ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന 'ആട് 3' യുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 'ഡ്യൂഡ്' എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ വിനായകൻ ചിത്രീകരണത്തിൽ പങ്കുചേർന്നിട്ടുണ്ട്.
മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ആട് 3. ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ആട് 3യിൽ ഡ്യൂഡ് എന്ന പ്രധാന വേഷത്തിൽ എത്തുന്ന വിനായകനും സെറ്റിൽ ജോയിൻ ചെയ്തിരിക്കുകയാണ്. ആട് 2ൽ ഉണ്ടായിരുന്ന വിനായകന്റെ ഈ വേഷത്തിന് പ്രത്യേകം ഫാൻ ബേയ്സ് തന്നെയുണ്ട്. അതുകൊണ്ട് തന്നെ മൂന്നാം ഭാഗത്തിലേക്കുള്ള വിനായകന്റെ എൻട്രി ആരാധകർ ആഘോഷമാക്കിയിട്ടുണ്ട്.
ചുവന്ന ഓവര്‍കോട്ടും വെള്ള ഷര്‍ട്ടും കറുത്ത പാന്‍റ്സും കൂളിങ് ഗ്ലാസുമിട്ട് കാരവനില്‍ നിന്നിറങ്ങി വന്ന വിനായകനെ നിറഞ്ഞ കയ്യടിയോടെ മറ്റുള്ളവർ വരവേൽക്കുന്നുണ്ട്. മിഥുൻ, ഡ്യൂഡിന് തന്‍റെ ആയുധമായ തോക്ക് കൊടുത്ത് സ്വീകരിക്കുന്നുമുണ്ട്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ജയസൂര്യയുടെ കരിയറിലെ 107-ാമത് സിനിമ കൂടിയാണ് ആട് 3. ഫ്രൈഡൈ ഫിലിംസിന്‍റെ ബാനറില്‍ വിജയ് ബാബു നിർമിക്കുന്ന ചിത്രത്തിൽ ജയസൂര്യ, വിജയ് ബാബു, വിനായകൻ, സണ്ണി വെയ്ൻ, സൈജു ഗോവിന്ദ കുറുപ്പ്, അജു വർഗീസ്, ഷാൻ റഹ്മാൻ, ഇന്ദ്രൻസ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
കഴിഞ്ഞ കുറേക്കാലമായി മലയാളികൾ കാത്തിരിക്കുന്നൊരു സിനിമ കൂടിയാണ് ആട് 3. 2024 മാർച്ചിൽ ആയിരുന്നു മൂന്നാം ഭാഗം വരുന്നുവെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നത്. പിന്നാലെ ഒക്ടോബറിൽ സിനിമ തുടങ്ങുമെന്ന് അറിയിച്ച് ചിത്രത്തിന്റെ ടൈറ്റിലും പുറത്തുവിട്ടു. 'ആട് 3-വണ്‍ ലാസ്റ്റ് റൈഡ്' എന്നാണ് മൂന്നാം ഭാഗത്തിന്റെ പേര്. ഈ വർഷം ഫെബ്രുവരിയിൽ പ്രീ പ്രൊഡക്ഷൻ വർക്കുകളും ആരംഭിച്ചിരുന്നു. ജയസൂര്യ, ഷാജി പാപ്പനായി എത്തിയ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം തിയറ്ററിൽ പരാജയമായിരുന്നുവെങ്കിലും പ്രേക്ഷകർ ഏറ്റെടുത്തു. പിന്നാലെ രണ്ടാം ഭാഗവും എത്തി വിജയം കൊയ്തിരുന്നു.

