സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് പ്രദീപ് ചന്ദ്രന്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്‍ത ഹിറ്റ് പരമ്പരയായ 'കറുത്തമുത്തി'ല്‍ ഡിസിപി അഭിറാം എന്ന കഥാപാത്രമായി എത്തിയാണ് പ്രദീപ് കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാകുന്നത്.

ബിഗ് ബോസ് സീസൺ ഒന്നിൽ മത്സരാർത്ഥിയായി എത്തിയും പ്രദീപ് പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയിരുന്നു. കഴിഞ്ഞ വർഷമായിരുന്നു താരത്തിന്‍റെ വിവാഹം. ഇരുവരുടെയും ജീവിതത്തിലേക്ക് പുതിയൊരു അതിഥി എത്തുന്നതിന്റെ സന്തോഷത്തിലാണ് പ്രദീപ് ഇപ്പോൾ.

 'ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത  ഒരാളുമായി പ്രണയത്തിലാണ്. പരിചിതമല്ലാത്ത ഏറ്റവും സുന്ദരമായ ഒരു വികാരമാണ് ഇപ്പോൾ ഉള്ളത്. വൈകാതെ കാണാം കുഞ്ഞേ...' എന്നാണ് പ്രി ഡെലിവറി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് പ്രദീപ് കുറിച്ചത്. ഇതിനോടകം തന്നെ ആശംസുകളുമായി നിരവധി ആരാധകരാണ് എത്തുന്നത്.

'കുഞ്ഞാലി മരയ്ക്കാര്‍' എന്ന സീരിയലിലെ കുഞ്ഞാലിയുടെ വേഷം അവതരിപ്പിച്ചുകൊണ്ടാണ് പ്രദീപ് ടെലിവിഷന്‍ പരമ്പരകളുടെ ഭാഗമാകുന്നത്. 'കറുത്തമുത്തി'ലൂടെയാണ് ശ്രദ്ധേയനാകുന്നത്. മേജര്‍ രവി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'മിഷന്‍ 90 ഡേയ്സി'ലൂടെയാണ് പ്രദീപ് സിനിമയിലേക്ക് കാലെടുത്തുവയ്ക്കുന്നത്.

പിന്നീട് മോഹന്‍ലാല്‍ നായകനായെത്തിയ 'ദൃശ്യം', 'ഒപ്പം', 'ഇവിടം സ്വര്‍ഗമാണ്', ഏഞ്ചല്‍ ജോണ്‍, 'കാണ്ഡഹാര്‍', 'ലോക്പാല്‍', 'ലോഹം', '1971; ബിയോണ്‍ഡ് ബോര്‍ഡേഴ്സ്' എന്നിങ്ങനെ നിരവധി സിനിമകളിലും അഭിനയിച്ചു. 'ദൃശ്യ'ത്തില്‍ പ്രദീപ് അവതരിപ്പിച്ച കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു.