മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനാണ് 'വാനമ്പാടി' പരമ്പരയില്‍ 'മോഹന്‍ കുമാറാ'യി വേഷമിട്ട തെലുങ്ക് താരം സായ് കിരണ്‍. നിറം എന്ന മലയാളചിത്രത്തിന്‍റെ തെലുങ്ക് റീമേക്ക് 'നുവ്വ കവാലി' എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്കെത്തിയ സായ് കിരണിന് പിന്നീട് മറ്റൊരു മേഖലയെപ്പറ്റിയും ചിന്തിക്കേണ്ടി വന്നിട്ടില്ല. തനതായ അഭിനയ ശൈലിയിലൂടെ സിനിമാ, സിരിയല്‍ രംഗത്ത് തന്‍റേതായ ഇടം കണ്ടെത്തി സായ് കിരണ്‍. മലയാളത്തിലും തെലുങ്കിലും മികച്ച റേറ്റിംഗോടെ മുന്നേറിയ പരമ്പര അടുത്തിടെയായിരുന്നു അവസാനിച്ചത്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര സെഷനിലൂടെ മനസ് തുറന്നിരിക്കുകയാണ് സായ് കിരണ്‍. നിരവധി മലയാളികളും  സായ് കിരണിനോട് ചോദ്യങ്ങളുമായെത്തിയിരുന്നു. 

തെലുങ്കില്‍ 'കുയിലമ്മ' എന്ന പേരില്‍ സംപ്രേഷണം ചെയ്തിരുന്ന വാനമ്പാടിയും, മലയാളത്തിലെ ഒറിജിനല്‍ വാനമ്പാടിയും അവസാനിച്ചതിന്‍റെ വിശേഷങ്ങളാണ് പലര്‍ക്കും അറിയാനുണ്ടായിരുന്നത്. കൂടാതെ വാനമ്പാടിക്കൊരു രണ്ടാം ഭാഗം പ്രതീക്ഷിക്കാമോയെന്നും ആരാധകര്‍ ചോദിക്കുന്നു. മൃഗസ്‌നേഹിയായ താരത്തോട് വീട്ടിലെ പട്ടികളുടെ വിശേഷവും മറ്റും ചോദിക്കാനും ആരാധകര്‍ മറന്നില്ല. പുതുതായി തെലുങ്കില്‍ രണ്ട് പരമ്പരകളില്‍ ഒന്നിച്ചഭിനയിക്കുകയാണ് സായി കിരണ്‍ ഇപ്പോള്‍.

വാനമ്പാടി പരമ്പരയില്‍ ഏറ്റവും ഇഷ്ടം ആരെയായിരുന്നെന്നും ഏറ്റവുമധികം മിസ് ചെയ്യുന്നത് ആരെയെന്നുമുള്ള ചോദ്യത്തിന്, അനുമോള്‍ ഗൗരി പ്രകാശെന്നാണ് സായ് കിരണ്‍ മറുപടി പറഞ്ഞത്. ഇനി മലയാളത്തിലേക്ക് ഉണ്ടാകുമോ എന്ന ചോദ്യത്തിന് തീര്‍ച്ഛയായുമെന്ന് മറുപടി. വാനമ്പാടിയുടെ രണ്ടാംഭാഗത്തെപ്പറ്റിയുള്ള ചോദ്യത്തിന് അനുമോള്‍ വലുതാകട്ടെയെന്നാണ് മറുപടി. സുചിത്രയെപ്പറ്റി രണ്ടു വാക്ക് പറയാമോ എന്ന ചോദ്യത്തിന്, വളരെ നല്ല പ്രകൃതക്കാരിയായ, സഹജീവിസ്‌നേഹമുള്ള സുന്ദരിയാണെന്നായിരുന്നു  ഉത്തരം. പാട്ടുകാരന്‍ കൂടിയായ സായി കിരണിനോട് പാട്ട് പാടാമോ എന്ന ചോദ്യങ്ങള്‍ക്കെല്ലാം, ഒരു മടിയും കൂടാതെയാണ് താരം പ്രതികരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലെയെല്ലാം പാട്ടുകള്‍ ആരാധകര്‍ക്കായി താരം പാടുന്നുണ്ട്.