. മാത്യൂസ് പാപ്പനെന്ന പൊലീസ് ഓഫിസറുടെ റോളിലാണ് സുരേഷ് ഗോപി എത്തുന്നത്. ആര്‍ ജെ ഷാന്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരേഷ്‌ഗോപിയുടെ 252-ാമത്തെ ചിത്രംകൂടിയാണിത്.

A very very special "Kyneettam" from my very special #paappan #SureshGopi Sureshgopi Official ❤❤ Team #paappan ❤❤ -...

Posted by Neeta Pillai on Thursday, 15 April 2021

മലയാളസിനിമയ്ക്ക് നിരവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് ജോഷി-സുരേഷ്‌ഗോപി. ലേലം, വാഴുന്നോര്‍, പത്രം, ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ് അങ്ങനെ പോകുന്നു ഹിറ്റുകളുടെ ആ നിര. നീണ്ട നാളുകള്‍ക്കുശേഷം ജോഷി പൊലീസ് സ്‌റ്റോറി ചെയ്യുന്നുവെന്നുമാത്രമല്ല സുരേഷ്‌ഗോപിയും പൊലീസ് വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സുരേഷ് ഗോപിക്കൊപ്പം മകന്‍ ഗോകുല്‍ സുരേഷും പ്രധാന റോളിലുണ്ട്. ഇരുവരും ഒരുമിച്ചെത്തുന്നത് ഇതാദ്യമാണ്. 

സൂപ്പർ ഹിറ്റായ പൊറിഞ്ചു മറിയം ജോസിന് ശേഷമുള്ള ജോഷിയുടെ ചിത്രമാണ് 'പാപ്പൻ'. ആശ ശരത്, കനിഹ, ചന്ദുനാഥ്‌, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.