മമ്മൂട്ടിയെ നായകനാക്കി അനൗണ്‍സ് ചെയ്യപ്പെട്ട പ്രോജക്ടുകളില്‍ ഏറ്റവും കാത്തിരിപ്പുള്ള ഒന്നാണ് അമല്‍ നീരദ് സംവിധാനം ചെയ്യുന്ന 'ബിലാല്‍'. അമല്‍ നീരദ് സംവിധായകനായി അരങ്ങേറ്റം കുറിച്ച 2007 ചിത്രം 'ബിഗ് ബി'യിലെ മമ്മൂട്ടി കഥാപാത്രം പുനരവതരിക്കുന്ന ചിത്രമാവും 'ബിലാല്‍'. 'ബിലാല്‍ ജോണ്‍ കുരിശിങ്കല്‍' എന്നായിരുന്നു 'ബിഗ് ബി'യില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. എന്നാല്‍ ചിത്രം പ്രഖ്യാപിക്കപ്പെട്ടിട്ട് ഏറെക്കാലമായെങ്കിലും പിന്നീട് അതിനെക്കുറിച്ചുള്ള ഒഫിഷ്യല്‍ അപ്‌ഡേഷനുകളൊന്നും പുറത്തുവന്നിട്ടില്ല. പ്രേക്ഷകര്‍ക്ക് എന്നാണ് 'ബിലാലി'നെ വീണ്ടും കാണാനാവുക? മമ്മൂട്ടി ആരാധകര്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്ന ചോദ്യമാണ് ഇത്. ഈ ചോദ്യം മമ്മൂട്ടിയോട് ഒരു ആരാധകന്‍ നേരിട്ടുതന്നെ ചോദിച്ചു. മമ്മൂട്ടി അതിന് മറുപടിയും പറഞ്ഞു. ഇന്നലെ 'ഗാനഗന്ധര്‍വ്വന്‍' എന്ന ചിത്രത്തിന്റെ പ്രചരണാര്‍ഥം ചിത്രത്തിന്റെ സംവിധായകന്‍ രമേശ് പിഷാരടിയുമൊത്ത് ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി നടത്തിയ ലൈവിലാണ് ആരാധകന്റെ ഈ ചോദ്യം അദ്ദേഹത്തെ തേടിയെത്തിയത്.

16 മിനിറ്റിലേറെ നീണ്ട ലൈവിനിടെ ആരാധകന്റെ ചോദ്യം ഇങ്ങനെയായിരുന്നു. 'ബിലാല്‍ എന്നാണ് റിലീസ്?'. പെട്ടെന്നുതന്നെ വന്നു മമ്മൂട്ടിയുടെ മറുപടി. അതിങ്ങനെ.. 'ബിലാല്‍ വരും, ബിലാലിന്റെ തയ്യാറെടുപ്പുകള്‍ നടക്കുന്നു.'

റിലീസ് ചെയ്യപ്പെട്ട കാലത്തേക്കാള്‍ പില്‍ക്കാലത്ത് മമ്മൂട്ടി ആരാധകര്‍ക്കിടയിലും മറ്റ് സിനിമാപ്രേമികള്‍ക്കിടയിലും കള്‍ട്ട് പദവിയിലേക്കുയര്‍ന്ന ചിത്രമാണ് ബിഗ് ബി. മുഖ്യധാരാ മലയാളസിനിമയിലെ നായകന്മാര്‍ സാധാരണ നെടുങ്കന്‍ സംഭാഷണങ്ങള്‍ പറയുന്നവരായിരുന്നുവെങ്കില്‍ 'ബിലാല്‍' ചെറുസംഭാഷണങ്ങളാണ് ചിത്രത്തില്‍ പറഞ്ഞത്. എന്നാല്‍ മമ്മൂട്ടി കഥാപാത്രങ്ങളുടെ പഞ്ച് ഡയലോഗുകളുടെ കൂട്ടത്തില്‍ 'ബിഗ് ബി'യിലെ ഡയലോഗുകളും പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. ഉണ്ണി ആര്‍ ആയിരുന്നു ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്.