പ്രേക്ഷകരുടെ ഇഷ്‍ടപരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന വാനമ്പാടി.  ആകാംക്ഷഭരിതമായ രംഗങ്ങളായി വാനമ്പാടി അതിന്റെ തന്ത്രപ്രധാനമായ രംഗത്തേയ്‍ക്ക് കടക്കുകയാണ് പരമ്പര. മഹിയുടെ ഭാര്യയായ അര്‍ച്ചനയെ ശുശ്രൂഷിക്കാനായി ആശ്രമത്തിലെത്തിയ കുട്ടികളെ തിരികെ കൊണ്ടുവരാന്‍ മോഹന്‍ വരികയാണ്. വഴിത്തിരിവുകളിലൂടെയാണ് വാനമ്പാടി പ്രേക്ഷക മനസ് സ്വന്തമാക്കുന്നത്. വാനമ്പാടിയിലെ ഓരോ രംഗങ്ങളും അത്തരത്തിലാണ് സംവിധായകൻ തയ്യാറാക്കുന്നതും.

അര്‍ച്ചനയുടെ രോഗ ശുശ്രൂഷയുടെ പുതിയ കാര്യങ്ങള്‍  മഹിയോട് സ്വാമി ചര്‍ച്ച ചെയ്യുകയാണ്. തന്റെ കൂടെയുള്ളത് ഐശ്വര്യ മോളല്ല തംബുരുമോളാണ് എന്നറിഞ്ഞാല്‍ അര്‍ച്ചനയ്ക്കുണ്ടാകുന്ന ഷോക്കില്‍ നിന്ന്, അത് അര്‍ച്ചന തംബുരുവിനെ ഇല്ലായ്‍മ ചെയ്യാന്‍ വരെ മടിക്കാത്ത അവസ്ഥയാകും എന്നും മറ്റും സ്വാമി മഹിയെ ധരിപ്പിക്കുകയാണ്. ഇതൊന്നും അറിയാതെ തംബുരുമോള്‍ മോഹന്റെ ചിത്രം വരക്കുകയാണ്. എന്നാല്‍ അവിടെ അര്‍ച്ചന കടന്നുവരികയും, മോഹന്റെ ചിത്രം വരയ്ക്കുന്നതിന് ഇഷ്‍ടമാകാത്ത രീതിയില്‍ പെരുമാറുകയും ചെയ്യുന്നു. അതുതന്നെയാണ് പരമ്പരയുടെ നിലവിലെ ആകാംക്ഷയും.  അര്‍ച്ചനയ്ക്ക് കുട്ടികളോടുള്ള പെരുമാറ്റം എന്തുകൊണ്ടാണ് അങ്ങനെയാകും എന്നതും മറ്റും. മോഹന്‍ ആശ്രമത്തിലെത്തുന്ന സമയത്ത് തംബുരുമോള്‍ ഓടിച്ചെന്ന് കെട്ടിപിടിക്കുകയും അതുകണ്ട് അര്‍ച്ചന തംബുരുവിനെ പിടിച്ചു കൊണ്ടുപോകുന്നതും പരമ്പരയ്ക്ക് പുതിയ ദിശ നല്‍കുന്നുണ്ട്. സങ്കടത്തോടെ മാറിനില്‍ക്കുന്ന മോഹന്റെ അടുത്തേക്ക് അനുമോള്‍ വരികയും,അനുമോള്‍ അറിഞ്ഞ രഹസ്യം മോഹനോട് പറഞ്ഞ് അച്ഛനും മകളും തമ്മില്‍ പുണരുകയുമാണ്.

ഐശ്വര്യമോള്‍ മരിച്ച അതേ രീതിയിലുള്ള ഒരു അപകടം സ്വാമിയുടെ നിര്‍ദേശപ്രകാരം വീണ്ടും ഉണ്ടാക്കിയെടുക്കുന്നുണ്ട്. അര്‍ച്ചനയുടെ മാനസിക നില തകരാറിലായതും ഐശ്വര്യമോള്‍ ഇല്ലാതായതുമായ അപകടം ചികിത്സയുടെ ഭാഗമായി വീണ്ടും നിര്‍മിക്കുകയാണ് ചെയ്യുന്നത്.  സാഹചര്യങ്ങള്‍ എല്ലാം പഴയതു പോലെ തന്നെയാണ് സെറ്റ് ചെയ്‍തിരിക്കുന്നത്.

അപകടത്തില്‍ അവസാനം 'ഐശുമോളെ' എന്ന് ആര്‍ത്തുവിളിച്ച് കരയുന്ന അര്‍ച്ചനയെയാണ് കാണുന്നത്. അതിനുശേഷം കണ്ണുതുറക്കുന്ന അര്‍ച്ചന കാണുന്നത് മകള്‍ക്കായി ബലിയര്‍പ്പിക്കുന്ന മഹിയെയാണ്. അർച്ചന പുതിയ ആളായിരിക്കുന്നു. അപകടത്തിന്റെ പുനരാവിഷ്‌കരണം അര്‍ച്ചന പഴയ സ്ഥിതിയിലാക്കിയിരിക്കുന്നു. തന്റെ മകളായി ഇടക്കാലത്ത് അഭിനയിച്ച കുട്ടിയെ സ്വാമിയോട് അര്‍ച്ചന അന്വേഷിക്കുകയും അത് തംബുരുവാണെന്നും മോഹന്‍ എന്നയാളുടെ കുട്ടിയാണെന്ന് അറിയുന്നിടത്താണ് പരമ്പര.

ആശ്രമത്തിലെ കാര്യങ്ങളൊക്കെ ശരിയായ സ്ഥിതിക്ക് ശ്രീമംഗലത്ത് ഇനിയെന്താകും ബാക്കിപത്രങ്ങള്‍ എന്നതാണ് കാഴ്‍ചക്കാരനെ ആകാംക്ഷയിലാക്കുന്നത്. ശ്രീമംഗലത്തെ രഹസ്യമല്ലാത്ത രഹസ്യങ്ങള്‍ പരസ്യമാകുന്നത് എങ്ങനെ എന്നറിയാന്‍ കാത്തിരിക്കുക തന്നെ വേണം.