മേക്കോവറിനെക്കുറിച്ച് വരലക്ഷ്‍മിക്ക് പറയാനുള്ളത്

ശരത്‍കുമാറിന്‍റെ മകള്‍ എന്ന മേല്‍വിലാസത്തേക്കാള്‍ പ്രേക്ഷകര്‍ വരലക്ഷ്‍മി ശരത്‍കുമാറിനെ വിലയിരുത്തുന്നത് മികച്ച അഭിനേത്രി എന്ന നിലയ്ക്കാണ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ നാല് തെന്നിന്ത്യന്‍ ഭാഷാ സിനിമകളിലും വരലക്ഷ്മി ഇതിനകം ശ്രദ്ധേയ ചിത്രങ്ങളില്‍ അഭിനയിച്ചുകഴിഞ്ഞു. വ്യക്തിപരമായി സ്വന്തമാക്കിയ ഒരു നേട്ടത്തെക്കുറിച്ച് തന്‍റെ ആരാധകരോട് സോഷ്യല്‍ മീഡിയയിലൂടെ പറയുകയാണ് വരലക്ഷ്മി. ആരോഗ്യ കാര്യത്തിലാണ് അത്. ശരീരഭാരം കാര്യമായി കുറച്ചിരിക്കുകയാണ് അവര്‍. ഒറ്റ നോട്ടത്തില്‍ പഴയ വരലക്ഷ്മി എന്ന് തിരിച്ചറിയാനാവാത്ത രീതിയിലാണ് മേക്കോവര്‍. തന്‍റെ പുതിയ ചിത്രങ്ങളും അവര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

നാല് മാസത്തെ കഠിനാധ്വാനമാണ് ഇതിനു പിന്നിലെന്ന് ചിത്രങ്ങള്‍ക്കൊപ്പം വരലക്ഷ്മി കുറിച്ചു- ഈ പോരാട്ടം യഥാര്‍ഥമായിരുന്നു. വെല്ലുവിളികളും അങ്ങനെ തന്നെ. പക്ഷേ എന്താണോ നിങ്ങള്‍ക്ക് വേണ്ടത്, അതില്‍ നിന്ന് നിങ്ങളെ തടയാന്‍ ആര്‍ക്കും ആവില്ല. നിങ്ങള്‍ ആരാണ് എന്നത് മറ്റുള്ളവരല്ല പറയേണ്ടത്. നിങ്ങള്‍ എന്താണ് ആവേണ്ടത് എന്നും. സ്വയം വെല്ലുവിളിക്കുക. സ്വന്തം എതിരാളി ആവുക. സ്വന്തമായി സാധിച്ചെടുക്കാവുന്ന കാര്യങ്ങള്‍ അപ്പോള്‍ അമ്പരപ്പിക്കും. നാല് മാസത്തെ കഠിനാധ്വാനത്തിന്‍റെ തെളിവായി ഈ ചിത്രങ്ങളാണ് എനിക്ക് കാണിക്കാനുള്ളത്. നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്നത് എന്താണോ അത് ചെയ്യുക. മറ്റുള്ളവരുടെ സന്തോഷത്തിനായി കാര്യങ്ങള്‍ ചെയ്യാതിരിക്കുക. നിങ്ങള്‍ എന്ത് കഴിയുമെന്നും എന്തൊക്കെ കഴിയില്ലെന്നും മറ്റുള്ളവരല്ല പറയേണ്ടത്. ആത്മവിശ്വാസമാണ് നിങ്ങളുടെ ഒരേയൊരു ആയുധം. സ്വയം വിശ്വസിക്കുക, വരലക്ഷ്‍മി ശരത്‍കുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

പൊയ്ക്കാല്‍ കുതിരൈ അടക്കം മൂന്ന് ചിത്രങ്ങളാണ് വരലക്ഷ്മിയുടേതായി ഈ വര്‍ഷം പ്രദര്‍ശനത്തിനെത്തിയത്. എല്ലാം തമിഴ് ചിത്രങ്ങള്‍. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി എട്ട് ചിത്രങ്ങളാണ് അവരുടേതായി നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ ഉള്ളത്. മമ്മൂട്ടി നായകനായ കസബയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച വരലക്ഷ്മി കാറ്റ്, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ALSO READ : മികച്ച നടന്‍ ഇവരില്‍ ഒരാള്‍; സൈമ അവാര്‍ഡ് നോമിനേഷനുകള്‍ പ്രഖ്യാപിച്ചു