തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലക്കാര്‍ക്കാണ് വിജയ് ഇന്നലെ ദുരിതാശ്വാസ സഹായം നല്‍കിയത്
ബിഗ് സ്ക്രീനിലെ രക്ഷകനെന്ന് പലപ്പോഴും പരിഹാസം നേരിടാറുള്ളയാളാണ് തമിഴ് താരം വിജയ്. അദ്ദേഹം നായകനാവുന്ന ചിത്രങ്ങളുടെ കഥകളിലെ സമാനസ്വഭാവം ചൂണ്ടിക്കാട്ടിയാണ് മുന്‍പ് ഈ ആരോപണം ഉയര്‍ന്നിരുന്നത്. അന്നാല്‍ സാമൂഹിക പ്രതിബന്ധതയും ഒരു പൗരന്‍ എന്ന നിലയിലുള്ള ഉത്തരവാദിത്തബോധവുമൊന്നും വിജയ്ക്ക് ഓണ്‍ സ്ക്രീനില്‍ മാത്രമല്ല ഉള്ളതെന്ന് അദ്ദേഹത്തെ അറിയുന്നവര്‍ക്ക് അറിവുള്ള കാര്യവുമാണ്. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പലപ്പോഴും സജീവമായി പങ്കെടുത്തിട്ടുള്ള വിജയ് ഇപ്പോള്‍ ചിത്രങ്ങളായും വീഡിയോകളായും സോഷ്യല്‍ മീഡിയയില്‍ നിറയുന്നതും അത്തരത്തിലൊരു കാരണം കൊണ്ടാണ്.
വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിച്ചവര്‍ക്കുള്ള സഹായ വിതരണവുമായി വിജയ് ഇന്നലെ എത്തിയിരുന്നു. തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലക്കാര്‍ക്കാണ് അവശ്യ സാധനങ്ങളുമായി വിജയ് എത്തിയത്. അദ്ദേഹം തന്നെയാണ് കിറ്റുകള്‍ വിതരണം ചെയ്തതും. വേദിയില്‍ നിന്നുള്ള രസകരമായ പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതിലൊന്ന് കിറ്റ് വാങ്ങാതെ, പ്രിയ താരത്തിനൊപ്പമുള്ള ഒരു സെല്‍ഫിയെടുത്ത് പോകുന്ന ഒരു പെണ്‍കുട്ടിയുടേതാണ്. യുവാക്കളില്‍ പലരും അദ്ദേഹത്തിനൊപ്പം സെല്‍ഫിയെടുത്തെങ്കിലും കിറ്റ് വാങ്ങാതെ പോയത് ഈ പെണ്‍കുട്ടി മാത്രമാണ്. കിറ്റ് വേണ്ടേ എന്ന് ചോദിക്കുന്ന വിജയ്‍യെയും വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടിയെയും ഇത് കണ്ട് ചിരിക്കുന്ന ഒപ്പമുള്ളവരെയും വീഡിയോയില്‍ കാണാം.
ലോകേഷ് കനകരാജിന്റെ സംവിധാനത്തിലെത്തിയ ലിയോ ആയിരുന്നു വിജയ്‍യുടേതായി തിയറ്ററുകളിലെത്തിയ അവസാന ചിത്രം. തമിഴ് സിനിമയില്‍ 2023 ലെ ഏറ്റവും വലിയ വിജയമായി മാറി ഈ ചിത്രം. വെങ്കട് പ്രഭുവാണ് അദ്ദേഹത്തിന്‍റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ്‍യുടെ ഫിലിമോഗ്രഫിയിലെ 68-ാം ചിത്രമാണിത്. വെങ്കട് പ്രഭുവും വിജയ്‍യും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്നതുകൊണ്ടുതന്നെ ഇതിനകം പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റുമാണ് ഇത്.
ALSO READ : ബിഗ് ബോസ് മുന്‍ താരം ശാലിനി നായര്‍ വിവാഹിതയായി, വരന്‍ ദിലീപ്
