യഷ് രാജ് ഫിലിംസിന്റെ 'വാർ 2' എന്ന ചിത്രത്തിന്റെ പ്രമോഷൻ ഹൃതിക് റോഷനും ജൂനിയർ എൻടിആറും ഒന്നിച്ച് നടത്തുന്നില്ല. 

മുംബൈ: യഷ് രാജ് ഫിലിംസിന്റെ (വൈആർഎഫ്) ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ ത്രില്ലർ 'വാർ 2'വിന്റെ പ്രമോഷൻ തന്ത്രം ശരിക്കും ബോളിവുഡിനെ ഞെട്ടിക്കും എന്ന് റിപ്പോര്‍ട്ട്. ചിത്രത്തിലെ പ്രധാന താരങ്ങളായ ഹൃതിക് റോഷനും ജൂനിയർ എൻടിആറും ഒന്നിച്ച് പ്രമോഷന് ഇറങ്ങേണ്ടതില്ലെന്നാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. പ്രമോഷന്റെ ഭാഗമായി ഇവർ ഒരുമിച്ച് പ്രത്യക്ഷപ്പെടില്ലെന്നാണ് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2025 ഓഗസ്റ്റ് 14-ന് റിലീസിന് ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ പ്രമോഷനുകള്‍ വ്യത്യസ്തമായ രീതിയിലാണ് വൈആർഎഫ് ആസൂത്രണം ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

'വാർ 2'വിന്റെ കഥയുടെ കാതൽ ഹൃതിക് റോഷന്റെയും ജൂനിയർ എൻടിആറിന്റെയും കഥാപാത്രങ്ങൾ തമ്മിലുള്ള തീവ്രമായ ഏറ്റുമുട്ടലാണ്. ഈ ശത്രുതയുടെ ആവേശം പ്രേക്ഷകർക്ക് തിയേറ്ററിൽ അനുഭവമാക്കണമെങ്കില്‍ പ്രമോഷന്‍ വേദികളിലെ താരങ്ങള്‍ തമ്മില്‍ സൗഹൃദം പാടില്ല എന്നാണ് നിര്‍മ്മാതക്കള്‍ കരുതുന്നത്. അതിനാൽ തന്നെ പ്രമോഷന്‍റെ ഭാഗമായി ഹൃതിക്കും എൻടിആറും ഒരുമിച്ച് ഒരു വേദിയിലോ പ്രമോഷണൽ വീഡിയോകളിലോ പ്രത്യക്ഷപ്പെടില്ല.

“ഹൃതിക് റോഷനും ജൂനിയർ എൻടിആറും ഒരുമിച്ചുള്ളത് ഇന്ത്യൻ സിനിമയിൽ ഒരു അപൂർവ നിമിഷമാണ്, സ്‌ക്രീനിൽ ഒരു രക്തരൂഷിതമായ പോരാട്ടം തന്നെ പ്രതീക്ഷിക്കാം. പ്രേക്ഷകർ തീയറ്ററില്‍ ഈ മത്സരം അനുഭവിക്കണമെന്നാണ് വൈആർഎഫിന്റെ ഉദ്ദേശ്യം,” ഒരു മാര്‍ക്കറ്റിംഗ് വിദഗ്ധനെ ഉദ്ധരിച്ച് ഫസ്റ്റ്പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വൈആർഎഫിന്റെ സ്‌പൈ യൂണിവേഴ്‌സിന്റെ ഭാഗമായ 'വാർ 2' 2019-ലെ 'വാർ' എന്ന ബ്ലോക്ക്ബസ്റ്ററിന്‍റെ തുടര്‍ച്ചയാണ്. 'പഠാൻ', 'ടൈഗർ 3' തുടങ്ങിയ വിജയ ചിത്രങ്ങളുടെ പാത പിന്തുടർന്ന് വൈആർഎഫ് എല്ലായ്‌പ്പോഴും തന്ത്രപരമായ പ്രമോഷൻ രീതികൾ സ്വീകരിക്കാറുണ്ട്. റിലീസിന് മുമ്പ് അഭിനേതാക്കൾ കഥാസന്ദർഭങ്ങൾ വെളിപ്പെടുത്താതിരിക്കാൻ നോ-ഇന്റർവ്യൂ നയം അതില്‍ ഒന്നാണ്.

019-ലെ 'വാർ' ചിത്രത്തിന്റെ വിജയ ആഘോഷത്തിന് ശേഷം മാത്രമാണ് അന്നത്തെ അതിലെ നായകരായ ഹൃതിക് റോഷനും ടൈഗർ ഷ്‌റോഫും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത് എന്നത് ഈ തന്ത്രത്തിന്‍റെ മുന്‍ ഉദാഹരണമാണ്.