'ഉപ്പും മുളകും' എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ താരമാണ് ജൂഹി റുസ്തഗി. താരം ഉപ്പും മുളകില്‍നിന്നും പിന്മാറിയെങ്കിലും ലച്ചുവിനെ ഉപേക്ഷിക്കാന്‍ ആരാധകര്‍ തയ്യാറായിട്ടില്ല.  സോഷ്യല്‍മീഡിയയില്‍ ഇടുന്ന പോസ്റ്റുകള്‍ക്കെല്ലാം ആരാധകര്‍ കമന്റായി ചേര്‍ക്കുന്നത് ഉപ്പും മുളകിലേക്കും തിരിച്ചെത്താനും, തങ്ങളൊരുപാട് മിസ്സ് ചെയ്യുന്നുണ്ടെന്നുമാണ്.

ഉപ്പും മുളകില്‍നിന്നും വിവാഹം കഴിഞ്ഞ് പോകുന്ന ലച്ചു പരമ്പരയില്‍നിന്നും നേരിട്ട് പിന്മാറുകയാണുണ്ടായത്. പരമ്പരയിലെ വിവാഹം ശരിക്കുള്ളതായിരുന്നുവെന്നുള്ള സോഷ്യല്‍മീഡിയാ അഭ്യൂഹങ്ങള്‍ക്ക് അറുതിവന്നത്, ജൂഹിയും റോവിന്‍ എന്ന ഡോക്ടര്‍ പയ്യനും തമ്മിലെ പ്രണയഭ്യൂഹങ്ങള്‍ പുറത്തുവന്നതോടെയാണ്.

എന്നാല്‍ റോവിനുമായി ജൂഹി ബ്രേക്കപ്പായോ എന്നാണിപ്പോള്‍ സോഷ്യല്‍മീഡിയയുടെ ചര്‍ച്ചകള്‍. യൂട്യൂബ് ചാനലുകളും, വിവിധ സിനിമാ ഗോസിപ്പുകളെല്ലാം ചര്‍ച്ചയിലാണ്. ഇത്തരമൊരു ചര്‍ച്ചയ്ക്ക് കാരണമെന്നത് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റുചെയ്ത റോവിനുമൊന്നിച്ചുള്ള ചിത്രങ്ങള്‍ കളഞ്ഞതും, ഇരുവരും ഒന്നിച്ചുതുടങ്ങിയ പെര്‍ഫെക്ട് സ്‌ട്രേഞ്ചേഴ്‌സ് എന്ന യൂട്യൂബ് ചാനലില്‍നിന്നും തിരുനെല്ലി യാത്രയുടെ വീഡിയോ നീക്കം ചെയ്തതുമാണ്.

എന്നാല്‍ അതിനൊന്നും വിശദീകരണം  നല്‍കാതെ വയനാട് കുറുമ്പാലക്കോട്ട യാത്രയുടെ പ്രൊമോ ചാനലില്‍ ഇട്ടിരിക്കുകയാണ് ജൂഹി. അതൊരു ശുഭസൂചനയാണെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. സോഷ്യല്‍മീഡിയ ഇത്രയധികം ചര്‍ച്ചകള്‍ നടത്തിയിട്ടും ജൂഹി പ്രതികരിക്കാത്തത് എന്താണെന്നാണ് ചിലരെങ്കിലും ചോദിക്കുന്നത്.