വിഷ്വല്‍ എഫക്ട്‌സ് എന്നത് ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യമുള്ള, വമ്പന്‍ കാന്‍വാസില്‍ ഒരുങ്ങുന്ന സിനിമകള്‍ക്കാണ് ആവശ്യം എന്നതായിരുന്നു കുറച്ചുകാലം മുന്‍പ് വരെയുള്ള പൊതുധാരണ. എന്നാല്‍ അക്കാര്യത്തില്‍ മാറ്റമുണ്ട് ഇപ്പോള്‍. താരതമ്യേന ചെറിയ കാന്‍വാസില്‍ ഒരുങ്ങുന്ന സിനിമകളിലും സംവിധായകര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള രംഗങ്ങള്‍ സൃഷ്ടിക്കാന്‍ ഇപ്പോള്‍ വിഎഫ്എക്‌സ് ആണ് ഉപയോഗിക്കുന്നത്. സിനിമകള്‍ സ്വീകരിക്കപ്പെട്ടതിന് ശേഷം വിഎഫ്എക്‌സ് ബ്രേക്ക്ഡൗണ്‍ വീഡിയോ പുറത്തിറക്കുന്നതും പുതിയ പതിവാണ്. കലാമൂല്യവും ജനപ്രീതിയും ഒത്തുചേര്‍ന്ന 'കുമ്പളങ്ങി നൈറ്റ്‌സി'ന്റെ വിഎഫ്എക്‌സ് ബ്രേക്ക്ഡൗണ്‍ വീഡിയോ പുറത്തെത്തിയിരിക്കുകയാണ്.

തീയേറ്ററുകളില്‍ ശ്രദ്ധിക്കപ്പെട്ട പല രംഗങ്ങളുടെയും പൂര്‍ണതയ്ക്ക് സംവിധായകന്‍ വിഷ്യല്‍ എഫക്ട്‌സിനെ ആശ്രയിച്ചിട്ടുണ്ടെന്ന് വീഡിയോ പറയുന്നു. കായലില്‍ 'കവര് പൂത്തുകിടക്കുന്നത്' കാണാന്‍ ഒരു രാത്രി ബോണി (ശ്രീനാഥ് ഭാസി) കൂട്ടുകാരിയെയും കൂട്ടി വള്ളത്തില്‍ പോകുന്നുണ്ട്. ആ രംഗത്തിലെ 'കവര്' (കായല്‍ ജലത്തില്‍ കാണുന്ന നീല വെളിച്ചം) വിഎഫ്എക്‌സിലൂടെ സൃഷ്ടിച്ചെടുത്തതാണ്. ബോബി (ഷെയ്ന്‍ നിഗം) ചൂണ്ടയിട്ട് മീന്‍ പിടിക്കുന്ന മറ്റൊരു രംഗത്തില്‍ ചൂണ്ടയില്‍ കൊളുത്തുന്ന മത്സ്യവും എഫ്ക്ട്‌സ് തന്നെ. രസകരമായ വിഎഫ്എക്‌സ് ബ്രേക്ക്ഡൗണ്‍ വീഡിയോ കാണാം.