അപ്രതീക്ഷിത ട്വിസ്റ്റിലൂടെ സാന്ത്വനം

മനോഹരമായ കുടുംബനിമിഷങ്ങളും പ്രണയവും മലയാളിക്ക് മുന്നിലെത്തിക്കുന്ന പരമ്പരയാണ് സാന്ത്വനം. എല്ലാ പ്രായക്കാരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന പരമ്പര റേറ്റിംഗിലും മുന്നിലാണ്. പരമ്പരയിലെ പ്രധാന താരങ്ങളായ ശിവന്‍റെയും അഞ്ജലിയുടെയും വലിയൊരു പിണക്കത്തിന് ശേഷമുള്ള മനോഹരമായ പ്രണയത്തിലൂടെയാണ് പരമ്പര മുന്നോട്ട് പോയിരുന്നത്. എന്നാലിപ്പോള്‍ പരമ്പര അപ്രതീക്ഷിതമായ ട്വിസ്റ്റിലൂടെയാണ് മുന്നോട്ടു പോകുന്നത്. അഞ്ജലിയുടെ അച്ഛന്‍ ശങ്കരനും അമ്മ സാവിത്രിയും വീട് നഷ്ടമായി പുറത്തേക്ക് ഇറങ്ങേണ്ടി വന്നിരിക്കുകയാണ്.

വീട്ടിലെ മരുമകളായ അപര്‍ണയുടെ അച്ഛന്‍ തമ്പി കിട്ടാനുള്ള കടത്തിന്‍റെ പേരില്‍ ശങ്കരനെയും സാവിത്രിയെയും ഇറക്കിവിട്ടിരിക്കുകയാണ്. അഞ്ജലിയുടെ വിവാഹത്തിനും മറ്റുമായി വാങ്ങിയ കടത്തിന്‍റെ അടവ് മുടങ്ങിയതാണ് ഇതിനു കാരണം. നാട്ടിലെ പ്രമാണിയായ തമ്പിയുടെ മകളായ അപര്‍ണ സാന്ത്വനം വീട്ടിലെ ഹരിയെ വിവാഹം കഴിക്കുന്നതോടെയായിരുന്നു തമ്പിയ്ക്ക് സാന്ത്വനം വീടിനോട് പക തുടങ്ങിയത്. അഞ്ജലിയുടെ അമ്മായിയായ ജയന്തിയാണ് തമ്പിയെ ഇതിന് പ്രേരിപ്പിച്ചത്. ശങ്കരന്‍റെ അവസ്ഥ ബന്ധുക്കളും മറ്റും അറിയാതിരിക്കാനായി ശിവന്‍ ശങ്കരനെ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുകയും മറ്റാരുമറിയാതെ സഹായിക്കുകയുമായിരുന്നു.

എന്നാല്‍ പുതിയ എപ്പിസോഡില്‍ സാന്ത്വനം വീട്ടിലേക്കെത്തിയ സാവിത്രിയും ജയന്തിയും കാര്യങ്ങളെല്ലാംതന്നെ എല്ലാവരോടും പറയുന്നുണ്ട്. അഞ്ജലിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കൂട്ടുകാരന് എന്നുപറഞ്ഞ് ശിവന്‍ അഞ്ജലിയുടെ കയ്യില്‍നിന്ന് വാങ്ങുകയും, ശങ്കരന് കൊടുക്കുകയും ചെയ്യുന്നുണ്ട്. അത് വിറ്റാല്‍ കടം വീട്ടാനുള്ള തുകയുടെ ഏകദേശം കിട്ടുമെന്നും, അങ്ങനെ കടം വീട്ടാം എന്നുമാണ് ശിവനും ശങ്കരനും പറയുന്നതും. എന്നാല്‍ സ്വര്‍ണ്ണം വിറ്റ് പണവുമായി തമ്പിയെ കാണാനെത്തുന്ന ശങ്കരനെ തമ്പി അവഹേളിച്ച് ഇറക്കി വിടുകയാണ്. എന്നാല്‍ കാര്യമറിഞ്ഞ് തമ്പിയെ തല്ലാനെത്തുന്ന ശിവനെയാണ് പുതിയ പ്രൊമോയില്‍ കാണുന്നത്. സംഘര്‍ഭരിതമായ എപ്പിസോഡുകളാണ് ഇനി വരാനിരിക്കുന്നത്.