പിരിമുറുക്കങ്ങളുടെ കുടുംബകഥയില്‍ പുതിയ വഴിത്തിരിവുകളുമായി വാനമ്പാടി. ആശ്രമത്തില്‍ മാനസികാരോഗ്യ ചികിത്സയിലുള്ള മഹിയുടെ ഭാര്യയെ പരിചരിക്കാനും സാന്ത്വനിപ്പിക്കാനുമായി തംബുരുവും അനുമോളും ആശ്രമത്തിലേക്ക് പോകാന്‍ തുടങ്ങുമ്പോള്‍ ശ്രീമംഗലം വീട് മറ്റെന്തിനെയൊക്കെയോ ഭയക്കുകയാണ്. ആശ്രമവാസം സത്യങ്ങളുടെ ചുരുളഴിക്കുമോ, അതുവഴി ബന്ധങ്ങളും അഴിഞ്ഞുവീഴുമോ എന്നതാണ് പപ്പിയെയും അമ്മയെയും അച്ഛനെയും അലട്ടുന്നത്. എന്തൊക്കെയോ തീരുമാനിച്ചുറച്ച മട്ടില്‍ മോഹനന്റെ പെരുമാറ്റവും അവരെ അസ്വസ്ഥരാക്കുന്നു.

മോഹനറിയാതെ  സ്വാമിയെ കാണാനെത്തിയ പത്മിനി, കുട്ടികളുടെ ആശ്രമത്തിലേക്കുള്ള യാത്ര തടയാന്‍ ശ്രമിക്കുകയാണ്. തന്റെ കാര്യങ്ങള്‍ തുറന്നുപറയാതെ സ്വാമിയെക്കൊണ്ട് കുട്ടികളുടെ വരവ് തടയാന്‍ കഴിയുമെന്ന് പത്മിനി കരുതിയിരുന്നു. എന്നാല്‍ സ്വാമി അതിനെ ശാശ്വതമായി എതിര്‍ക്കുകയാണ് ചെയ്തത്. പത്മിനിയുടെ സങ്കടങ്ങളില്‍ കൂടെ നില്‍ക്കണോ വേണ്ടയോ എന്ന് പ്രേക്ഷകരിലും ആശയക്കുഴപ്പമുണ്ടാവുകയാണ്.

ആശ്രമത്തില്‍ വച്ച് മഹിയുടെ ഭാര്യ അര്‍ച്ചന പത്മിനിയെ കണ്ടുമുട്ടുന്നതിന്റെ പിരിമുറുക്കമാണ് വരാനിരിക്കുന്ന എപ്പിസോഡിന്റെ കൗതുകം. തന്റെ മകളെ അകറ്റാന്‍ വന്ന പ്രശ്‌നക്കാരിയാണ് പത്മിനിയെന്ന ധാരണയില്‍ അര്‍ച്ചന പത്മിനിയെ കടന്നാക്രമിക്കുന്നതും ഉത്ക്കണ്ഠയുണ്ടാക്കുന്ന രംഗമായിരുന്നു.

മകളെ ആശ്രമത്തിലേക്ക് വിളിക്കരുതെന്നും അര്‍ച്ചന ഉപദ്രവിക്കുമെന്നുമുള്ള പത്മിനിയുടെ വാക്കുകള്‍ സ്വാമി ചെവികൊള്ളുന്നില്ല. മോഹന്‍ കുട്ടികളേയും കൂട്ടി ആശ്രമത്തിലേക്കെത്തുമ്പോള്‍ എന്താകും ശ്രീമംഗലത്തെ സ്ഥിതി? പത്മിനിയുടെ കൈയില്‍നിന്നും തംബുരുമോള്‍ വഴുതിപ്പോകുമോ എന്ന ആശയക്കുഴപ്പവും നിലനിര്‍ത്തിയാണ് കഥയുടെ സഞ്ചാരം. തംബുരുവിന്റെ സാമിപ്യം അര്‍ച്ചനയില്‍ മാറ്റങ്ങളുണ്ടാക്കുമോയെന്നും മഹിയുടെ സമീപനം എങ്ങനെയാകുമെന്നും പ്രേക്ഷകര്‍ ഉറ്റുനോക്കുകയാണ്.