ലയാളികളുടെ പ്രിയ യുവതാരങ്ങളിൽ ഒരാളാണ് ടൊവിനോ തോമസ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങളെ സമ്മാനിക്കാൻ താരത്തിന് സാധിച്ചു. ഫിറ്റ്നസ്സിനോടും യാത്രകളോടും വാഹനങ്ങളോടും ടൊവിനോയ്ക്കുള്ള താല്പര്യം അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നുതന്നെ വ്യക്തമാണ്. എന്നാൽ ഇവ മാത്രമല്ല ഫോട്ടോഗ്രാഫിയോടും താരത്തിന് ഏറെ താല്പര്യമാണ്. ഇപ്പോഴിതാ തന്റെ മനസ് മനസിലാക്കി ഭാര്യ ലിഡിയ നൽകിയ ക്രിസ്മസ് സമ്മാനം ആരാധകരുമായി പങ്കുവയ്ക്കുകയാണ് ടൊവിനോ. നിക്കോൺ ക്യാമറയാണ് ലിഡിയ നൽകിയിരിക്കുന്നത്.

“കൊള്ളാം, ഇതിനെക്കാൾ മികച്ച എന്ത് ക്രിസ്മസ് സമ്മാനമാണ് തരാനാകുക. ആദ്യത്തെ ക്രിസ്മസ് സമ്മാനം, വളരെ ചിന്തിച്ച് മികച്ച ഒന്ന് എന്റെ പ്രിയപ്പെട്ട ഭാര്യ തന്നു. എന്റെ പ്രിയപ്പെട്ടവളേ, വളരെയധികം നന്ദി. മനോഹരമായ ഈ നിക്കോൺ ക്യാമറയ്‌ക്കും, ഞങ്ങൾ മൂന്നുപേരെയും സ്നേഹത്തോടെ പരിപാലിക്കുന്നതിനും! അതെ, എന്റെ കൗതുകകരമായ ഇഷ്‌ടങ്ങളും ആഗ്രഹങ്ങളും എപ്പോഴും മനസിലാക്കുന്നതിന് നന്ദി. നമ്മൾ യാത്ര ചെയ്യുമ്പോൾ നിന്റെ ചിത്രങ്ങൾ ഞാൻ ക്ലിക്ക് ചെയ്യുന്നില്ല എന്നോർപ്പിക്കാനാണോ ഇത്? ഇത് എന്നെ ഏൽപ്പിച്ച ഒരു ജോലിയാണോ, മനോഹരമായി പൊതിഞ്ഞ് ആഘോഷക്കാലത്ത് തന്നതാണോ? എനിക്കിത് വളരെയധികം ഇഷ്ടമായി, നിന്നെ ഞാൻ സ്നേഹിക്കുന്നു,” എന്നാണ് ടൊവിനോ കുറിച്ചിരിക്കുന്നത്.

ലിഡിയയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും ടൊവിനോ പങ്കുവച്ചിട്ടുണ്ട്. അടുത്തിടെയാണ് ടൊവിനോ ഒരു മിനി കൂപ്പർ സ്വന്തമാക്കിയത്. കൊച്ചിയിലെ ഷോറൂമില്‍ കുടുംബ സമേതമാണ് നടൻ പുതിയ കാര്‍ വാങ്ങാന്‍ എത്തിയിരുന്നത്. മിനി കൂപ്പറിന്റെ ഏറ്റവും പുതിയ മോഡലാണ് താരം സ്വന്തമാക്കിയത്.