അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് വാനമ്പാടിയിലെ കഥാപാത്രങ്ങളായ കല്ല്യാണിയും നിര്‍മ്മലയും ശ്രീമംഗലത്ത് തിരിച്ചെത്തി. പരമ്പരയില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധയുള്ള കഥാപാത്രങ്ങളാണ് ഇരുവരും. സീമ ജി നായരാണ് കല്ല്യാണിയെ അവതരിപ്പിക്കുന്നത്. ഉമ നായര്‍ നിര്‍മ്മലയെയും. പരമ്പരയിലെ പ്രധാന കഥാപാത്രമായ മോഹന്റെ ഏട്ടന്‍ ചന്ദ്രന്റെ ഭാര്യയാണ് ഉമ നായരുടെ നിര്‍മ്മല. പരമ്പരയിലെ കേന്ദ്രകഥാപാത്രങ്ങളായ കുട്ടികളുടെ വല്ല്യമ്മയുമാണ് ഈ കഥാപാത്രം. 

ആദ്യ എപ്പിസോഡുകളില്‍ സ്ഥിരമായി പ്രത്യക്ഷപ്പെട്ടിരുന്ന നിര്‍മ്മല കഴിഞ്ഞ കുറെ എപ്പിസോഡുകളിലായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരുന്നില്ല. അസുഖം ബാധിച്ചു കിടക്കുന്ന അമ്മയെ പരിചരിക്കാന്‍ നിര്‍മ്മല കൊടുങ്ങല്ലൂരിലേക്ക് പോയെന്ന രീതിയിലാണ് പരമ്പര മുന്നോട്ടുപോയിരുന്നത്. പരമ്പരയിലെ സുപ്രധാന വേഷം കൈകാര്യം ചെയ്യുന്ന സീമ ജി നായരും  പരമ്പരയിലേക്ക് മടങ്ങിവന്നിരിക്കുകയാണ്. പരമ്പരയില്‍ വീട്ടുജോലിക്കാരി കല്ല്യാണിയായി വേഷമിടുന്ന സീമ പ്രത്യേക സംസാരശൈലികൊണ്ട് പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ്. അനുമോളുടെ മാമിയായ ഭദ്ര എന്ന കഥാപാത്രമാണ് യഥാര്‍ത്ഥത്തില്‍ സീമ. പക്ഷെ ഒരു അപകടത്തിന്റെ ബാക്കിപത്രമായി ശ്രീമംഗലത്ത് അനുമോളുടെ അടുത്തുതന്നെ വേലക്കാരിയായി ജീവിക്കുന്നു എന്നതാണ് കഥയില്‍ കാണുന്നത്.

അനുമോളും തംബുരുവും ആശ്രമത്തിലെത്തി അര്‍ച്ചനയെ കാണുന്നതും അവരുടെ സ്‌നേഹത്തിലൂടെയുമാണ് പരമ്പര ഇപ്പോള്‍ പുരോഗമിക്കുന്നത്. കല്ല്യാണി അവിടെയില്ലെന്നറിഞ്ഞ് ഓടി വീട്ടിലേക്കെത്തുന്നതായാണ് നിര്‍മ്മലയുടെ വരവ് ചിത്രീകരിച്ചിരിക്കുന്നത്. തിരിച്ചെത്തിയ നിര്‍മ്മല ചന്ദ്രേട്ടനോട് അനുമോളെ ആശ്രമത്തിലേക്കയച്ചതിന് വഴക്കുപറയുകയും മറ്റും ചെയ്യുകയാണിപ്പോള്‍. അതേസമയം കുട്ടികള്‍ ആശ്രമത്തിലെത്തിയതിന്റെ സന്തോഷത്തിലാണ് മഹിയും അര്‍ച്ചനയും. എന്തിനാണ് സ്വാമി കുട്ടികളെ ആശ്രമത്തിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ പറഞ്ഞതെന്ന് പ്രേക്ഷകര്‍ക്ക് ഇത്രനാള്‍ സംശയമായിരുന്നു. എന്നാല്‍ പുതിയ എപ്പിസോഡില്‍ സ്വാമി പറയുന്നത് അര്‍ച്ചനയ്ക്ക് പുതിയ രീതിയിലുള്ള ചികിത്സാരീതി പരീക്ഷിക്കാനാണ് കുട്ടികളെ ആശ്രമത്തിലേക്ക് കൊണ്ടുവരാന്‍ പറഞ്ഞതെന്ന് എന്നാണ്. തംബുരുമോളുടെ സാമിപ്യം അര്‍ച്ചനയുടെ മാനസിക നിലയ്ക്ക് മാറ്റമുണ്ടാക്കുമോ, കുട്ടികളെ മോഹന്‍ എത്രനാള്‍ ആശ്രമത്തില്‍ താമസിപ്പിക്കേണ്ടിവരും, വരുന്ന എപ്പിസോഡുകളില്‍ ഇവ അറിയാം.