ദേവിശ്രീ പ്രസാദ് സംഗീതം പകര്‍ന്ന ഗാനങ്ങളെല്ലാം ഹിറ്റുകളായിരുന്നു

ഭാഷാഭേദമന്യെ ഇന്ത്യന്‍ സിനിമയിലെ തന്നെ സമീപകാലത്തെ ഏറ്റവും വലിയ വിജയമാണ് അല്ലു അര്‍ജുനെ (Allu Arjun) നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്‍ത പുഷ്‍പ (Pushpa). ഒരു തെലുങ്ക് ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുക എന്ന അപൂര്‍വ്വ നേട്ടവും ചിത്രം സ്വന്തമാക്കി. ബാഹുബലിക്കു ശേഷം ആദ്യമായാണ് ഒരു തെലുങ്ക് ചിത്രം ഈ നേട്ടം സ്വന്തമാക്കുന്നത്. മറ്റു ഘടകങ്ങള്‍ക്കൊപ്പം പുഷ്‍പയ്ക്ക് ഇത്രയും ജനപ്രീതി നേടിക്കൊടുത്ത ഒന്ന് ചിത്രത്തിലെ ഗാനങ്ങളാണ്. ദേവിശ്രീ പ്രസാദ് സംഗീതം പകര്‍ന്നിരിക്കുന്ന ചിത്രത്തിലെ മിക്ക ഗാനങ്ങളും ഇപ്പോഴും ഹിറ്റ് ചാര്‍ട്ടുകളിലാണ്. ചിത്രത്തിലെ ഒരു ഹിറ്റ് ഗാനത്തിന് ഒരു കുഞ്ഞ് ചുവട് വെക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്.

'ശ്രീവള്ളി' എന്ന ഗാനം വീട്ടിലെ ടെലിവിഷനില്‍ കാണുന്നതിനൊപ്പമാണ് കുഞ്ഞിന്‍റെ ചുവടുവെപ്പ്. അല്ലുവിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ ആരാധകര്‍ എന്ന കുറിപ്പോടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോ അല്ലു ആരാധകര്‍ ഉള്‍പ്പെടെ ഏറ്റെടുക്കുകയായിരുന്നു. 

Scroll to load tweet…

ക്രിസ്‍മസ് റിലീസ് ആയി ഡിസംബര്‍ 17ന് എത്തിയ ചിത്രം തെലുങ്കിന് പുറമെ തമിഴ്, കന്നഡ, മലയാളം, ഹിന്ദി പതിപ്പുകളിലും തിയറ്ററുകളില്‍ എത്തിയിരുന്നു. ഹിന്ദി പതിപ്പ് നേടിയ അഭൂതപൂര്‍വ്വമായ പ്രതികരണമായിരുന്നു ഇതില്‍ ഏറ്റവും ശ്രദ്ധേയം. തെന്നിന്ത്യന്‍ പതിപ്പുകള്‍ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ജനുവരി 7ന് ഒടിടി റിലീസ് ചെയ്യപ്പെട്ടപ്പോള്‍ ഹിന്ദി പതിപ്പ് ഒരാഴ്ച വൈകിയാണ് സ്ട്രീം ചെയ്യപ്പെട്ടത്. ഒടിടി റിലീസിനു ശേഷവും ഹിന്ദി പതിപ്പിന് ഉത്തരേന്ത്യന്‍ തിയറ്ററുകളില്‍ നല്ല പ്രതികരണം ലഭിക്കുന്നുണ്ട്. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഫഹദിന്‍റെ തെലുങ്ക് അരങ്ങേറ്റചിത്രവുമായിരുന്നു ഇത്.