വിജയ് ചിത്രം 'മാസ്റ്റര്‍' കാണാന്‍ തിയറ്ററിലെത്തി വിനീത് ശ്രീനിവാസന്‍. സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഹൃദയ'ത്തിന്‍റെ ഷൂട്ടില്‍ നിന്നുള്ള ഇടവേളയിലാണ് വിനീത് കൊച്ചിയിലെ തിയറ്ററിലെത്തിയത്. 'ഹൃദയ'ത്തിലെ നായികാനായകന്മാരായ കല്യാണി പ്രിയദര്‍ശനും പ്രണവ് മോഹന്‍ലാലും വിനീതിനൊപ്പമുണ്ടായിരുന്നു.

'മാസ്റ്ററി'ന്‍റെ സംവിധായകന്‍ ലോകേഷ് കനകരാജിന് നന്ദി പറഞ്ഞുകൊണ്ട് വിനീത് സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ കുറിച്ചു- "അവസാനം മാസ്റ്റര്‍ ബിഗ് സ്ക്രീനില്‍ കാണാന്‍ സാധിച്ചിരിക്കുന്നു. സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു. സാധാരണ മാസ് ചിത്രങ്ങളില്‍ നിന്ന് വേറിട്ട രീതിയില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രം. ലോകേഷ് കനകരാജ്.. മാസ്റ്റര്‍ ഞങ്ങള്‍ക്ക് എന്തൊരു സന്തോഷമാണെന്നോ ഉണ്ടാക്കിയത്. ഒരുപാട് നാളിനു ശേഷം കൈയടികളും വിസിലടികളും കേട്ടത് വലിയ സന്തോഷമായിരുന്നു. ബിഗ് സ്ക്രീന്‍ അനുഭവം തിരിച്ചെത്തിച്ചതിന് നന്ദി", വിനീത് ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയും കുറിച്ചു.

തിയറ്ററില്‍ തിരിച്ചത്തിയ അനുഭവത്തെ വാക്കുകളിലാക്കാന്‍ കഴിയില്ലെന്നായിരുന്നു കല്യാണിയുടെ കുറിപ്പ്. അതേസമയം കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന 'ഹൃദയ'ത്തിന്‍റെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. ഇരുപതിലേറെ ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കാനുണ്ടെന്നാണ് അറിയുന്നത്. മഹേഷ് നാരായണന്‍റെ സി യു സൂണിലൂടെ ശ്രദ്ധ നേടിയ ദര്‍ശന രാജേന്ദ്രനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യത്തിനു ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.