ജൂൺ 9ന് തിരുപ്പതിയിൽ വച്ചാവും ഇരുവരുടെയും വിവാഹമെന്നാണ് പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍

പ്രേക്ഷകരുടെ ഇഷ്ട താരജോഡികളാണ് നയന്‍താരയും (Nayanthara) വിഘ്നേഷ് ശിവനും (Vignesh Shivan). തങ്ങള്‍ക്കിടയിലെ ബന്ധത്തിന്‍റെ ഇഴയടുപ്പത്തെക്കുറിച്ച് പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട് ഇരുവരും. നയന്‍താരയ്ക്കൊപ്പം ഒപ്പം ചിലവിടുന്ന ആഘോഷ നിമിഷങ്ങള്‍ ചിത്രങ്ങളായും വീഡിയോകളായുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വിഘ്നേഷ് പലപ്പോഴും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു പുതിയ വീഡിയോയും ആരാധകശ്രദ്ധ നേടുകയാണ്.

ഒരു റെസ്റ്റോറന്‍റില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന നയന്‍താരയും വിഘ്നേഷുമാണ് വീഡിയോയില്‍. ഇടയ്ക്ക് വിഘ്നേഷ് നയന്‍സിന് ഭക്ഷണം വാരിക്കൊടുക്കുന്നുമുണ്ട്. രുചികരമായ പ്രാദേശിക ഭക്ഷണം നയന്‍സിനെ ഊട്ടുന്നതാണ് തന്‍റെ സന്തോഷമെന്നാണ് വീഡിയോയ്ക്കൊപ്പമുള്ള വിഘ്നേഷിന്‍റെ കുറിപ്പ്. മഹാബലിപുരത്തെ ഒരു സീഫുഡ് റെസ്റ്റോറന്‍റില്‍ നിന്നുള്ളതാണ് ഈ വീഡിയോ. പോസ്റ്റ് ചെയ്‍ത് മണിക്കൂറുകള്‍ക്കകം രണ്ട് ലക്ഷത്തിലധികം ലൈക്കുകളാണ് ഈ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.

View post on Instagram

അതേസമയം ഏഴ് വര്‍ഷത്തെ പ്രണയത്തിനു പിന്നാലെ വിവാഹിതരാവാന്‍ ഒരുങ്ങുകയാണ് ഇരുവരും. ജൂൺ 9ന് തിരുപ്പതിയിൽ വച്ചാവും ഇരുവരുടെയും വിവാഹമെന്നാണ് പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍. മാലിദ്വീപിൽ വച്ച് സുഹൃത്തുക്കൾക്കായി വിവാഹ റിസപ്ഷൻ നടക്കുമെന്നും റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം നയന്‍താര 2021 സെപ്റ്റംബറില്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചെറിയ ചടങ്ങായിരുന്നു അത്. അതേസമയം വിവാഹക്കാര്യം ആരാധകരെയും അഭ്യുദയകാക്ഷികളെയും അറിയിക്കുമെന്നും അവര്‍ അറിയിച്ചിരുന്നു. വിവാഹത്തെക്കുറിച്ച് ഔദ്യോഗിക അറിയിപ്പിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ALSO READ : അവസാനം വിജയവഴിയിലേക്ക് ബോളിവുഡും; മികച്ച കളക്ഷനുമായി മണിച്ചിത്രത്താഴ് രണ്ടാംഭാഗം

കാതുവാക്കിലെ രണ്ടു കാതല്‍ ആണ് നയന്‍താരയും വിഘ്നേഷും ഒരുമിച്ച അവസാന ചിത്രം. വിഘ്നേഷ് ശിവന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ വിജയ് സേതുപതിയും സാമന്തയുമാണ് നയന്‍താരയ്ക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തില്‍ കമിതാക്കളായിരുന്നു മൂവരുടെയും കഥാപാത്രങ്ങള്‍. സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോസുമായി ചേര്‍ന്ന് റൗഡി പിക്ചേഴ്സിന്‍റെ ബാനറില്‍ നയന്‍താരയും വിഘ്‍നേഷ് ശിവനും തന്നെയായിരുന്നു ഈ ചിത്രത്തിന്‍റെ നിര്‍മ്മാണവും. അതേസമയം അജിത്ത് കുമാര്‍ നായകനാവുന്ന അടുത്ത ചിത്രത്തിന്‍റെ സംവിധാനം വിഘ്നേഷ് ശിവനാണ്. ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുബാസ്‍കരന്‍ ആണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നയന്‍താരയാവും ചിത്രത്തില്‍ നായികയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷാവസാനം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും അടുത്ത വര്‍ഷം മധ്യത്തോടെ റിലീസ് ചെയ്യുമെന്നുമാണ് ലൈക്ക പ്രൊഡക്ഷന്‍സ് അറിയിച്ചിരിക്കുന്നത്.