അഞ്ച് മത്സരങ്ങളില്‍ നിന്ന് ഇമ്രാന്റെ ബാറ്റില്‍ നിന്ന് പിറന്നത് 347 റണ്‍സാണ്
സഞ്ജു സാംസണും സച്ചിൻ ബേബിയും വിഷ്ണു വിനോദും രോഹൻ കുന്നുമ്മലുമൊക്കെ ബാറ്റിങ് വിസ്ഫോടനങ്ങള്‍ നടത്തുന്ന കേരള ക്രിക്കറ്റ് ലീഗ്. അവിടെ റണ്‍വേട്ടക്കാരുടെ പട്ടികയുടെ മുകളില്‍ കസേര വലിച്ചിട്ടിരിക്കുന്നത് ഒരു പത്തൊമ്പതുകാരൻ പയ്യൻ. തൃശൂർ ടൈറ്റൻസിന്റെ കുട്ടിക്കൊമ്പൻ, അഹമ്മദ് ഇമ്രാൻ.
ഓപ്പണറായി ഇറങ്ങിയ ആദ്യ മത്സരം. ആലപ്പി റിപ്പിള്‍സിനെതിരെ 44 പന്തില്‍ 61 റണ്‍സ്. ആനന്ദ് കൃഷ്ണനൊപ്പം സെഞ്ച്വറി കൂട്ടുകെട്ട് തീര്‍ത്ത് വിജയമുറപ്പിക്കുന്നു. മത്സരശേഷം ടൈറ്റൻസിന്റെ നായകൻ സിജോമോൻ മാധ്യമങ്ങളോട് പറഞ്ഞു. ഇതൊരു സാമ്പിള്‍ വെടിക്കെട്ടാണ്. ഇതിലും വലുത് പുറകെ വരുന്നുണ്ടെന്ന്. സിജോമോന്റെ കണക്കുകൂട്ടല്‍ അണുവിട തെറ്റിയിട്ടില്ല ടൈറ്റൻസ് അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍.
അഞ്ച് മത്സരങ്ങളില്‍ നിന്ന് ഇമ്രാന്റെ ബാറ്റില്‍ നിന്ന് പിറന്നത് 347 റണ്‍സാണ്. മൂന്ന് അര്‍ദ്ധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയും. ശരാശരി 69.40. സ്ട്രൈക്ക് റേറ്റ് 171.78. ബൗണ്ടറികളുടെ എണ്ണത്തിലും പിന്നോട്ടല്ല. സീസണില്‍ ഏറ്റവുമധികം ഫോര്‍ നേടിയത് ഇമ്രാനാണ് 42 എണ്ണം, സിക്സറുകള്‍ 13. സ്ഥിരതയുടെ കാര്യത്തിലും അതിവേഗ സ്കോറിങ്ങിലും ഇമ്രാൻ പലചുവടുകള്‍ മുന്നിലാണെന്ന് സീസണ്‍ തെളിയിക്കുന്നു.
ആലപ്പിക്കെതിരായ ആദ്യ മത്സരത്തില്‍ മുന്നിലുള്ള ലക്ഷ്യത്തിനനുസരിച്ചായിരുന്നു ഇമ്രാൻ തന്റെ ഇന്നിങ്സിനെ പരുവപ്പെടുത്തിയത്. അനാവശ്യമായ റിസ്ക്ക് ഷോട്ടുകളോ കൂറ്റനടികളോ ആയിരുന്നില്ല ഹൈലൈറ്റ്. പവര്‍പ്ലേയില്‍പ്പോലും അത്തരം സമീപനം തന്നെ, അഞ്ച് ഫോറുകളായിരുന്നു ആലപ്പിക്കെതിരെ ആദ്യ ആറ് ഓവറുകളിലായി നേടിയത്. 61 റണ്‍സിലെ ഇന്നിങ്സില്‍ ആകെ എട്ട് ഫോറുകള്‍ മാത്രവും.
എന്നാല്‍, കോഴിക്കോട് ഗ്ലോബ്‌സ്റ്റാഴ്‌സിനെതിരെ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിപ്പോള്‍ ഇതായിരുന്നില്ല കഥ. മൂന്നക്കത്തിലേക്കുള്ള കുതിപ്പില്‍ നേരിട്ട മൂന്നാം പന്തില്‍ തന്നെ ബൗണ്ടറി കണ്ടെത്തി. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ ഇമ്രാന്റെ പേരില്‍ മാത്രമുണ്ടായിരുന്നു 37 റണ്‍സ്. അഞ്ച് ഫോറും രണ്ട് സിക്സും ഇതില്‍ ഉള്‍പ്പെട്ടു. മിഥുനെ ഗ്യാലറിക്ക് മുകളിലൂടെ പറത്തി അര്‍ദ്ധ സെഞ്ച്വറി തികയ്ക്കുമ്പോള്‍ നേരിട്ടത് 24 പന്തുകള്‍ മാത്രമായിരുന്നു.
അടുത്ത 30 പന്തില്‍ സീസണിലെ ആദ്യ സെഞ്ച്വറി തന്റെ പേരിലാക്കാനും ഇമ്രാനായി. 55 പന്തുകള്‍ നീണ്ട ഇന്നിങ്സില്‍ 11 ഫോറും അഞ്ച് സിക്സും. മൂന്നാം അങ്കം സഞ്ജു സാംസണിന്റെ നീലക്കടുവകളോട്. തോല്‍വിയറിയാതെ കുതിച്ചെത്തിയ കൊച്ചിയെ തൃശ്ശൂര്‍ പിടിച്ചുകെട്ടിയതിന് പിന്നിലും ഇമ്രാന്റെ ബാറ്റായിരുന്നു. സഞ്ജുവിന്റെ വെടിക്കെട്ടിന് ഇമ്രാന്റെ മറുപടി. 40 പന്തില്‍ 72 റണ്‍സ്, ഏഴ് ഫോറും നാല് സിക്സും.
ഏരീസ് കൊല്ലം സെയിലേഴ്‌സിന് മാത്രമാണ് സീസണില്‍ ഇതുവരെ ഇമ്രാന്റെ ബാറ്റിനെ നിശബ്ദമാക്കി മാറ്റി നിര്‍ത്താനായത്. കൊല്ലത്തിനെതിരെ 14 പന്തില്‍ 16 റണ്‍സായിരുന്നു കൊല്ലത്തിനെതിരെ നേട്ടം. ടൂര്‍ണമെന്റില്‍ തൃശൂര്‍ പരാജയം രുചിച്ച ഏക മത്സരവും കൊല്ലത്തിനെതിരെയായിരുന്നു.
എന്നാല്‍, ട്രിവാൻഡ്രത്തിനെതിരെ കണ്ടത് ഇമ്രാന്റെയും തൃശൂരിന്റെയും ഒന്നൊന്നര തിരിച്ചുവരവായിരുന്നു. ഫാസില്‍ ഫാനൂസ് എറിഞ്ഞ ആദ്യ ഓവറിലെ അവസാന മൂന്ന് പന്തുകളില്‍ ഒരു ഫോറും രണ്ട് സിക്സും. രണ്ടാം ഓവറില്‍ അബ്ദുള്‍ ബാസിതിനെതിരെ തുടര്‍ച്ചയായി മൂന്ന് ഫോറുകള്‍. ട്രിവാൻഡ്രം റോയല്‍സ് നിരയില്‍ പന്തെടുത്തവരെല്ലാം തന്നെ ഇമ്രാന്റെ ബാറ്റിനാല്‍ ശിക്ഷിക്കപ്പെട്ടു.
ഒടുവില്‍ സെഞ്ച്വറിക്കരികെ നിര്‍ഭാഗ്യം തേടിയത്തിയപ്പോള്‍ മൂന്നക്കത്തിന് രണ്ട് റണ്‍സ് അകലെ ഇമ്രാന് മടങ്ങേണ്ടി വന്നു. 49 പന്തില്‍ 98 റണ്‍സ്. 13 ഫോറും നാല് സിക്സും. ടാലന്റുകളെ റാഞ്ചാൻ ലീഗുകള്‍ക്ക് മുകളില്‍ വട്ടമിട്ട് പറക്കുന്ന ഐപിഎല്‍ സ്കൗട്ടുകളുടെ കണ്ണുകള്‍ ഇമ്രാന്റെ ബാറ്റിലേക്ക് നോട്ടമിടാൻ അധികം വൈകാനിടയില്ല.
കേരളത്തിനായി ഇതിനോടകം രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങളും നാല് ലിസ്റ്റ് എ മത്സരങ്ങളും ഇമ്രാൻ കളിച്ചു. രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരെയായിരുന്നു അരങ്ങേറ്റം. ഫൈനലില്‍ വിദര്‍ഭയ്ക്കെതിരെ 37 റണ്‍സും ഇടം കയ്യൻ ബാറ്റര്‍ നേടി.


