പ്രേക്ഷകരുടെ ഇഷ്‍ടപരമ്പരയായ വാനമ്പാടി മനോഹരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. രോഗം മാറിയ അര്‍ച്ചന ശ്രീമംഗലത്തേക്ക് വന്നതുമുതല്‍ പരമ്പര ആകാംക്ഷാഭരിതമായിരുന്നു. തന്റെ ഭര്‍ത്താവിന്റെ രക്തമാണ് തംബുരുമോള്‍ എന്നറിഞ്ഞ അര്‍ച്ചന തംബുരുവിനെ കൂട്ടിക്കൊണ്ടുപോകാനാണ് ശ്രീമംഗലത്തെത്തിയത്. അതുമുതല്‍ ശ്രീമംഗലത്തുള്ളവര്‍ക്ക് ശരിക്കൊന്ന് ഉറങ്ങാനോ, മനസ്സറിഞ്ഞ് ചിരിക്കാനോ കഴിയുന്നുണ്ടായിരുന്നില്ല. മകളെന്ന് കരുതി ഇത്രയുംകാലം നെഞ്ചോട് ചേര്‍ത്ത കുഞ്ഞിനെ നഷ്‍ടമാകുമെന്ന ചിന്തയിലായിരുന്നു മോഹന്‍. നൊന്തുപ്രസവിച്ച കുട്ടിയെ വിട്ടുനല്‍കാനാകാതെ മനസുരുകി പ്രാര്‍ത്ഥിക്കുകയായിരുന്നു പത്മിനി. അച്ഛന്റെ വിഷമം കാണാനാകാതെ, തംബുരുവിനെ മഹി കൊണ്ടുപോകരുതേയെന്ന പ്രാര്‍ത്ഥനയിലായിരുന്നു അനുമോള്‍.

ശ്രീമംഗലം വീട്ടിലേക്ക് മഹിയും അര്‍ച്ചനയും എത്തിയത് തംബുരുവിനെ തങ്ങളുടെകൂടെ കൊണ്ടുപോകാനാണെങ്കിലും, തംബുരുവിനെ കൂട്ടാതെയാണ് അവര്‍ മടങ്ങുന്നത്. തങ്ങളുടെ ഐശുമോളെ മോഹനെ ഏല്‍പ്പിക്കുന്നുവെന്നാണ് മഹി പറഞ്ഞത്. തംബുരുവിനെ തന്റെ മകളെന്ന് മനസ്സില്‍ കുറിച്ച അര്‍ച്ചനയും വളരെ വിഷമത്തോടെയാണ് മടങ്ങുന്നത്. മഹിയും അര്‍ച്ചനയും എത്തിയതുമുതല്‍ ശ്രീമംഗലത്ത് മുഴുവന്‍ ആഘോഷങ്ങളായിരുന്നു. അതെല്ലാം തംബുരുവിനെ സന്തോഷിപ്പിച്ച് കൂടെ കൂട്ടാനാണെന്നാണ് എല്ലാവരും കരുതിയിരുന്നത്. അതെല്ലാംകണ്ട് പത്മിനിയുടേയും രുക്മണിയുടേയും ഡാഡിയുടേയും ഹൃദയം വിങ്ങുന്നത് പ്രേക്ഷകര്‍ക്ക് അനുഭവേദ്യമായിരുന്നു.

അര്‍ച്ചന പത്മിനിയെ പിന്നാലെനടന്ന് ഉപദ്രവിക്കുന്ന രംഗങ്ങളില്‍, പത്മിനിയുടെ മാതൃഹൃദയത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കുന്ന തരത്തിലായിരുന്നു കഥാഗതി. മഹിയോട് ചെയ്‍തുകൂട്ടിയതിന് അര്‍ച്ചന പകരം വീട്ടുകയായിരുന്നു. പത്മിനിയെ കണ്ണീരുകൊണ്ട് പ്രായശ്ചിത്തം ചെയ്യിപ്പിച്ചാണ് അര്‍ച്ചന മടങ്ങിയത്. എന്നാല്‍ പ്രതികാരം എന്ന നിലയ്ക്കാണെങ്കിലും പത്മിനിയെക്കൊണ്ട് ഡാന്‍സുചെയ്യിച്ചത്, പത്മിനി ഡാന്‍സ് ചെയ്തത് നന്നായിരുന്നുവെന്ന് ഡാഡി പറയുകയാണ്. എന്നാല്‍ ഇനിയും വീറും വാശിയുമുള്ള പത്മിനിയെ തിരികെക്കൊണ്ടുവരാനാണ് ഡാഡിയും മമ്മിയും പറയുന്നത്. തംബുരുവിനെ അനുമോളില്‍നിന്നും അകറ്റാനാണ് മൂവര്‍സംഘം ശ്രമിക്കുന്നത്.

മോഹന്‍ ഒന്നുമറിഞ്ഞില്ല എന്നാണ് പത്മിനി കരുതുന്നത്. ഇനി തലയുയര്‍ത്തി നടക്കണം എന്നാണ് പത്മിനിയോട് മമ്മി ഉപദേശിക്കുന്നത്. അതേസമയം തന്റെ മകളെ കണ്ടെത്താനുള്ള പുറപ്പാടിലാണ് മോഹന്‍. അനുമോള്‍ അതിന് വിലങ്ങിടുന്നുണ്ടെങ്കിലും, മോഹന്‍ നന്ദിനിയുടെ മോളെ കണ്ടത്താനുള്ള ശ്രമത്തിലാണ്. കല്ല്യാണി പോയതിന്റെ സങ്കടവും മോഹന്റെ മനസ്സിലുണ്ട്. തംബുരുവിനെ ബ്രൈന്‍വാഷ് ചെയ്യുകയാണ് മൂവര്‍സംഘം. മഹിയങ്കിള്‍ പോയതിന്റെ സങ്കടം തംബുരുവിന് ഉണ്ടെന്ന് അവര്‍ക്കറിയാം. അത് മാറ്റാനുള്ള ശ്രമത്തിലാണ് പത്മിനി. ഇനി അവരുടെ ചിത്രമൊന്നും വരയ്ക്കണ്ടെന്നും, അവരെ മറക്കണം എന്നും പറയുന്നുണ്ട്.

പണ്ട് നന്ദിനിയെ വണ്ടിയിടിച്ചത് മോഹന്‍ അറിയരുതെന്നാണ് പദ്‍മിനി ആഗ്രഹിക്കുന്നത്. എന്നാല്‍ മരിച്ചത് മോഹന്‍ അന്വേഷിക്കുന്ന നന്ദിനിയാണെന്ന് പത്മിനിക്കറിയില്ല. എന്നാലും മോഹന്‍ നന്ദിനിയെ അന്വേഷിച്ചാല്‍ അത് പ്രശ്‌നമാകുമെന്നും, കുട്ടിയെ കൂട്ടിക്കൊണ്ടുവന്നാല്‍ തങ്ങള്‍ക്ക് പ്രതിസന്ധിയാകുമെന്നും പത്മിനി കരുതുന്നുണ്ട്. രാത്രിതന്നെ മകളെ അന്വേഷിച്ചിറങ്ങുകയാണ് മോഹന്‍. പോകരുതെന്ന് ചന്ദ്രേട്ടന്‍ പലവുരു പറയുന്നുണ്ട്. എങ്കിലും പോകാന്‍ തന്നെയാണ് മോഹന്‍ തീരുമാനിക്കുന്നത്.

മോഹന്‍ പോകാന്‍ ശ്രമിക്കുന്നത് തംബുരു കാണുകയും, താനും വന്നോട്ടെ എന്ന് ചേദിക്കുകയുമാണ്. എന്നാല്‍ മോഹന്‍ തംബുരുവിനെ കൂട്ടാന്‍ കൂട്ടാക്കുന്നില്ല. അപ്പോള്‍ പത്മിനിയും അങ്ങോട്ട് ചെന്ന് എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിക്കുന്നുവെങ്കിലും മോഹന്‍ ഒന്നും പറയുന്നില്ല.

മോഹന്‍ എങ്ങോട്ടാണ് പോയതെന്ന് അനുമോളോട് ചോദിക്കുകയാണ്  പത്മിനി. ചോദ്യം വളരെ ദേഷ്യപ്പെട്ടായതിനാല്‍ അനുമോളും പത്മിനിയോട് നല്ല രീതിയില്‍ത്തന്നെ സംസാരിക്കുന്നുണ്ട്. മഹിയങ്കിള്‍ പോയതിന്റെ സന്തോഷമാണോ പത്മിനിക്കെന്ന് അനുമോള്‍ ചോദിക്കുന്നതുകേട്ട് പത്മിനി ഞെട്ടുകയാണ്. പത്മിനിയും മഹിയും ആശ്രമത്തില്‍വച്ച് സംസാരിക്കുന്നതെല്ലാം ഞാന്‍ കേട്ടെന്നും അനു പറയുകയാണ്. അതുകേട്ട് പത്മിനി പത്തിമടക്കി തിരികെ പോവുകയാണ് പുതിയ പരമ്പരയില്‍ നടക്കുന്നത്. മകളെ അന്വേഷിച്ചുപോയ മോഹന്‍ സത്യങ്ങളറിയാന്‍ ഇനി എത്രനാള്‍കൂടെ. അനുമോള്‍ക്ക് സത്യങ്ങളറിയാം എന്നറിയുന്ന പത്മിനി അനുമോളെ വെറുതെ വിടുമോ. വരും എപ്പിസോഡുകള്‍ നിര്‍ണ്ണായകമാണ്. കാത്തിരുന്ന് കാണുക.