സ്‍പൈഡര്‍മാൻ സിനിമകളിലെ നായകൻ ടോം ഹോളണ്ടും നായിക സെൻഡയയും പ്രണയത്തിലാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് ടോം ഹോളണ്ട് തന്നെ രംഗത്ത് എത്തിയിരുന്നു. അതേസമയം ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന വാര്‍ത്തകള്‍ 'പ്രമോഷണല്‍ സ്റ്റണ്ട്' ആയിരുന്നുവെന്നാണ് ചില ഹോളിവുഡ് സിനിമാ മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്‍പൈഡര്‍മാൻ ഹോം കമിംഗ് എന്ന സിനിമ തുടങ്ങുമ്പോഴായിരുന്നു ടോം ഹോളണ്ടും സെൻഡയയും ആദ്യമായി കണ്ടത്. പിന്നീട് ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകള്‍ വന്നുതുടങ്ങുകയും വൈറലാകുകയും ചെയ്‍തു. ഇരുവരും ഒന്നിച്ച് ചില ചടങ്ങുകളില്‍ പങ്കെടുത്തതോടെ  ഡേറ്റിംഗിലാണെന്നും വാര്‍ത്തകള്‍ വന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ പ്രണയവാര്‍ത്ത നിഷേധിച്ച് ടോം ഹോളണ്ട് തന്നെ രംഗത്ത് എത്തി. ഒരാളുമായും താൻ ഡേറ്റിംഗില്‍ അല്ല എന്നായിരുന്നു ടോം ഹോളണ്ട് പറഞ്ഞികുന്നു. തന്റെ ജീവിതത്തിലെ വഴി അതല്ലെന്നും ടോം ഹോളണ്ട് പറയുന്നു. സുഹൃത്തുക്കള്‍ മാത്രമാണെന്നും മറ്റുള്ള ബന്ധത്തിനു ഒരു സാധ്യതയുമില്ലെന്നുമായിരുന്നു സെൻഡയും പറഞ്ഞത്. ഇരുവരും പ്രണയത്തിലാണെന്ന് സിനിമയുടെ തുടക്കംമുതലേ വാര്‍ത്തകള്‍ വന്നത് പ്രമോഷന്റെ ഭാഗമായി ആണെന്നാണ് ഇപ്പോള്‍ ചില സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലോകമെമ്പാടുമുള്ള സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമയാണ് സ്പൈഡര്‍മാൻ. ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ സ്‍പൈഡര്‍മാൻ ഫാര്‍ ഫ്രം ഹോം ഹിറ്റായിരുന്നു. ഇതുവരെയെത്തിയ സ്‍പൈഡര്‍മാൻ സിനിമകളില്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോര്‍ഡും നേടി.