ട്രോളുകളിലൂടെ താരപരിവേഷം തന്നെ ലഭിച്ച കുറെയധികം സിനിമാ കഥാപാത്രങ്ങളുണ്ട്. അവയില്‍ ചില കഥാപാത്രങ്ങള്‍ ചില മീമുകളിലൂടെ മാത്രമാണ് എപ്പോഴും ട്രോളുകളില്‍ നിറയാറെങ്കില്‍ മറ്റുചില കഥാപാത്രങ്ങള്‍ മീമുകള്‍ക്കപ്പുറമുള്ള അസ്തിത്വം നേടിയവരാണ്. സുരാജ് വെഞ്ഞാറമ്മൂടിന്‍റെ ദശമൂലം ദാമുവാണ് രണ്ടാമത് പറഞ്ഞ മട്ടില്‍ സമീപകാലത്ത് ട്രോളുകളില്‍ ട്രെന്‍ഡ് സൃഷ്ടിച്ച ഒരു കഥാപാത്രം. ഇപ്പോഴിതാ മറ്റൊരു കഥാപാത്രത്തെ പുതുതായി 'ലൈം ലൈറ്റി'ലേക്ക് എത്തിച്ചിരിക്കുകയാണ് ട്രോളന്മാര്‍.

ശശി ശങ്കറിന്‍റെ സംവിധാനത്തില്‍ 2002ല്‍ പുറത്തെത്തിയ ദിലീപ് ചിത്രം കുഞ്ഞിക്കൂനനിലെ സായ് കുമാര്‍ അവതരിപ്പിച്ച 'ഗരുഡന്‍ വാസു' എന്ന 'വാസു അണ്ണനാ'ണ് ട്രോളന്മാരുടെ പുതിയ താരം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി എണ്ണമറ്റ ട്രോളുകളാണ് ഈ കഥാപാത്രത്തെ ചുറ്റിപ്പറ്റി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സിനിമയില്‍ ദിലീപ് അവതരിപ്പിച്ച ഇരട്ടവേഷമായിരുന്ന പ്രസാദിന്‍റെ കാമുകി പ്രിയയെ (മന്യ) കൊടപ്പെടുത്തുന്നത് ഗുണ്ടയായ വാസുവാണ്. എന്നാല്‍ പ്രിയയും വാസുവും വിവിഹാതരായിരുന്നെങ്കിലോ എന്ന മട്ടിലാണ് ട്രോള്‍ സ്പേസിലേക്ക് ഈ കഥാപാത്രത്തിന്‍റെ എന്‍ട്രി.

 
 
 
 
 
 
 
 
 
 
 
 
 

Vikas, my real hubby❤️ Beware of Vasu Anna 🤪🤦🏻‍♀️ Jodi is trending too much!! 🤣

A post shared by Manya (@manya_naidu) on Sep 10, 2020 at 5:49am PDT

ട്രോളുകള്‍ ചര്‍ച്ചയാവുന്നത് ശ്രദ്ധയില്‍ പെട്ടതോടെ ചിരി പങ്കുവച്ച് സാക്ഷാല്‍ മന്യ തന്നെ രംഗത്തെത്തി. ഇന്‍സ്റ്റഗ്രാമില്‍ ഭര്‍ത്താവുമൊത്തുള്ള ചിത്രമടക്കമായിരുന്നു അവരുടെ പ്രതികരണം. "വികാസ്, എന്‍റെ യഥാര്‍ഥ ഭര്‍ത്താവ്. വാസു അണ്ണനെ സൂക്ഷിക്കുക. ഈ ജോഡി ഒരുപാട് ട്രെന്‍ഡ് ചെയ്യുന്നു", എന്നാണ് മന്യ കുറിച്ചിരിക്കുന്നത്. ട്രോളുകളുടെ സ്ഥിരം പാറ്റേണ്‍ പോലെ പുതിയ കഥാപാത്രത്തെ ആഘോഷിക്കുകയാണ് ട്രോള്‍ മേക്കേഴ്‍സ്. പക്ഷേ ദശമൂലം ഉള്‍പ്പെടെയുള്ള ഹിറ്റ് കഥാപാത്രങ്ങളെപ്പോലെ ദീര്‍ഘകാലം ഈ കഥാപാത്രം സോഷ്യല്‍ മീഡിയയില്‍ നില്‍ക്കുമോ എന്ന കാര്യം കണ്ടറിയണം.