ബോളിവുഡിന്റെ ഇഷ്ടതാരങ്ങളാണ് ഷാരൂഖ് ഖാനും കജോളും. ‘ബാസി​ഗർ’, ‘ദിൽവാലെ ദുൽ ഹനിയ ലേ ജായേങ്കെ’, ‘കുച്ച് കുച്ച് ഹോതാ ഹെ’ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനിയിച്ച് പ്രേക്ഷകമനസ്സ് കീഴടക്കിയ താരങ്ങളാണ് ഇരുവരും. സിനിമയ്ക്കപ്പുറം നല്ല സുഹൃത്തുക്കൾ കൂടിയായ ഷാരൂഖിന്റെയും കജോളിന്റെയും സൗഹൃദം വർഷങ്ങൾ‌ക്കിപ്പുറും വീണ്ടും ചർച്ചയാകുകയാണ്.

അടുത്തിടെ കജോൾ ഇൻസ്റ്റഗ്രാമിൽ “ask me anything” എന്നൊരു സെഷൻ തുടങ്ങിയിരുന്നു. ആരാധകർക്ക് എന്തും ചോദിക്കാമെന്നതാണ് സെഷന്റെ പ്രത്യേകത. ചോദ്യം ചോദിച്ചെത്തുന്നവർക്ക് കൃത്യമായ മറുപടിയും താരം നൽകും. ആ​രാധകരുടെ ചോദ്യങ്ങളിൽ അധികവും ഷാരൂഖ് ഖാനെക്കുറിച്ചുള്ളതായിരുന്നു.'അജയ് ദേവ്ഗണിനെ കണ്ടില്ലായിരുന്നെങ്കിൽ ഷാരൂഖ് ഖാനെ വിവാഹം ചെയ്യുമായിരുന്നോ' എന്നായിരുന്നു ഒരു ഇൻസ്റ്റ​ഗ്രാം ഉപയോക്തവിന്റെ ചോദ്യം.

ഇതിന് വളരെ രസകരമായ മറുപടിയാണ് കജോൾ കൊടുത്തത്. ‘പുരുഷനല്ലേ ആദ്യം പ്രൊപ്പോസ് ചെയ്യേണ്ടതെന്നായിരുന്നു’ കജോളിന്റെ മറുപടി. ഷാരൂഖാനുമായുളള കജോളിന്റെ സ്‌നേഹബന്ധത്തെക്കുറിച്ച് ഉറ്റവാക്കിൽ വിശദീകരിക്കാനായിരുന്നു മറ്റൊരു ആരാധകൻ ആവശ്യപ്പെട്ടത്. ജീവിതത്തിലുടനീളമുള്ള സുഹൃത്ത് എന്നായിരുന്നു കജോളിന്റെ മറുപടി.

ഷാരൂഖിനൊപ്പമാണോ അജയ്ക്കൊപ്പമാണോ അഭിനയിക്കാൻ താൽപര്യമെന്നായിരുന്നു മറ്റൊരു ചോദ്യം. അത് സാഹചര്യത്തെ ആശ്രയിച്ചിരിക്കുന്നുവെന്നായിരുന്നു കജോൾ മറുപടി നൽകിയത്. ഇനി എപ്പോഴാണ് ഷാരൂഖ് ഖാനുമൊന്നിച്ചുള്ളൊരു സിനിമ എന്ന ചോദ്യത്തിന് അത് എസ്ആർകെ (ഷാരൂക് ഖാൻ)യോട് ചോദിക്കൂവെന്നായിരുന്നു കജോളിന്റെ മറുപടി.