Asianet News MalayalamAsianet News Malayalam

'നിന്റെ മുഖത്തെ ആ പുഞ്ചിരി എന്നും നിലനിൽക്കട്ടെ': നയൻതാരയോട് വിഘ്നേശ് ശിവൻ

കൂടുതൽ പ്രത്യേകതയുളള പിറന്നാളാണ് ഇതെന്നും അതിന് കാരണം തങ്ങൾ ഇപ്പോൾ ഭാര്യാഭർത്താക്കന്മാരാണെന്നും കൂടാതെ രണ്ട് കുഞ്ഞുങ്ങളുടെ മാതാപിതാക്കളാണെന്നും വിഘ്നേശ് കുറിച്ചു.

vignesh shivan shares birthday wish to nayanthara
Author
First Published Nov 18, 2022, 5:18 PM IST

തെന്നിന്ത്യയുടെയും മലയാളക്കരയുടെയും പ്രിയ താരം നയൻതാരയുടെ മുപ്പത്തിയൊമ്പതാം ജന്മദിനമാണ് ഇന്ന്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് ലേഡി സൂപ്പർ സ്റ്റാറിന് ആശംസയുമായി രം​ഗത്തെത്തുന്നത്. ഈ അവസരത്തിൽ പ്രിയതമയ്ക്ക് പിറന്നാൾ ആശംസ അറിയിച്ച് കൊണ്ട് വിഘ്നേശ് ശിവൻ കുറിച്ച വാക്കുകളാണ് പ്രേക്ഷക ശ്രദ്ധനേടുന്നത്. 

ഒന്നിച്ച് ആഘോഷിക്കുന്ന ഒൻപതാമത്തെ പിറന്നാളാണ് ഇതെന്ന് വിഘ്നേശ് കുറിക്കുന്നു. കൂടുതൽ പ്രത്യേകതയുളള പിറന്നാളാണ് ഇതെന്നും അതിന് കാരണം തങ്ങൾ ഇപ്പോൾ ഭാര്യാഭർത്താക്കന്മാരാണെന്നും കൂടാതെ രണ്ട് കുഞ്ഞുങ്ങളുടെ മാതാപിതാക്കളാണെന്നും വിഘ്നേശ് കുറിച്ചു.

“നമ്മൾ ഒന്നിച്ച് ആഘോഷിക്കുന്ന നിന്റെ ഒൻപതാമത്തെ പിറന്നാളാണിന്ന്. നിന്നോടൊപ്പമുളള ഒരോ പിറന്നാളും ഏറെ പ്രിയപ്പെട്ടതായിരുന്നു. പക്ഷെ ഇതായിരിക്കും ഏറെ പ്രത്യേകതയുളളത്. കാരണം നമ്മൾ ഇന്ന് ഭാര്യാഭർത്താക്കന്മാരാണ്. രണ്ടു കുഞ്ഞുങ്ങളുടെ അച്ഛനും അമ്മയുമാണ്. നിന്നെ എനിക്കു വളരെ അടുത്തറിയാം, നീ എത്ര കരുത്തുളളവളാണെന്നും അറിയാം. നിന്റെ ജീവിതത്തിലെ ഓരോ വ്യതിയാനങ്ങളും ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ ഇന്ന് നിന്നെ അമ്മയായിട്ടു കാണുമ്പോൾ അതുകൂടുതൽ പൂർണത നൽകുന്നതായി തോന്നുന്നു. ഇപ്പോൾ നീ അധികം മേക്കപ്പ് ചെയ്യാറില്ല, കാരണം നമ്മുടെ കുട്ടികൾ നിനക്കു എപ്പോഴും ഉമ്മ തരുന്നുണ്ടല്ലോ. നിന്റെ മുഖത്തുളള ഈ പുഞ്ചിരി എന്നും ഇങ്ങനെ തന്നെ നിലനിൽക്കട്ടെ.ജീവിതം മനോഹരമാണെന്ന് തോന്നുന്നു... സംതൃപ്തിയും നന്ദിയും. എല്ലാ ജന്മദിനങ്ങളും ഇതുപോലെ സന്തോഷകരമായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു! നമ്മുടെ കുഞ്ഞുങ്ങളോടൊപ്പം”, എന്നാണ് നയൻസിനൊപ്പമുള്ള ചിത്രം പങ്കുവച്ച് വിഘ്നേശ് കുറിച്ചത്.

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ഈ വർഷം ജൂണിലായിരുന്നു വിഘ്നേശും നയൻതാരയും വിവാഹിതരായത്. പിന്നാലെ ഒക്ടോബര്‍ ഒന്‍പതിന് തങ്ങള്‍ വാടക ഗര്‍ഭധാരണത്തിലൂടെ മാതാപിതാക്കളായ വിവരവും ഇരുവരും അറിയിച്ചു. എന്നാൽ സന്തോഷത്തോടൊപ്പം തന്നെ താരദമ്പതികൾ വിവാദത്തിലും അകപ്പെട്ടു. വാടക ഗര്‍ഭധാരണത്തിന്റെ ചട്ടങ്ങള്‍ താരങ്ങള്‍ ലംഘിച്ചോ എന്ന് പരിശോധിക്കാന്‍ തമിഴ്നാട് സർക്കാർ ഉത്തരവിടുകയും ചെയ്തിരുന്നു. 

'മനപ്പൂർവം മലയാളത്തിൽ നിന്നും ഗ്യാപ് എടുത്തതല്ല, നല്ല കഥാപാത്രങ്ങൾക്കായി കാത്തിരുന്നു': പ്രിയ വാര്യർ

അതേസമയം, മലയാള ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആയ ​ഗോഡ് ഫാദർ എന്ന ചിത്രമാണ് നയൻതാരയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. ലൂസിഫറിൽ മഞ്ജുവാര്യർ അവതരിപ്പിച്ച കഥാപാത്രത്തെയാണ് നയൻതാര ​ഗോഡ് ഫാദറിൽ അവതരിപ്പിച്ചത്. ഗോള്‍ഡ് എന്ന ചിത്രമാണ് മലയാളത്തിൽ നയൻതാരയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അൽഫോൺസ് പുത്രൻ  ആണ്. 

Follow Us:
Download App:
  • android
  • ios