ഉറ്റ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വിവാഹ തീയതി ഓര്‍മ്മിപ്പിക്കുന്ന 'സേവ് ദ ഡേറ്റ്' വീഡിയോകള്‍ ചിലപ്പോഴൊക്കെ വൈറല്‍ ആകാറുണ്ട്. എന്നാല്‍ ഇതുവരെ കണ്ടുപോയ 'സേവ് ദ ഡേറ്റ്' വീഡിയോകളില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒന്ന് ഒരുക്കിയിരിക്കുകയാണ് ഒരു സംഘം ചെറുപ്പക്കാര്‍. ഭാഷാഭേദമന്യെ തെന്നിന്ത്യയില്‍ മുഴുവന്‍ തരംഗമായ കന്നഡ ചിത്രം 'കെജിഎഫി'ല്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട വീഡിയോ തയ്യാറാക്കിയിരിക്കുന്നത് പ്രൈംലെന്‍സ് ഫോട്ടോഗ്രഫിയാണ്.

2.55 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഒരു ക്രൈം ത്രില്ലര്‍ സിനിമയുടെ ട്രെയ്‌ലര്‍ ആണോ എന്ന തോന്നലുളവാക്കിയാണ് ആരംഭിക്കുന്നത്. സാധാരണ സിനിമകളില്‍ വില്ലന്‍ കഥാപാത്രങ്ങളുടേതിന് സമാനമായ പശ്ചാത്തലത്തില്‍, അത്തരം കഥാപാത്രങ്ങളെന്ന് തോന്നിപ്പിക്കുന്നവരുടെ സാന്നിധ്യത്തിലാണ് വിവാഹത്തീയതി അവതരിപ്പിച്ചിരിക്കുന്നത്.

മുന്‍പും കൗതുകമുണര്‍ത്തുന്ന 'സേവ് ദ ഡേറ്റ്' വീഡിയോകള്‍ ഒരുക്കിയിട്ടുള്ള ആനന്ദ് ആലത്തറയുടേതാണ് ആശയവും സംവിധാനവും. ഛായാഗ്രഹണം അഭിനന്ദ്, അരവിന്ദ് എന്നിവര്‍. എഫക്ട്‌സ് അരുണ്‍. മേക്കപ്പ് സുരേഷ്. നിതിന്‍ ശങ്കര്‍, വിഷ്ണു, രതീഷ്, കുട്ടന്‍, രഞ്ജിത്ത് എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. ഷിനോസ്, നയന എന്നിവരുടെ വിവാഹത്തീയതിയാണ് ഇവര്‍ അവതരിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 2നാണ് വിവാഹം.