പ്രേക്ഷകരുടെ ഇഷ്‍ടപരമ്പരയായ വാനമ്പാടി ഉദ്യോഗജനകമായ മുഹൂര്‍ത്തങ്ങളോടെയാണ് മുന്നോട്ടുപോകുന്നത്. മോഹന്റെ മുന്‍കാമുകി നന്ദിനിയെ വാഹനമിടിച്ച് മരണപ്പെടുത്തിയതിന്റെ കേസ് വീണ്ടും പൊന്തിയിരിക്കുകയാണ്. മോഹന്‍ തന്റെ മകളെ അന്വേഷിച്ചുപോയതാണ് കേസ് വീണ്ടും ഉയര്‍ന്നുവന്നതിന്റെ കാരണം. തന്റെ നന്ദിനിയെ ഇല്ലാതാക്കിയവരെ നീതിക്കുമുന്നില്‍ എത്തിക്കും എന്ന മോഹന്റെ ശപഥം ഫലം കാണുകയാണ്. പത്മിനിയുടെ കുടുംബസുഹൃത്ത് സുദേവനാണ് യാദൃശ്ചികമായി കാറിടിപ്പിച്ച് നന്ദിനിയെ ഇല്ലാതാക്കുന്നത്. എന്നാല്‍ ഒന്ന് രക്ഷിക്കാന്‍പോലും നില്‍ക്കാതെ വിട്ടുപോയ ആ കാറില്‍ മോഹന്റെ ഭാര്യ പത്മിനി ഉണ്ടായിരുന്നു.

പത്മിനി കാറില്‍ ഉള്ളതുകാരണം കേസ് കറങ്ങിത്തിരിഞ്ഞ് പത്മിനിക്കെതിരാകും എന്നതിനാലാണ്, പത്മിനിയുടെ അങ്കിള്‍ ജയരാജ് കേസ് അട്ടിമറിക്കുന്നത്തും, അന്ന് സസ്‌പെന്‍ഷനിലാകുന്നതും. അന്ന് പത്മിനിയുടേയും സുദേവന്റെയും പേരുകള്‍ മറച്ച്, പത്മിനിയുടെ അച്ഛന്റെ പേര് വച്ചതും ജയരാജനാണ്. എന്നാല്‍ ഇന്നത് തീര്‍ത്തും വിനയായിരിക്കുകയാണ്.

ചന്ദനച്ചോലയിലെ എസ് ഐയും മോഹനും കേസ് വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ ആവശ്യത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. മേനോനാണ് പ്രതിസ്ഥാനത്ത് എന്നറിഞ്ഞ മോഹന്‍ ആകെ അസ്വസ്ഥനാണ്. ഇത്തരത്തിലുള്ള ഒരു കാപാലികനെയാണല്ലോ കാലങ്ങളായി ഞാന്‍ ഡാഡി എന്നു വിളിക്കുന്നത് എന്നെല്ലാം മോഹന്‍ ചിന്തിക്കുന്നുണ്ട്. ചന്ദനച്ചോലയില്‍നിന്നും തിരികെ ശ്രീമംഗലത്തെത്തുന്ന മോഹന്‍ ചന്ദ്രനോടും നിര്‍മ്മലയോടും നടന്ന കാര്യങ്ങളെല്ലാം വിശദ്ദീകരിക്കുകയാണ്. മേനോനാണ് പ്രതി എന്നത് നിര്‍മ്മലയ്ക്ക് വിശ്വസിക്കാന്‍ കഴിയുന്നതല്ല. കാരണം സംഭംവം നടക്കുമ്പോള്‍ മേനോന്‍ നാട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് നിര്‍മ്മലയ്ക്കറിയാം. എന്നാലത് മോഹനോട് നിര്‍മ്മല പറയുന്നില്ല. ഈ കാര്യം ചന്ദ്രനോട് പങ്കുവയ്ക്കുമ്പോള്‍, മേനോന്‍ ചെയ്‍തുകൂട്ടിയത് എല്ലാത്തിനുമുള്ള ഫലമാകും ഇതെന്നാണ് ചന്ദ്രന്‍ പറയുന്നത്. എന്നാല്‍ മോഹന്റയടുത്തുനിന്ന് സത്യങ്ങള്‍ അറിഞ്ഞ അനുമോള്‍ ഒരു പൊട്ടിക്കരച്ചിലിന്റെ അടുത്താണ്. തന്റെ അമ്മയെ ആരാണ് ഇല്ലാതാക്കിയതെന്ന സങ്കടത്തിലാണ് അനുമോളുള്ളത്. എന്നാല്‍ തന്റെ അമ്മ എന്ന് മോഹനോട് പറയാനും വയ്യാതെ അനുമോള്‍ വിങ്ങുന്നത് പരമ്പരയെ കലുഷിതമാക്കുന്നു.

എത്രയുംവേഗം ചന്ദനച്ചോലയിലെത്തി കേസിന്റെ ഗതി ഏതുവിധേയവും മാറ്റണമെന്നാണ് മേനോന്‍ ചിന്തിക്കുന്നത്. ജയരാജിനേയുംകൂട്ടി മേനോന്‍ അങ്ങോട്ട് പോകുന്നു. ചോദിക്കുന്ന എല്ലാവരോടും, കൊല്ലത്ത് ബിസിനസ് ആവശ്യത്തിനായി പോവുകയാണ്, മടക്കം രണ്ടുദിവസം കഴിഞ്ഞേകാണു എന്നുമാണ്. അവര്‍ ശ്രീമംഗലത്തുനിന്ന് ഇറങ്ങുന്ന മാത്രയില്‍ത്തന്നെ ശ്രീമംഗലത്തേക്ക് പൊലീസ് എത്തുകയാണ്. എസ് ഐ തോമസാണ് അങ്ങോട്ടേക്ക് വരുന്നത്. എന്നാല്‍ മോഹനോടുള്ള അടുപ്പവും പരിചയവും തോമസ് അവിടെ കാണിക്കുന്നില്ല. പൊലീസ് വീട്ടിലെത്തി എന്നറിഞ്ഞ ജയരാജും മേനോനും പോയ പാതിവഴിയില്‍നിന്ന് മടങ്ങിവരുന്നു. ജയരാജ് താന്‍ ഡിവൈഎസ്‍പി ആണെന്ന് പറഞ്ഞിട്ടും, മേനോനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ജീപ്പില്‍ കയറ്റിക്കൊണ്ട് തോമസ് പോയി.

അതെല്ലാം കണ്ട തംബുരുമോള്‍ പത്മിനിയോട് ഗ്രാന്‍ഡ്‍ ഡാഡി എന്തിനാണ് ഇതെല്ലാം ചെയ്തതെന്ന് ചോദിക്കുന്നുണ്ട്. എന്നാല്‍ ഗ്രാൻഡ്‍ ഡാഡി ഇതൊന്നും ചെയ്യില്ലെന്നും, ഗ്രാന്‍ഡ്‍ ഡാഡിയെ തെറ്റുപറ്റി കൊണ്ടുപോയതാണെന്നും പത്മിനി തംബുരുവിനോട് പറയുന്നു. ഇതെല്ലാം കണ്ടുനിന്ന അനുമോള്‍ ആകെ ഷോക്കിലാണ്. ഓരോ നിമിഷവും വിങ്ങിപ്പൊട്ടിയാണ് അനു ശ്രീമംഗലത്ത് നില്‍ക്കുന്നത്. തന്റെ മകളാണ് അനു എന്നറിയാതെ, അവളുടെ അമ്മയെപ്പറ്റിയാണ് താന്‍ പറയുന്നതെന്നറിയാതെ കേസിന്റെ ഓരോ കാര്യങ്ങളും മോഹന്‍ അനുവുമായി പങ്കുവയ്ക്കുന്നുണ്ട്. അനുവിന് ഇനിയുമെത്രനാള്‍ അച്ഛനോട് താന്‍ മകളാണെന്ന സത്യങ്ങളൊന്നും പറയാതെ ഇരിക്കാനാകും എന്നതാണ് കാഴ്ച്ചക്കാരെ അലട്ടുന്നത്. ജയരാജ്  മേനോനെ ജാമ്യത്തിലെടുക്കാനായി പൊലീസ് സ്‌റ്റേഷനിലേക്ക് പോകുന്നുണ്ടെങ്കിലും നിഷ്‍ഫലമാകുകയാണ്. തോമസ് എല്ലാ വകുപ്പുകളും ചേര്‍ത്ത് മേനോനെ നല്ല രീതിയിലാണ് പൂട്ടിയിരിക്കുന്നത്. ചോദ്യംചെയ്യലും പുരോഗമിക്കുന്നുണ്ട്. താനല്ല കുറ്റം ചെയ്‍തതെന്നുപറഞ്ഞാല്‍ തന്റെ മകള്‍ പിടിക്കപ്പെടും എന്നതിനാല്‍ മേനോന്‍ കുറ്റങ്ങളെല്ലാം സമ്മതിക്കുകയാണ്. എന്നാല്‍ ചോദ്യംചെയ്യല്‍ വ്യതിചലിക്കുമ്പോള്‍ എന്താകും അവസ്ഥയെന്നത് കണ്ടുതന്നെയറിയണം. ശ്രീമംഗലത്ത് എല്ലാവരും നഖം കടിക്കുന്ന വിഷമത്തിലും, ആകാംക്ഷയിലുമാണ്. എന്താകും മേനോന്റെ സ്ഥിതിയെന്നും, പത്മിനി അത്യന്തികമായി ജയിലേക്കെത്തുമോ എന്നതെല്ലാം ശ്രീമംഗലത്തെ ചര്‍ച്ചയുടെ ഭാഗമാണ്. തന്റെ നന്ദിനിയെ കൊന്നവരോടുള്ള പ്രതികാരം തീര്‍ക്കലാണ് ഇതെന്ന് മനസ്സിലുറപ്പിച്ച മോഹന്, മേനോന്റെ അറസ്റ്റും മറ്റും ആനന്ദിപ്പിക്കുന്ന കാര്യമാണ്. എന്നാല്‍ തന്റെ അമ്മയെ ഇല്ലാതാക്കിയവര്‍ക്ക് തക്കതായ ശിക്ഷ കിട്ടണമെന്നാണ് അനു ആഗ്രഹിക്കുന്നത്. എല്ലാ സത്യങ്ങളും പുറത്തുവരുന്നതോടെ പത്മിനിക്ക് ശ്രീമംഗലം വിദൂരസ്വപ്‌നമാകുമോ എന്നെല്ലാമറിയാന്‍ എപ്പിസോഡുകള്‍ക്ക് കാത്തിരിക്കുക തന്നെ വേണം.