Asianet News MalayalamAsianet News Malayalam

'ഒരാഴ്‍ചയ്ക്കിടെ 12 തവണ തീയേറ്ററില്‍ കണ്ട സിനിമ'; അഞ്ജലി മേനോന്‍ പറയുന്നു

വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കാണുമ്പോഴും ഈ ചിത്രം അങ്ങേയറ്റം ആകര്‍ഷകമായി തുടരുന്നുവെന്നും അഞ്ജലി പറയുന്നു. 'അതിലെ ഓരോ കഥാപാത്രത്തിനും പല തലങ്ങളുണ്ട്.  ഈ സിനിമയെ ആഴത്തില്‍ അപഗ്രഥിക്കാനോ അപനിര്‍മ്മിക്കാനോ പ്രയാസമാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്..'

the film i saw 12 times in a theatre in a week says anjali menon
Author
Thiruvananthapuram, First Published May 13, 2020, 10:37 PM IST

ജീവിതത്തിലെ എക്കാലത്തെയും പ്രിയങ്കരമായ സിനിമകളില്‍ ഒന്നിനെക്കുറിച്ചു പറയുകയാണ് മലയാളികളുടെ പ്രിയസംവിധായിക അഞ്ജലി മേനോന്‍. ഒരാഴ്‍ചയ്ക്കിടെ തീയേറ്ററില്‍ നിന്ന് ഈ ചിത്രം 12 തവണയാണ് കണ്ടതെന്ന് അഞ്ജലി പറയുന്നു. ലണ്ടന്‍ ഫിലിം സ്‍കൂളില്‍ വിദ്യാര്‍ഥി ആയിരുന്ന കാലത്തായിരുന്നു അത്. ദി ഹിന്ദുവിന്‍റെ ഇന്‍സ്റ്റഗ്രാം ലൈവ് അഭിമുഖത്തിലായിരുന്നു അഞ്ജലി മേനോന്‍റെ പ്രതികരണം.

മീര നായരുടെ സംവിധാനത്തില്‍ 2001ല്‍ പുറത്തെത്തിയ മണ്‍സൂണ്‍ വെഡ്ഡിംഗ് എന്ന സിനിമയെക്കുറിച്ചാണ് അഞ്ജലി മേനോന്‍ പറയുന്നത്. വെനീസ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമയ്ക്കുള്ള ഗോള്‍ഡന്‍ ലയണ്‍ പുരസ്കാരം ലഭിച്ച വാര്‍ത്തയിലാണ് ഈ സിനിമയെക്കുറിച്ച് ആദ്യം കേള്‍ക്കുന്നതെന്നും അഞ്ജലി മേനോന്‍ പറയുന്നു. "സത്യജിത്ത് റായ്ക്ക് ശേഷം ഇന്ത്യയില്‍ നിന്നുള്ള മറ്റൊരാള്‍ക്ക് ആ പുരസ്കാരം ലഭിക്കുന്നത് ആദ്യമായിരുന്നു. പഠനത്തിന്‍റെ ഭാഗമായുള്ള ഡിസര്‍ട്ടേഷന്‍ നടത്തിയതും ഈ ചിത്രത്തിലായിരുന്നു. തുടര്‍ന്ന് മീര നായരെ ഇന്‍റര്‍വ്യൂ ചെയ്യാനും ഒരു അവസരം ലഭിച്ചു", അഞ്ജലി പറയുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കാണുമ്പോഴും ഈ ചിത്രം അങ്ങേയറ്റം ആകര്‍ഷകമായി തുടരുന്നുവെന്നും അഞ്ജലി പറയുന്നു. അതിലെ ഓരോ കഥാപാത്രത്തിനും പല തലങ്ങളുണ്ട്.  ഈ സിനിമയെ ആഴത്തില്‍ അപഗ്രഥിക്കാനോ അപനിര്‍മ്മിക്കാനോ പ്രയാസമാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. ഓരോ തവണ കാണുമ്പോഴും ആ കുടുംബത്തിലെ ഒരു അംഗമായി മാറാറുണ്ട് ഞാന്‍. ജീവിതം പോലെ യഥാതഥമായി തോന്നാറുണ്ട് മണ്‍സൂണ്‍ വെഡ്ഡിംഗ്", അഞ്ജലി മേനോന്‍ പറയുന്നു. 2018ല്‍ പുറത്തെത്തിയ കൂടെ ആണ് അഞ്ജലി മേനോന്‍റെ സംവിധാനത്തിലെത്തിയ അവസാന ചിത്രം. ബാംഗ്ലൂര്‍ ഡെയ്‍സ് കഴിഞ്ഞ് നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു ഈ ചിത്രം.

Follow Us:
Download App:
  • android
  • ios