ലോകമെമ്പാടും ആരാധകരുള്ള കായികതാരമാണ് ഉസൈന്‍ ബോള്‍ട്ട്. നൂറ് മീറ്റര്‍ ഓട്ടത്തില്‍ അദ്ദേഹം കുറിച്ച ലോക റെക്കോര്‍ഡ് ഇതുവരെ ആരും തിരുത്തിയിട്ടില്ല. പലപ്പോഴും തന്റെ ആരാധകർക്കായി ഉസൈന്‍ ബോള്‍ട്ട് വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മലയാളത്തിലെ ഒരു ബിജിഎം ഉപയോഗിച്ച് മോട്ടിവേഷണല്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. ഈ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

ടൊവിനോ തോമസ് നായകനായി എത്തിയ കല്‍ക്കി എന്ന സിനിമയിലെ ബിജിഎം ആണ് ഉസൈന്‍ ബോള്‍ട്ട് വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്. ജീവിതം ഒരു യാത്രയാണ്, നിങ്ങള്‍ നിങ്ങളില്‍ തന്നെ വിശ്വസിക്കുക എന്ന കുറിപ്പും താരം വീഡിയോയ്ക്കൊപ്പം കുറിച്ചു. ഒരു മത്സരത്തില്‍ പരാജയപ്പെട്ട ഉസൈന്‍ ബോള്‍ട്ടിന്റെ വീഡിയോയും പിന്നീട് ലോക റെക്കോര്‍ഡ് കരസ്ഥമാക്കുന്ന വീഡിയോയും ചേര്‍ത്ത് വച്ചാണ് ബിജിഎം ഉപയോഗിച്ചിരിക്കുന്നത്.

Out of the million pieces of music, Usain Bolt chose our Malayalam BGM to motivate the world. Honored! Credits to Jossey...

Posted by Jakes Bejoy on Thursday, 21 January 2021

ഉസൈന്‍ ബോള്‍ട്ട് തന്റെ ബിജിഎം ഉപയോഗിച്ച് വീഡിയോ തയ്യാറാക്കിയതിന്റെ സന്തോഷം സംഗീത സംവിധായകൻ ജേക്‌സ് ബിജോയും പങ്കുവെച്ചു. പ്രവീണ്‍ പ്രഭാറാം സംവിധാനത്തിൽ ഒരുങ്ങിയ കല്‍ക്കി നിർമ്മിച്ചത് സുവിന്‍ കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണയും ചേർന്നാണ്.