ട്രാവൽ വ്ലോഗർ അരുണിമ, തുർക്കിയിൽ ഡ്രൈവറിൽ നിന്നുണ്ടായ ദുരനുഭവം പങ്കുവെച്ചപ്പോൾ പിന്തുണയും വിമർശനവും നേരിട്ടു. റീച്ചിനുവേണ്ടിയുള്ള നാടകമാണിതെന്നായിരുന്നു പ്രധാന ആരോപണം. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ അരുണിമ. 

ട്രാവൽ വ്ലോഗിലൂടെ മലയാളികൾക്ക് സുപരിചിതയാണ് അരുണിമ. ബാക്ക്പാക്കർ അരുണിമ എന്ന സമൂഹ മാധ്യമ അകൗണ്ടുകളിലൂടെ തന്റെ ട്രാവൽ വീഡിയോസും, യാത്രകൾക്കിടയിൽ നേരിട്ട നല്ലതും മോശവുമായ പല അനുഭവങ്ങളും അരുണിമ പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ തുർക്കിയിൽ വെച്ച തനിക്ക് നേരിട്ട ഒരു ദുരനുഭവം അരുണിമ വീഡിയോയിലൂടെ പങ്കുവെച്ചിരുന്നു. ലിഫ്റ്റ് ചോദിച്ച് താൻ കയറിയ കാറിലെ ഡ്രൈവർ സ്വയംഭോഗം ചെയ്യുന്ന വീഡിയോ അരുണിമ പങ്കുവെച്ചിരുന്നു. ഇതിനെതിരെ അരുണിമയെ പിന്തുണച്ചതും മറ്റും നിരവധി പേരാണ് രംഗത്തുവന്നത്, ഇത്തരത്തിൽ അപരിചതരോട് ലൈഫ് ചോദിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും, വീഡിയോ എടുത്തത് നന്നായി എന്നും, സുരക്ഷിതമായി യാത്ര ചെയ്യൂ എന്നും പറഞ്ഞ് നിരവധി പേരാണ് അരുണിമയ്ക്ക് പിന്തുണയുമായി എത്തിയത്. എന്നാൽ ചില യൂടൂബേഴ്‌സും, സോഷ്യൽ മീഡിയ താരങ്ങളും അരുണിമയ്ക്കെതിരെ രംഗത്തുവന്നിരുന്നു, റീച്ചിന് വേണ്ടിയാണ് അരുണിമ ഇത്തരത്തിൽ വീഡിയോ അപ്‍ലോഡ് ചെയ്യുന്നതെന്നായിരുന്നു ഇവരുടെ വാദം.

എന്നാൽ ഇപ്പോഴിതാ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് അരുണിമ. ‘ഉളുപ്പില്ലാത്ത ചില മലയാളികൾ’ എന്ന തലക്കെട്ടോടെയാണ് അരുണിമ തന്റെ സോഷ്യൽ മീഡിയ അകൗണ്ടിൽ ഇതിനെതിരെയുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സ്വന്തം വീട്ടിലുള്ളവരുടെ സ്വഭാവമായിരിക്കും തന്റെയും സ്വഭാവം എന്ന് കരുതിയാണ് ചിലർ ഇത്തരത്തിലുള്ള റിയാക്ഷൻ വീഡിയോ ചെയ്യുന്നതെന്നും, കൂടുതൽ ഒന്നും പറയാനില്ലെന്നും അരുണിമ പറയുന്നു.

‘ഇതൊക്കെ പറയാന്‍ ഉളുപ്പില്ലേ’?

"കുറേ സുഹൃത്തുക്കള്‍ വീഡിയോ അയച്ചു തന്നു. എനിക്കിവിടെ നെറ്റ് വർക്ക് കുറവാണ്. തുര്‍ക്കിയില്‍ എനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് വേറെ ആളുകള്‍ വീഡിയോ ചെയ്യുന്നുണ്ട്. എന്തൊക്കെയാണ് അവര്‍ പറയുന്നത്? ഒന്നും പറയാനില്ല. ആറു മാസം മുമ്പ് ഹോണ്ടുറാസിലുള്ളപ്പോഴത്തെ വിഡിയോ എടുത്ത് അതേപ്പറ്റിയൊക്കെ പറയുന്നുണ്ട്. എന്തൊക്കെ ഞാന്‍ കേള്‍ക്കണം. ഒന്നും പറയാനില്ല. പോയ് ചത്തൂടേ എന്നേ എനിക്ക് ചോദിക്കാനുള്ളൂ. സ്വന്തം വീട്ടിലുള്ളവരുടെ സ്വഭാവമായിരിക്കും എന്റേയും സ്വഭാവം എന്നു കരുതിയാകും വീഡിയോ ഇടുന്നത്. കൂടുതല്‍ ഒന്നും പറയുന്നില്ല, പറഞ്ഞാല്‍ കൂടിപ്പോകും. എന്നെ വച്ച് ഇവര്‍ പൈസയുണ്ടാക്കുകയാണ്. ഞാന്‍ റീച്ചിന് വേണ്ടി ആ വ്യക്തിയെ സെഡ്യൂസ് ചെയ്തതുകൊണ്ടാണ് അയാള്‍ സ്വയംഭോഗം ചെയ്തത് എന്നാണ് പറയുന്നത്. ഇതൊക്കെ പറയാന്‍ ഉളുപ്പില്ലേ? സ്വന്തം വീട്ടിലെ ആര്‍ക്കെങ്കിലും ഇതുപോലെ സംഭവിച്ചാല്‍ അവന്മാര്‍ അതെടുത്ത് റിയാക്ഷന്‍ വിഡിയോ ചെയ്യുമോ?" അരുണിമ പറയുന്നു.

View post on Instagram

"ഇത്രയും മോശമായി ചിത്രീകരിക്കാൻ ഒരു മനുഷ്യന് എങ്ങനെ സാധിക്കുന്നു. സ്വന്തമായി ഒരു കഴിവും ഇല്ലാത്ത ആളുകൾ എന്നെപ്പോലെയുള്ള യാത്ര ചെയ്യുന്ന ആളുകളെയും സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള വീഡിയോ ചെയ്യുന്ന ആളുകളെയും ഏറ്റവും കൂടുതൽ റീച്ചുള്ള വീഡിയോ എടുത്തുനോക്കി അതിനെ വിമർശിച്ച വീഡിയോ ഉണ്ടാക്കി കാശുണ്ടാക്കുന്ന പ്രവണത ഞാൻ കുറച്ചു നാളുകളായി കണ്ടുവരുന്നു. സ്വന്തമായി ഒന്നും ചെയ്യാൻ കഴിവില്ലാത്തത് ആരുടെയും തെറ്റല്ല. എന്നാൽ മറ്റുള്ളവരെ മോശമാക്കി ഇങ്ങനെ വീഡിയോ ചെയ്തു പൈസ ഉണ്ടാക്കി ജീവിക്കുന്ന ആളുകളോട് എനിക്ക് വെറും പുച്ഛം മാത്രം. നെഗറ്റീവ് മാത്രം ആളുകളിൽ എത്തിക്കാതെ സ്വന്തമായി എന്തെങ്കിലുമൊക്കെ ചെയ്തു പോസിറ്റീവ് ആയിട്ടുള്ള കുറച്ചു കാര്യങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുക. ഞാൻ എന്റെ അനുഭവങ്ങളാണ് ഇടുന്നത് അത് നല്ലതാണെങ്കിലും മോശമാണെങ്കിലും. എന്തിനെയും ഏതിനെയും മോശമായി കാണാൻ മാത്രം കുറെ ആളുകൾ…കുറെ കാര്യങ്ങൾ ഒന്നും ഞാൻ മൈൻഡ് ചെയ്യാറില്ല എന്നാൽ ഒരുപാട് ആകുമ്പോൾ എല്ലാവരും എന്റെ തലയിൽ കേറിയിരിക്കുന്ന പോലെ എനിക്ക് തോന്നി അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു വീഡിയോ ചെയ്തത്." വീഡിയോ പങ്കുവെച്ചുകൊണ്ട് അരുണിമ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.