മധുരരാജയുടെ വിജയത്തിന് ശേഷം തീയേറ്ററുകളിലെത്തുന്ന മമ്മൂട്ടി ചിത്രമാണ് ഉണ്ട. 'അനുരാഗ കരിക്കിന്‍ വെള്ളം' (2016) എന്ന അരങ്ങേറ്റ ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി പൊലീസ് വേഷത്തിലാണ് എത്തുന്നത്. സബ് ഇന്‍സ്‍പെക്ടര്‍ മണികണ്ഠന്‍ സി പി എന്നാണ് കഥാപാത്രത്തിന്‍റെ പേര്. എന്നാല്‍ ഒരു മാസ് ചിത്രം എന്നതിനേക്കാളുപരി ഉള്ളടക്കത്തില്‍ ശ്രദ്ധയൂന്നുന്ന സിനിമയെന്നാണ് ഉണ്ടയെക്കുറിച്ച് റിലീസിന് മുന്‍പുള്ള വിലയിരുത്തല്‍.

ഛത്തിസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് 'ഉണ്ട' പറയുന്നതെന്നാണ് അറിവ്. ഹര്‍ഷാദിന്റേതാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ തുടങ്ങിയവര്‍ കഥാപാത്രങ്ങളാവുന്നു. റിലീസിന്‍റെ തലേന്ന് ചിത്രത്തിന്‍റെ ആദ്യ മേക്കിംഗ് വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടു. കഥാപാത്രത്തിന്‍റെ പൂര്‍ണതയ്ക്കുവേണ്ടി അധ്വാനിക്കുന്ന മമ്മൂട്ടിയിലെ അഭിനേതാവിനെ വീഡിയോയില്‍ കാണാം.