ചെന്നൈ: ആരാധകരോടുള്ള പെരുമാറ്റത്തിന് ഏറെ പേരു കേട്ടിട്ടുള്ള തമിഴ് സൂപ്പര്‍ താരം വിജയ്ക്കെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍. ആരാധകര്‍ക്ക് ഹസ്തദാനം നല്‍കിയ ശേഷം ഡെറ്റോള്‍ ഉപയോഗിച്ച് വിജയ് കൈകള്‍ കഴുകി വൃത്തിയാക്കാറുണ്ടെന്ന് തമിഴ് സംവിധായകന്‍ സാമി. 

സിനിമകള്‍ക്ക് പുറമേ നിത്യ ജീവിതത്തിലും വിജയ് മികച്ച അഭിനേതാവാണ്. അഭിനയിച്ചിട്ട് പോകണം. അല്ലാതെ വലിയ ആളുകളേപ്പോലെ വേദികളില്‍ കയറി വന്‍ പ്രഖ്യാപനങ്ങളും പ്രസ്താവനകളും ചെയ്യരുതെന്നും സംവിധായകന്‍ വീഡിയോയില്‍ ആവശ്യപ്പെടുന്നു. സിനിമയിലേക്കാളും നന്നായി ജീവിതത്തില്‍ അഭിനയിക്കുന്ന ആളാണ് വിജയ് എന്ന് സംവിധായകന്‍ വീഡിയോയില്‍ ആരോപിക്കുന്നു. ആരാധകവൃന്ദത്തെ പറ്റിക്കുന്നത് പോലെ എല്ലാവരേയും പറ്റിക്കാമെന്ന് കരുതരുത്. 

ആരാധകരാണ് തന്‍റെ ദൈവമെന്നെല്ലാം വേദിയില്‍ പറഞ്ഞ് അവരെ ചേര്‍ത്ത് നിര്‍ത്തി ഹസ്തദാനം ചെയ്ത് ചിത്രമെടുത്ത ശേഷം ഡെറ്റോള്‍ ഉപയോഗിച്ച് കഴുകുന്ന ആളാണ് വിജയ് എന്നാണ് സംവിധായകന്‍ സാമി ആരോപിക്കുന്നത്. വിജയ് ഇങ്ങനെ ചെയ്യുന്നത് താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും സാമി പറയുന്നു. ഇതാണ് നിങ്ങളുടെ യഥാര്‍ത്ഥ അഭിനയം. എന്ത് ചെയ്തിട്ടാണ് വന്‍ തുക പ്രതിഫലമായ ചോദിക്കുന്നതെന്ന് മനസിലാവുന്നില്ല. 

പ്രതിഫലം കള്ളപ്പണമാക്കിയാണ് വിജയ് ചെലവിടുന്നത്. നിങ്ങളുടെ സത്യസന്ധത എവിടെയാണ്. എത്രകാലം തമിഴ്നാട്ടുകാരെ ഇത്തരത്തില്‍ പറ്റിക്കാന്‍ സാധിക്കുമെന്ന് സാമി ചോദിക്കുന്നു. വിജയ് ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഒന്നാണ് താരത്തിനൊപ്പമുള്ള ഫോട്ടോഷൂട്ട്. 

അഭിനയത്തിരക്കുകള്‍ മാറ്റിവച്ച് പലപ്പോഴും വിജയ് ഇതിനായി സമയം കണ്ടെത്താറുമുണ്ട്. ഫാന്‍സ് അസോസിയേഷനുകളാണ് ഫോട്ടോഷൂട്ടുകള്‍ ഒരുക്കുന്നത്. ഓരോ ആരാധകനേയും ചേര്‍ത്ത് പിടിച്ച് ഫോട്ടോയെടുക്കുന്ന വിജയ്‍യുടെ രീതി ഏറെ കയ്യടി വാങ്ങിയിട്ടുള്ളതുമാണ്. ഇതിനെതിരെയാണ് ഉയിർ, ആദി, മിറുഗം, കങ്കാരു തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ സാമിയുടെ ഗുരുതര ആരോപണങ്ങള്‍.