ദില്ലി: സിനിമയില്‍ നടന്മാര്‍ വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി തപ്സി പന്നു. തന്‍റെ പ്രതിഫലത്തില്‍ വര്‍ധനവ് ഉണ്ടായെന്നും എന്നാല്‍ നടന്‍മാരുടേതുമായി താരതമ്യം ചെയ്യുമ്പോള്‍ തനിക്ക് ലഭിക്കുന്നത് കുറഞ്ഞ പ്രതിഫലമാണെന്നും തപ്സി പറഞ്ഞു. ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രതിഫലത്തിന്‍റെ കാര്യത്തില്‍ കടുംപിടുത്തം പിടിക്കാറില്ലെന്ന് പറഞ്ഞ തപ്സി താന്‍ ഒറ്റത്തവണ തന്നെ ധാരാളം പണം വാരിക്കൂട്ടാനുള്ള ഓട്ടത്തിലല്ലെന്നും വ്യക്തമാക്കി. 

'കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ എന്‍റെ പ്രതിഫലം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഈ തുക എനിക്ക് ഒപ്പം അഭിനയിക്കുന്ന നടന്‍മാരുടെ പ്രതിഫലത്തില്‍ നിന്നും വളരെയധികം കുറവാണ്. ഞാന്‍ പറയുന്ന തുക നല്‍കുന്നതില്‍ നിര്‍മ്മാതാക്കള്‍ക്ക് സന്തോഷമാണ്. പക്ഷേ ഒരുതവണ കൊണ്ട് പണമുണ്ടാക്കാനുള്ള ഓട്ടത്തിലല്ല. എന്‍റെ പ്രതിഫലത്തിന്‍റെ പേരില്‍ ഒരു സിനിമയിലും ബുദ്ധിമുട്ട് ഉണ്ടാക്കാറില്ല'- തപ്സി പറഞ്ഞു.

'എനിക്ക് അഭിനയിക്കാന്‍ കഴിയുന്ന കഥാപാത്രമാണെന്ന് മറ്റുള്ളവര്‍ തീരുമാനിക്കുന്നതുവരെ അവരുടെ കരുണയ്ക്കായി വളരെയധികം നാളുകള്‍ ഞാന്‍ കാത്തിരുന്നിട്ടുണ്ട്. എന്നാല്‍ ഇന്ന് സിനിമകള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ എനിക്ക് കഴിയും'- തപ്സി കൂട്ടിച്ചേര്‍ത്തു. 'മുള്‍ക്ക്', 'മന്‍മര്‍സിയാന്‍', 'ബദ്ല' എന്നീ സിനിമകളിലൂടെ ബോളിവുഡില്‍ തിരക്കേറിയ നടിയായിരിക്കുകയാണ് തപ്സി. അക്ഷയ് കുമാര്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ അണിനിരന്ന 'മിഷന്‍ മംഗള്‍' ആയിരുന്നു തപ്സിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം.