ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് തുടങ്ങുന്നതിന് മുമ്പ് ഇംഗ്ലണ്ടിലെ പിച്ചുകള്‍ ബാറ്റിംഗ് പറുദീസകളാകുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍. ഇത്തവണ ഏകദിന ക്രിക്കറ്റില്‍ ഒരു ടീം 500 റണ്‍സ് അടിക്കുമെന്നും വിലയിരുത്തലുണ്ടായി. എന്നാല്‍ തുടക്കത്തില്‍ ബാറ്റിംഗിന് അനുകൂലമായ ഇംഗ്ലണ്ടിലെ പിച്ചുകള്‍ മഴക്കുശേഷം ബൗളര്‍മാരെ തുണക്കുന്നതാണ് കാണാനായത്.

250ന് മുകളിലുള്ള വിജയലക്ഷ്യം പോലും പിന്തുടര്‍ന്ന് ജയിക്കുക അനായസമല്ലാതാകുകയും ചെയ്തു. ബാറ്റ്സ്മാന്‍മാര്‍ക്കൊപ്പം ബൗളര്‍മാരും ഒരുപോലെ തിളങ്ങിയ ലോകകപ്പാണ് കടന്നുപോയത്. ഈ ലോകകപ്പില്‍ കുറഞ്ഞത് 20 ഓവറെങ്കിലും ബൗള്‍ ചെയ്തിട്ടുള്ള ബൗളര്‍മാരില്‍ ഒറ്റ സിക്സര്‍പോലും വഴങ്ങാതിരുന്ന മൂന്ന് പേരാണുള്ളത്. ദക്ഷിണാഫ്രിക്കയുടെ ഡ്വയിന്‍ പ്രിട്ടോറിയസ് അഫ്ഗാനിസ്ഥാന്റെ ഹമീദ് ഹസ്സന്‍, ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്സ് എന്നിവരാണ് സിക്സര്‍ വഴങ്ങാതിരുന്ന ബൗളര്‍മാര്‍.

23 ഓവര്‍ എറിഞ്ഞ പ്രിട്ടോറിയസ് 94 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുമെടുത്തു. 26 ഓവര്‍ ബൗള്‍ ചെയ്ത ഹമീദ് ഹസ്സന്‍ 122 റണ്‍സ് വഴങ്ങിയെങ്കിലും ഒരു വിക്കറ്റ് മാത്രമെ നേടിയുള്ളു. എന്നാല്‍ ഫൈനലിലെ താരമായ ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് 50.5 ഓവര്‍ എറിഞ്ഞെങ്കിലും ഒറ്റ സിക്സര്‍ പോലും അദ്ദേഹത്തിനെതിരെ ആരും നേടിയില്ല. 246 റണ്‍സ് മാത്രമാണ് സ്റ്റോക്സ് വഴങ്ങിയത്.

വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്‌ലും ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണുമാണ് ഒറ്റ സിക്സര്‍ പോലും വഴങ്ങാതിരുന്ന മറ്റ് ബൗളര്‍മാര്‍. പക്ഷെ ഇരുവരും പക്ഷെ 15 ഓവര്‍ വീതമെ പന്തെറിഞ്ഞുള്ളു. ഇന്ത്യയുടെ ജസ്പ്രീത് ബുമ്രയും പാക്കിസ്ഥാന്റെ മുഹമ്മദ് ആമിറും ഒരേയൊരു സിക്സര്‍ മാത്രമാണ് ടൂര്‍ണമെന്റിലാകെ വഴങ്ങിയത്