Asianet News MalayalamAsianet News Malayalam

മഞ്‍ജു വാര്യരുടെ 'രാജമാണിക്യം'; മമ്മൂട്ടിക്ക് വേറിട്ട പിറന്നാളാശംസയുമായി ടീം 'വെള്ളരിക്കാ പട്ടണം'

സംവിധായകനൊപ്പം ശരത് കൃഷ്‍ണയും ചേര്‍ന്ന് രചന നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ഫുള്‍ഓണ്‍ സ്റ്റുഡിയോസ് ആണ്

Team Vellarikka pattanam wishes Mammootty happy birthday in a different way video
Author
Thiruvananthapuram, First Published Sep 7, 2021, 9:35 PM IST

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ദിനമായ ചൊവ്വാഴ്ച അദ്ദേഹത്തിന് പലരും പലതരത്തില്‍ ആശംസയര്‍പ്പിച്ചെങ്കിലും വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമായത് 'വെള്ളരിക്കാപട്ടണം'സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയ മോഷന്‍ പോസ്റ്റര്‍ ആണ്. ചിത്രത്തിലെ പ്രധാന താരങ്ങളായ മഞ്ജുവാര്യരും സൗബിന്‍ ഷാഹിറും മമ്മൂട്ടിയുടെ സിനിമകളില്‍ നിന്നുള്ള രംഗങ്ങള്‍ക്കൊത്ത് അണിനിരക്കുന്ന മോഷന്‍ പോസ്റ്ററാണ് ഇവര്‍ ഒരുക്കിയത്. ചൊവ്വാഴ്ച വൈകിട്ട് പുറത്തിറങ്ങിയ മോഷന്‍ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞു.

ഒരു വടക്കന്‍വീരഗാഥ,വിധേയന്‍,അമരം,രാജമാണിക്യം എന്നീ ചിത്രത്തിലെ രംഗങ്ങളാണ് മോഷന്‍ പോസ്റ്ററിലുള്ളത്. ചന്തുവായും,പട്ടേലറായും,അച്ചൂട്ടിയായും,ബെല്ലാരി രാജയായും മഞ്ജു വാര്യര്‍ എത്തുമ്പോള്‍ ആരോമലുണ്ണി, തൊമ്മി,രാഘവന്‍,ചാമിയാര്‍ എന്നീ കഥാപാത്രങ്ങളായാണ് സൗബിന്‍ പോസ്റ്ററിലുള്ളത്. അവസാനം ചിത്രത്തിന്റെ സസ്‌പെന്‍സ് ഒളിപ്പിച്ചുവച്ചിരിക്കുന്നതുപോലെ പ്രെയ്‌സ് ദി ലോഡ് എന്ന സിനിമയില്‍ നിന്നുള്ള ഡയലോഗുമുണ്ട്. പശ്ചാത്തലത്തില്‍ മമ്മൂട്ടിയുടെ ശബ്ദത്തിലുള്ള സംഭാഷണങ്ങള്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.

 'കേരളം ലോകസിനിമയ്ക്ക് നൽകിയ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ് മമ്മൂക്ക. അഭിനയത്തില്‍ അദ്ദേഹം അരനൂറ്റാണ്ട് പിന്നിടുന്ന ഈ സമയത്തുവരുന്ന പിറന്നാളിന് പ്രത്യേകതയുണ്ട്. മമ്മൂക്കയോടുള്ള ആദരവ് എങ്ങനെ പ്രേക്ഷകരിലേക്കെത്തിക്കും എന്ന ആലോചനയില്‍ പിറന്നതാണിത്', ചിത്രത്തിന്‍റെ സംവിധായകന്‍ മഹേഷ് വെട്ടിയാര്‍ പറയുന്നു. 'മമ്മൂക്കയുടെ സിനിമകളില്‍ നിന്ന് നാലെണ്ണം തിരഞ്ഞെടുക്കുക എന്നത് അസാധ്യമായ കാര്യമാണ്. എങ്കിലും പ്രേക്ഷകപ്രീതി നേടിയതും ഞങ്ങളുടെ സിനിമയുടെ ആശയത്തോട് ചേര്‍ന്നു നില്‍ക്കുന്നതുമായവയില്‍ നിന്ന് നാലെണ്ണം മാത്രം ഉപയോഗിക്കുകയായിരുന്നു. ഡ്യുവല്‍ എന്ന ആശയമായിരുന്നു മാനദണ്ഡം', മഹേഷ് പറഞ്ഞു.

കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം നീണ്ടുപോയ 'വെള്ളരിക്കാപട്ടണ'ത്തിന്റെ ചിത്രീകരണം മഞ്ജുവാര്യരും സൗബിനും ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയായാലുടന്‍ തുടങ്ങും. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ്. ഗൗതംശങ്കര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിങ് അപ്പുഭട്ടതിരിയും അര്‍ജുന്‍ ബെന്നും ചേര്‍ന്ന് നിര്‍വഹിക്കുന്നു. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. എ.ആര്‍.റഹ്മാനോടൊപ്പം പ്രവര്‍ത്തിക്കുന്ന സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്ററും ശ്രദ്ധനേടിയിരുന്നു. അനില്‍കപൂര്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ പ്രമുഖര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തു.

 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios