ചെറുപ്പം മുതല്‍ക്കേ പരിചിതരാണ് വിനായകും ഹരിതയും. ജീവിതത്തിലെ പുതിയൊരു വഴിത്തിരിവ് എന്നതിലുപരിയായി പുതിയൊരു വീട്ടിലേക്ക് ചെല്ലുന്നു എന്ന പ്രശ്‌നമൊന്നും അലട്ടുന്നില്ലെന്നാണ് ഹരിത പറയുന്നത്.

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കസ്തൂരിമാന്‍ (Kasthooriman) എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലൂടെ മലയാളിക്ക് പരിചിതയായ ഹരിത (haritha g nair) വിവാഹിതയാകുന്നു. കസ്തൂരിമാനില്‍ ശ്രീക്കുട്ടിയായി തിളങ്ങിയതിനുശേഷം സൂര്യയിലെ (Surya t.v) പരമ്പരയായ 'തിങ്കള്‍ കലമാനില്‍' (Thinkal kalaman) കീര്‍ത്തിയായും എത്തിയിരുന്നു ഹരിത. നേഴ്സിംഗ് പഠനത്തിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു റിയാലിറ്റി ഷേയിലേക്കും അവിടെനിന്ന് അഭിനയത്തിലേക്കും ഹരിതയെത്തുന്നത്. ഉടനെയൊന്നും വിവാഹത്തിലേക്കില്ല എന്ന് പറഞ്ഞ ഹരിതയുടെ വിവാഹം സന്തോഷത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. ഒരാഴ്ച മുമ്പായിരുന്നു ഹരിതയുടെ വിവാഹ നിശ്ചയം. സ്‌ക്രീനിലേക്ക് എത്തുന്നില്ലെങ്കിലും സിനിമയുടെ ജീവനാഡിയായുള്ള വിനായകനാണ് (Vinayakan) ഹരിതയുടെ വരന്‍.

അടുത്തിടെ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ ട്വല്‍ത് മാനിനുവേണ്ടി എഡിറ്റിംഗ് നിര്‍വഹിച്ച് കയ്യടി വാങ്ങിയ ആളാണ് വിനായകന്‍. മനോഹരമായ ട്രാന്‍സിഷനാണല്ലോ മൂവി മുഴുവന്‍ എന്നുപറഞ്ഞ മിക്കവരും ഗൂഗിളില്‍ തിരഞ്ഞ പേരാണ് വിനായകന്റേത്. ട്വല്‍ത് മാന്‍ കൂടാതെ, ദൃശ്യം രണ്ട്, തമിഴ് ചിത്രമായ തമ്പി തുടങ്ങിയവയുടേയും എഡിറ്ററാണ് വിനായകന്‍. 'അളിയാ നീയും പെട്ടു' എന്ന ക്യപ്ഷനോടെ ഫിലിം ഡയറക്ടറും സീരിയല്‍ താരം റബേക്കയുടെ ഭര്‍ത്തവുമായ ശ്രീജിത്താണ് ഇരുവരുടേയും നിശ്ചയത്തിന്റെ വീഡിയോ ആദ്യം പങ്കുവച്ചത്. പിന്നീട് വിനായകും ഹരിതയും ചിത്രങ്ങളും മറ്റും പങ്കുവയ്ക്കുകയായിരുന്നു. ചെറുപ്പം മുതല്‍ക്കേ പരിചിതരാണ് വിനായകും ഹരിതയും. ജീവിതത്തിലെ പുതിയൊരു വഴിത്തിരിവ് എന്നതിലുപരിയായി പുതിയൊരു വീട്ടിലേക്ക് ചെല്ലുന്നു എന്ന പ്രശ്‌നമൊന്നും അലട്ടുന്നില്ലെന്നാണ് ഹരിത പറയുന്നത്.

ത്രികോണ പ്രണയത്തിന്റെ കഥപറഞ്ഞ് മലയാളിക്കിടയില്‍ ചര്‍ച്ചയായ പരമ്പരയാണ് തിങ്കള്‍ കലമാന്‍ (Thinkal kalaman). സൂര്യ ടി.വിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പര മനോഹരമായ പ്രണയകഥ പറഞ്ഞ് റേറ്റിംഗോടെ മുന്നോട്ട് പോവുകയാണുണ്ടായത്. രാഹുല്‍ റോഷന്‍ എന്ന സഹോദരങ്ങള്‍ രണ്ടുപേരും കീര്‍ത്തി എന്ന പെണ്‍കുട്ടിയുമായി അടുപ്പത്തിലാവുന്നതും, സ്വന്തമാക്കാന്‍ ശ്രമിക്കുന്നതുമാണ് പരമ്പര പറയുഞ്ഞത്. അങ്ങനെ കീര്‍ത്തിയെ രാഹുല്‍ സ്വന്തമാക്കുകയായിരുന്നു. ഇരുവരുടേയും പ്രണയത്തെ ഇരു കയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. ആരാധകരുടെ ഇടയില്‍ ഇപ്പോഴും മറക്കാത്ത ജോഡിയായി നില്‍ക്കുന്നതിനാലാകണം ഹരിതയുടെ വിവാഹനിശ്ചയം ആഘോഷമായിത്തന്നെ സോഷ്യല്‍മീഡിയ ആഘോഷിക്കുന്നത്.