അഭിനയ മേഖലയിലേക്ക് വീണ്ടും എത്തുന്ന സന്തോഷം കഴിഞ്ഞ ദിവസം താരം പങ്കുവച്ചിരുന്നു

നടി രേഖ രതീഷിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു പഠിപ്പുര വീട്ടില്‍ പത്മാവതി. പരസ്പരം പരമ്പരയില്‍ വിവേക് ഗോപനും ഗായത്രി അരുണും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്ക് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. പഠിച്ച് ഐപിഎസ് നേടാന്‍ ആഗ്രഹിച്ച ദീപ്തി, സൂരജ് എന്ന ബേക്കറിയുടമയുടെ ഭാര്യയാവുന്നതിലൂടെയാണ് കഥ തുടങ്ങുന്നത്. മരുമക്കള്‍ അടുക്കളയില്‍ ഒതുങ്ങണമെന്ന പത്മാവതിയുടെ നിലപാട് തിരുത്തിയെഴുതുകയായിരുന്നു ദീപ്തി. തുടക്കത്തിലെ വില്ലത്തരമൊക്കെ മാറ്റി സ്‌നേഹത്തിന്റെ നിറകുടമായി മാറുകയായിരുന്നു പത്മാവതി പിന്നീട്.

ഇപ്പോഴിതാ നടി അശ്വതി പങ്കുവെച്ച പോസ്റ്റ്‌ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. കുങ്കുമപ്പൂവിലെ വില്ലത്തിയായി തിളങ്ങിനിന്ന സമയത്ത് ഇടയ്‌ക്കൊരു ദിവസം പരസ്പരത്തിലും അഭിനയിച്ചതിനെക്കുറിച്ചാണ് അശ്വതിയുടെ പുതിയ പോസ്റ്റ്. "അത്തിമുറ്റത്തും സ്നേഹതീരത്തും വഴക്കിട്ട് വഴക്കിട്ട് ആരും മിണ്ടാതായപ്പോൾ അമല പഠിപ്പുര വീട്ടിലെ പദ്മാവതിയോട് ഒന്ന് ഇണങ്ങാൻ പോയതാ. അവർക്ക് അമലയെ നല്ല ബോധ്യമുള്ളത് കൊണ്ടാണെന്ന് തോന്നുന്നു. അടുപ്പിച്ചില്ല. കുങ്കുമപ്പൂവിൽ നിന്ന് പരസ്പരത്തിലേക്ക് ഒരു ദിവസം പോയതാണ്. താങ്ക് യൂ ധനീഷേട്ടാ, വീഡിയോ അയച്ചു തന്നതിന്. ആരെങ്കിലും ഈ എപ്പിസോഡ് കണ്ടിട്ടുണ്ടായിരുന്നോ? ടെലികാസ്റ്റിംഗ് സമയത്ത് എനിക്ക് കാണാൻ പറ്റാതിരുന്ന വിഷമം 11 വർഷങ്ങൾക്കു ശേഷം മാറിക്കിട്ടി", അശ്വതി കുറിച്ചു.

അഭിനയ മേഖലയിലേക്ക് വീണ്ടും എത്തുന്ന സന്തോഷം കഴിഞ്ഞ ദിവസം താരം പങ്കുവെച്ചിരുന്നു. "9 വര്‍ഷത്തെ ഇടവേള അവസാനിപ്പിക്കുകയാണ്. സുസു സുരഭിയിലൂടെയായി ഞാന്‍ വീണ്ടും എത്തുകയാണ്". നിങ്ങളുടെ സ്‌നേഹവും പിന്തുണയും വേണമെന്നുമായിരുന്നു താരം പറഞ്ഞത്.

View post on Instagram

എതിര്‍ത്തവരെക്കൊണ്ട് വരെ കൈയ്യടിപ്പിച്ചായിരുന്നു ദീപ്തി എന്ന കഥാപാത്രം മുന്നേറിയത്. തുടക്കത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയിരുന്നു പരമ്പര. ക്ലൈമാക്‌സിനെക്കുറിച്ച് സമ്മിശ്ര അഭിപ്രായങ്ങളായിരുന്നു ഉയര്‍ന്നത്. കുങ്കുമപ്പൂവും പരസ്പരവുമൊന്നും ആരാധകർ മറന്നിട്ടില്ലെന്നതിന്റെ തെളിവ് കമന്റ് ബോക്സിൽ കാണാം.

ALSO READ : 'കഷ്ടപ്പെട്ടിട്ട് തന്നെയാണ് ഭാരം കുറച്ചത്'; വെയ്റ്റ് ലോസ് ശ്രമങ്ങളെക്കുറിച്ച് മഷൂറ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം