മുംബൈ: പരസ്യ ചിത്രീകരണത്തിനിടെ ആന്‍റിയെന്ന് വിളിച്ച നാലുവയസ്സുകാരനെ അസഭ്യം പറഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി ബോളിവുഡ് നടി സ്വര ഭാസ്കര്‍. 'സണ്‍ ഓഫ് അബിഷ്' എന്ന ചാറ്റ് ഷോയിലാണ് നടി കരിയറിന്‍റെ തുടക്കത്തില്‍ തനിക്കൊപ്പം പരസ്യചിത്രത്തില്‍ അഭിനയിച്ച ബാലതാരത്തെ അപമാനിച്ചത്. എന്നാല്‍ അതൊരു കോമഡി പരിപാടിയായതിനാല്‍ തമാശയെന്ന നിലയില്‍ മാത്രമാണ് അക്കാര്യം ഷോയില്‍ പറഞ്ഞതെന്ന് സ്വര വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു. 

മുംബൈയിലെ ആദ്യത്തെ ഷൂട്ടിങ് അനുഭവത്തിനിടെയുണ്ടായ തമാശ വിവരിക്കുകയായിരുന്നു. വിവാദം തന്നെ ലക്ഷ്യമാക്കി ബോധപൂര്‍വ്വം സൃഷ്ടിച്ചതാണെന്നും മോശം വാക്കുകള്‍ ഉപയോഗിച്ചതിനെ ന്യായീകരിക്കുന്നില്ലെന്നും സ്വര പറഞ്ഞു. എന്നാല്‍ അത്തരം വാക്കുകള്‍ തമാശ രൂപേണ ഉപയോഗിച്ചതാണെന്നും നടി കൂട്ടിച്ചേര്‍ത്തു. കുട്ടിയെ അപമാനിച്ചിട്ടില്ല. എപ്പോഴും കുട്ടികളെ കരുതലോടെയും സ്നേഹത്തോടെയും അവര്‍ അര്‍ഹിക്കുന്ന വാത്സല്യത്തോടെയും മാത്രമെ സമീപിച്ചിട്ടുള്ളെന്നും താന്‍ ഇപ്പോഴും കുട്ടികളെപ്പോലെയാണെന്നും അവര്‍ പറഞ്ഞു.

പരസ്യ ചിത്രീകരണത്തിന്‍റെ സമയത്ത് താന്‍ ഏറെ അസ്വസ്ഥയായിരുന്നെന്നും ആന്‍റിയെന്ന് വിളിച്ച നാലുവയസ്സുകാരനാണ് ഇതിന് കാരണമെന്നും പറഞ്ഞ സ്വര ചാറ്റ് ഷോയില്‍ കുട്ടിയെക്കുറിച്ച് മോശം വാക്കുപയോഗിച്ചിരുന്നു. സ്വര ഭാസ്കര്‍ കുട്ടിയെ അസഭ്യം പറയുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ നടിയെ വിമര്‍ശിച്ചും പരിഹസിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. കുട്ടികള്‍ അടിസ്ഥാനപരമായി ചെകുത്താന്‍മാരാണെന്ന് സ്വര പരിപാടിയില്‍ പറഞ്ഞതും വിവാദമായിരുന്നു.