മലയാളികളുടെ സോഷ്യല്‍ മീഡിയ ടൈംലൈനുകളില്‍ മുഴുവന്‍ ഇന്നലെ മമ്മൂട്ടിയായിരുന്നു. അദ്ദേഹത്തിന്‍റെ 69-ാം പിറന്നാള്‍ ദിനമായിരുന്ന ഇന്നലെ തങ്ങളുടെ പ്രിയ മമ്മൂട്ടി കഥാപാത്രങ്ങളെ ഓര്‍ത്തെടുക്കുകയായിരുന്നു ആരാധകരും അദ്ദേഹത്തിന്‍റെ സഹതാരങ്ങളുമൊക്കെ. എന്നാല്‍ മമ്മൂട്ടിയോടുള്ള ആരാധനയുടെ കാര്യത്തില്‍ പ്രായം ഒരു മാനദണ്ഡമേയല്ലെന്ന് പറയുകയാണ് ഒരു വൈറല്‍ വീഡിയോ. 'മമ്മൂക്ക' തന്നെ ബര്‍ത്ത്ഡേയ്ക്ക് വിളിച്ചിട്ടില്ലെന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന ഒരു കുഞ്ഞ് ആരാധികയുടെ വീഡിയോ മമ്മൂട്ടി തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്

മമ്മൂക്കാനോട് മുണ്ടൂലെന്നും ഹാപ്പി ബര്‍ത്ത്ഡേയ്ക്ക് തന്നെ വിളിച്ചില്ലെന്നും പറഞ്ഞാണ് കുട്ടി പൊട്ടിക്കരയുന്നത്. പശ്ചാത്തലത്തില്‍ കുട്ടിയെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു മുതിര്‍ന്നയാളുടെ ശബ്ദവും കേള്‍ക്കാം. എന്നാല്‍ പറഞ്ഞതുതന്നെ ആവര്‍ത്തിച്ച് കരച്ചില്‍ തുടരുകയാണ് കുട്ടി. 'വിളിക്കൂട്ടോ, നമുക്ക് മമ്മൂക്കാന്‍റെ വീട്ടിലേക്ക് പോകാട്ടോ' എന്നൊക്കെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കുട്ടി കരച്ചില്‍ നിര്‍ത്തുന്നില്ല. 'പിണങ്ങല്ലേ, എന്താ മോള്‍ടെ പേര്', എന്ന് അന്വേഷിച്ചുകൊണ്ടാണ് മമ്മൂട്ടി വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 

അതേസമയം സന്തോഷ് വിശ്വനാഥിന്‍റെ വണ്‍ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി പുറത്തുവരാനുള്ളത്. കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീട്ടിവെക്കേണ്ടിവന്ന ചിത്രങ്ങളുടെ കൂട്ടത്തിലാണ് ഈ സിനിമയും. കേരള മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ പിറന്നാള്‍ പ്രമാണിച്ച് ചിത്രത്തിന്‍റെ പുതിയ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ചിത്രം ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തിക്കില്ലെന്ന് നിര്‍മ്മാതാവ് നേരത്തെ അറിയിച്ചിരുന്നു.