Asianet News MalayalamAsianet News Malayalam

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് പുറത്ത് മണിക്കൂറുകള്‍ കാത്തുനിന്ന് ആരാധകര്‍; ഒടുവില്‍ സെല്‍ഫിയെടുത്ത് വിജയ്

താന്‍ നായകനാവുന്ന പുതിയ ചിത്രം ഗോട്ടിന്‍റെ (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) ചിത്രീകരണത്തിനായി ഇന്നലെയാണ് വിജയ് തിരുവനന്തപുരത്ത് എത്തിയത്. 

thalapathy vijay took selfie with fans outside greenfield stadium thiruvananthapuram nsn
Author
First Published Mar 19, 2024, 8:38 PM IST

ആരാധകരുമായി ഊഷ്മളമായ ബന്ധം സൂക്ഷിക്കുന്ന താരമാണ് വിജയ്. ആരാധകര്‍ക്കൊപ്പമുള്ള അദ്ദേഹത്തിന്‍റെ സെല്‍ഫികള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും തരംഗം തീര്‍ത്തിട്ടുണ്ട്. ഇപ്പോഴിതാ തിരുവനന്തപുരത്തും അദ്ദേഹം തന്‍റെ ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുത്തിരിക്കുകയാണ്.

താന്‍ നായകനാവുന്ന പുതിയ ചിത്രം ഗോട്ടിന്‍റെ (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) ചിത്രീകരണത്തിനായി ഇന്നലെയാണ് വിജയ് തിരുവനന്തപുരത്ത് എത്തിയത്. ഏതാനും ദിവസം നീളുന്ന ചിത്രീകരണത്തില്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും രാജ്യാന്തര വിമാനത്താവളവും ചിത്രത്തിന്‍റെ ലൊക്കേഷനുകളാണ്. ഗ്രീന്‍ഫീല്‍സ് സ്റ്റേഡിയത്തില്‍ വച്ച് വിജയ് ആരാധകരെ കാണുമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് വലിയ ആരാധകക്കൂട്ടമാണ് വൈകുന്നേരത്തോടെ സ്റ്റേഡിയത്തിന് സമീപം എത്തിയത്. മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവില്‍ വാഹനത്തിന് മുകളില്‍ കയറി ആരാധകരുടെ പശ്ചാത്തലത്തില്‍ വിജയ് സെല്‍ഫി എടുത്തു. ഇവിടെനിന്നുള്ള ചിത്രങ്ങളും വീഡിയോകളും എക്സ് അടക്കമുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ കാര്യമായി പ്രചരിക്കുന്നുണ്ട്.

 

അതേസമയം ആരാധകരുടെ ആവേശത്തള്ളലില്‍ തിരുവനന്തപുരത്ത് ഇന്നലെ വിജയ് സഞ്ചരിച്ച കാറിന് സാരമായ കേടുപാടുകള്‍ പറ്റിയിരുന്നു. വന്‍ പൊലീസ് സന്നാഹവും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നുവെങ്കിലും വിമാനത്താവളത്തിന്‍റെ ആഭ്യന്തര ടെര്‍മിനലില്‍ നിന്നും ഹോട്ടലിലേക്ക് ഏറെ പണിപ്പെട്ടാണ് വിജയ്‍യെ എത്തിച്ചത്. ആരാധകര്‍ക്കിടയിലൂടെ ഏറെ പ്രയാസപ്പെട്ടാണ് അദ്ദേഹത്തിന്‍റെ കാര്‍ നീക്കാനായത്. ഹോട്ടലില്‍ എത്തിയതിന് ശേഷമുള്ള വിജയ്‍യുടെ കാറിന്‍റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കാറിന്‍റെ ചില്ല് തകര്‍ന്ന് ക്യാബിന് ഉള്ളിലേക്ക് വീണിരുന്നു. ഡോര്‍ അടക്കം ചളുങ്ങിയിട്ടുമുണ്ടായിരുന്നു.

 

നേരത്തെ ശ്രീലങ്കയില്‍ ചിത്രീകരണം നിശ്ചയിച്ചിരുന്ന ഭാഗങ്ങളാണ് തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. ഇതിന് മുന്നോടിയായി സംവിധായകന്‍ വെങ്കട് പ്രഭു ലൊക്കേഷന്‍ സന്ദര്‍ശനത്തിനായി നേരത്തെ തിരുവനന്തപുരത്ത് എത്തിയിരുന്നു. ഇത് ആദ്യമായാണ് ഒരു വിജയ് ചിത്രം കേരളത്തില്‍ ചിത്രീകരിക്കുന്നത്. 14 വര്‍ഷം മുന്‍പാണ് വിജയ് ഇതിനുമുന്‍പ് കേരളത്തില്‍ വന്നത്. അത് കാവലന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ആയിരുന്നു. 

ALSO READ : പ്രതീക്ഷ നല്‍കി, കത്തിക്കയറി, ഇമോഷണലായി; ബി​ഗ് ബോസിൽ ഋഷിക്ക് സംഭവിക്കുന്നത് എന്ത്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Follow Us:
Download App:
  • android
  • ios