സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്‍ത 'വഴക്കി'ലെ പ്രകടനത്തിനാണ് പുരസ്‍കാരം

വലിയ വിമര്‍ശനങ്ങള്‍ക്ക് ഇട നല്‍കാത്ത സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനമാണ് ഇക്കുറി നടന്നത്. ബംഗാളി സംവിധായകന്‍ ഗൌതം ഘോഷ് ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ നിശ്ചയിച്ചത്. മമ്മൂട്ടി മികച്ച നടനും വിന്‍സി അലോഷ്യസ് മികച്ച നടിയുമായ അവാര്‍ഡില്‍ മികച്ച ബാലതാരത്തിനുള്ള (പെണ്‍) പുരസ്കാരം നേടിയത് തന്മയ സോള്‍ ആണ്. സനല്‍ കുമാര്‍ ശശിധരന്‍ ചിത്രം വഴക്കിലെ പ്രകടനമാണ് തന്മയയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. എന്നാല്‍ ഇന്നത്തെ പുരസ്കാര പ്രഖ്യാപനം നടക്കുമ്പോള്‍ തന്മയ വീട്ടില്‍ ഉണ്ടായിരുന്നില്ല. മറിച്ച് സ്കൂളില്‍ നിന്ന് മടങ്ങുകയായിരുന്നു. വഴിയില്‍ കാത്തുനില്‍ക്കുന്ന പ്രിയപ്പെട്ടവരാണ് അവാര്‍ഡ് നേട്ടത്തിന്‍റെ വിവരം ആദ്യമായി തന്മയയെ അറിയിക്കുന്നത്. ഇതിന്‍റെ രസകരമായ വീഡിയോ അവര്‍ പുറത്ത് വിട്ടിട്ടുണ്ട്.

തന്മയയെ കാത്ത് കാറില്‍ ഇരിക്കുന്നവര്‍ അവളെ കാണുമ്പോള്‍ കാര്യം അറിഞ്ഞോ എന്നാണ് ആദ്യം ചോദിക്കുന്നത്. തുടര്‍ന്ന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു എന്നും പറയുന്നു. പറ്റിക്കാന്‍ പറയുകയാണെന്നാണ് തന്മയ ആദ്യം കരുതുന്നതെങ്കിലും ഫോണിലെ വാര്‍ത്ത കണ്ട് വിശ്വസിക്കുന്നുണ്ട്. പിന്നാലെയുള്ള സന്തോഷച്ചിരിയും വീഡിയോയില്‍ കാണാം. സിനിമയിലെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും സോള്‍ബ്രദേഴ്സ് എന്ന വീഡിയോഗ്രഫി സ്ഥാപനത്തിന്‍റെ മാനേജരുമായ ജിഷ്ണു വിജയന്‍ ആണ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. സോള്‍ബ്രദേഴ്സ് ഉടമയും ഫോട്ടോഗ്രാഫറുമായ അരുണ്‍ സോളിന്‍റെ മകളാണ് തന്മയ സോള്‍. തന്മയയ്ക്ക് പുരസ്കാരം ലഭിച്ച, സനല്‍കുമാര്‍ ശശിധരന്‍ ചിത്രം വഴക്കിന്‍റെ അസോസിയേറ്റ് ഡയറക്ടറുമായിരുന്നു അരുണ്‍.

ടൊവിനോ തോമസ് നായകനാവുന്ന വഴക്കില്‍ കനി കുസൃതി, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, ഭൃഗു, വിശ്വജിത്ത് എസ് വി, ബൈജു നെറ്റോ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. ടൊവീനോ തോമസ് പ്രൊഡക്ഷന്‍സും പാരറ്റ് മൗണ്ട് പിക്ചേഴ്സും സംയുക്തമായാണ് നിര്‍മ്മാണം.

ALSO READ : മമ്മൂട്ടി എന്തുകൊണ്ട് 'ബെസ്റ്റ് ആക്റ്റര്‍'? ജൂറിയുടെ വിലയിരുത്തല്‍ ഇങ്ങനെ