തമിഴക വെട്രി കഴകത്തിന്റെ വാർഷിക ആഘോഷത്തിൽ സംവിധായകൻ വെട്രിമാരൻ പങ്കെടുത്തത് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചു. വെട്രിമാരൻ വിജയുടെ പാർട്ടിക്ക് പിന്തുണ നൽകുമെന്നാണ് അഭ്യൂഹങ്ങൾ.

ചെന്നൈ: നടൻ വിജയ് കഴിഞ്ഞ വർഷം ഫെബ്രുവരി 2 നാണ് തന്‍റെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) പ്രഖ്യാപിച്ചത്. പാർട്ടി രൂപീകരിച്ചിട്ട് ഒരു വർഷം പൂർത്തിയാകുന്ന വേളയില്‍ പാർട്ടി നേതാവ് വിജയ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ വിവിധ ഇടങ്ങളില്‍ ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇന്ന് രാവിലെ ചെന്നൈ പനയ്യൂരിലെ തന്‍റെ പാർട്ടി ഓഫീസിൽ വിജയ് തന്‍റെ പാര്‍ട്ടി ഓഫീസില്‍ എത്തി പാര്‍ട്ടിയുടെ ആശയ നേതാക്കളുടെ ചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു. 

അതേ സമയം തമിഴക വെട്രി കഴകത്തിന്‍റെ വാർഷിക ആഘോഷത്തിനോട് അനുബന്ധിച്ച് മധുര ജില്ലയിലെ അളഗർ കോവിൽ റോഡിലെ മാത്തൂർ വിളക്കിൽ കാളവണ്ടിയോട്ട മത്സരം സംഘടിപ്പിച്ചിരുന്നു. മധുര സിറ്റി ജില്ലാ ടിവികെ സെക്രട്ടറി വിജയ് അൻബന്‍റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ചലച്ചിത്ര സംവിധായകൻ വെട്രിമാരൻ ചടങ്ങിൽ വിശിഷ്ടാതിഥിയായി ഈ പരിപാടിയില്‍ പങ്കെടുത്തത് തമിഴ് സിനിമ ലോകത്തും രാഷ്ട്രീയ രംഗത്തും ചര്‍ച്ചയായിരിക്കുകയാണ്. 

മത്സരത്തിന് അതിഥിയായി എത്തിയ വെട്രിമാരനെ ടിവികെ പ്രവര്‍ത്തകര്‍ ടിവികെ കൊടിയുടെ നിറത്തിലുള്ള മാല അണിയിച്ചാണ് സ്വീകരിച്ചത്. തമിഴകത്തെ പ്രമുഖ സംവിധായകൻ വിജയ്‍യുടെ പാർട്ടിക്ക് പരോക്ഷമായി പിന്തുണ അറിയിച്ചുവെന്നു ചില രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ തന്നെ വിജയ്‍യുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ സ്വാഗതം ചെയ്ത സംവിധായകനാണ് വെട്രിമാരന്‍ എന്നാണ് തമിഴ് സിനിമയിലെ സംസാരം. 

ഇതിനൊപ്പം നിലവിലെ ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിനോട് വെട്രിമാരന് അതൃപ്തിയുണ്ടെന്നും ചില അഭ്യൂഹങ്ങളും ഉണ്ട്. പ്രത്യേകിച്ച് വെങ്ങൈവയൽ വിഷയത്തിൽ ഡിഎംകെ സര്‍ക്കാറിനെതിരെ തന്‍റെ അതൃപ്തി വെട്രിമാരന്‍ പരസ്യമാക്കിയിരുന്നു. 

Scroll to load tweet…

പുതുക്കോട്ട ജില്ലയിലെ വേങ്ങൈവയലിലെ ദളിത് ആളുകള്‍ കുടിവെള്ളം എടുക്കുന്ന കിണറ്റില്‍ 2022 ല്‍ മനുഷ്യവിസർജ്ജനം തള്ളിയ കേസാണ് വെങ്ങൈവയൽ വിഷയം. സംഭവത്തില്‍ മുഖ്യപ്രതികളായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട മൂന്ന് യുവാക്കളെ പ്രതികളാക്കി തമിഴ്നാട് പോലീസ് കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചിരുന്നു. 

എന്നാല്‍ ഭരണകക്ഷിയായ ഡിഎംകെ ഘടകകക്ഷികള്‍ അടക്കം സംഭവത്തില്‍ പൊലീസിനെതിരെ രംഗത്ത് എത്തിയിരുന്നു. ഇതില്‍ വെട്രിമാരനും സര്‍ക്കാറിനെതിരെ പ്രതികരിച്ചിരുന്നു. 

അതേ സമയം സിനിമ രംഗത്ത് വിജയ് വെട്രിമാരന്‍ കൂട്ടുകെട്ടിനായി കാത്തിരുന്ന ആരാധകർക്ക് അതു സാധിച്ചില്ലെങ്കിലും, രാഷ്ട്രീയത്തിൽ അവർ ഒന്നിക്കുമെന്ന പ്രതീക്ഷയാണ് പുതിയ സംഭവം ഉണ്ടാക്കിയത്. 

ചായ സൽക്കാരത്തിൽ വിജയ് പങ്കെടുക്കില്ല; ഗവർണറുടെ പരിപാടി ബഹിഷ്ക്കരിക്കും

'ഉപതെരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കും?': സസ്പെന്‍സ് അവസാനിപ്പിച്ച് വിജയ്, പൊളി‌ഞ്ഞത് സീമാന്‍റെ മോഹം!