സഞ്ജുവിനെ മാറ്റി ഗില്ലിനെ എത്തിച്ച് പുതിയൊരു പരീക്ഷണത്തിന് ഗൗതം ഗംഭീര്‍ തയാറാകുമോയെന്നതാണ് ആകാംഷ

സഞ്ജു സാംസണോ ശുഭ്മാൻ ഗില്ലോ. ഏഷ്യ കപ്പ് കിരീടം നിലനിര്‍ത്താൻ ഇറങ്ങുന്ന ഇന്ത്യൻ ടീമില്‍ അഭിഷേക് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയാരാകും. ഒരുവാരം മുൻപാണ് ഈ ചോദ്യം ഉയര്‍ന്നിരുന്നതെങ്കില്‍ ഒരുപക്ഷേ ഗില്ലിന്റെ മുൻതൂക്കത്തെ തള്ളിപ്പറയാനാകുമായിരുന്നില്ല. ഇന്ത്യയുടെ ഭാവി നായകന് മുന്നില്‍ സഞ്ജുവിന് വഴിമാറിക്കൊടുക്കേണ്ടി വരുമോയെന്ന ആശങ്കയും നിലനിന്നിരുന്നു. ഓപ്പണറായി ആരെത്തണമെന്നതില്‍ സെലക്ടര്‍മാര്‍ക്ക് ചെറുതല്ലാത്ത ആശയക്കുഴപ്പം ബാറ്റുകൊണ്ട് വിതയ്ക്കാൻ സ‍ഞ്ജുവിന് കേരള ക്രിക്കറ്റ് ലീഗിലൂടെ സാധിച്ചിരിക്കുന്നു.

കൊച്ചി ബ്ലു ടൈഗേഴ്സിനായി സീസണില്‍ ഓപ്പണിങ് സ്ഥാനത്ത് ബാറ്റ് ചെയ്യാൻ സഞ്ജു എത്തിയത് രണ്ട് മത്സരങ്ങളില്‍ മാത്രമാണ്. ആദ്യ ഏരീസ് കൊല്ലം സെയിലേഴ്സിനെതിരെ. നേടിയത് 51 പന്തില്‍ 121 റണ്‍സ്. 14 ഫോറും ഏഴ് സിക്സും. രണ്ടാം തവണ എതിരാളികളായി എത്തിയത് തൃശൂര്‍ ടൈറ്റൻസ്. സഞ്ജുവിന്റെ സ്കോര്‍ 46 പന്തില്‍ 89 റണ്‍സ്. നാല് ഫോറും ഒൻപത് സിക്സും വലം കയ്യൻ ബാറ്ററുടെ ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. രണ്ട് മത്സരങ്ങളില്‍ നിന്നായി ആകെ നേട്ടം 97 പന്തില്‍ 210 റണ്‍സ്. 18 ഫോറും 16 സിക്സും.

സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജുവിന്റെ ബാറ്റിങ് പൊസിഷൻ ആറാം നമ്പറായിരുന്നു. ട്രിവാൻഡ്രം റോയല്‍സിനെതിരെ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചിരുന്നില്ലെങ്കിലും ആലപ്പി റിപ്പിള്‍സിനെതിരെ ആറാം നമ്പറിലെത്തിയ സഞ്ജുവിന് സ്കോറിങ് വേഗത്തിലാക്കാൻ സാധിക്കാതെ പോയിരുന്നു. എന്നാല്‍, ഓപ്പണിങ് സ്ഥാനത്തേക്ക് മടങ്ങിയെത്തിയതോടെ കഥ മാറി, കളിയും. തന്റെ ഏറ്റവും മികച്ച ബാറ്റിങ് പൊസിഷൻ ടോപ് ഓര്‍ഡര്‍ തന്നെയാണെന്ന് സഞ്ജു അടിവരയിട്ടു രണ്ട് ഇന്നിങ്സിലൂടെ.

സഞ്ജുവിന്റെ അന്താരാഷ്ട്ര കരിയറെടുത്താലും ഇത് വ്യക്തമാണ്. ഓപ്പണിങ് സ്ഥാനത്ത് 17 തവണയാണ് താരം ക്രീസിലെത്തിയിട്ടുള്ളത്. 522 റണ്‍സാണ് നേട്ടം, ശരാശരി 30നും സ്ട്രൈക്ക് റേറ്റാകട്ടെ 180ന് അടുത്തും. മൂന്ന് സെഞ്ച്വറിയും ഒരു അര്‍ദ്ധ ശതകവും ഇതില്‍ ഉള്‍പ്പെടുന്നു. ഓപ്പണിങ് സ്ഥാനം കഴിഞ്ഞാല്‍ സഞ്ജു ഏറ്റവുമധികം റണ്‍സ് കണ്ടത്തിയത് നാലാം നമ്പറിലാണ്. എന്നാല്‍ സ്ട്രൈക്ക് റേറ്റും ശരാശരിയും മികവിനൊത്ത് ഉയര്‍ന്നിട്ടില്ല.

ഇനി സുപ്രധാനമായ മറ്റൊന്ന് സഞ്ജുവും അഭിഷേക് ശര്‍മയും തമ്മിലുള്ള കൂട്ടുകെട്ടാണ്. ഇതുവരെ 12 മത്സരങ്ങളിലാണ് ഇരുവരും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ഇരുവരുടേയും റെക്കോഡ് ശരാശരിക്കും താഴെ മാത്രമാണ്. നേടിയത് 267 റണ്‍സ്, ഒരു തവണ മാത്രമാണ് കൂട്ടുകെട്ട് 50 റണ്‍സ് കടന്നിട്ടുള്ളത്. പ്രഹരശേഷി കൂടുതലാണെങ്കിലും ശരാശരി ഒരു മത്സരത്തില്‍ 22 റണ്‍സാണ് സഖ്യം നേടുന്നത്. പവര്‍പ്ലേയിലെ കൂറ്റനടി തന്ത്രം കൂട്ടുകെട്ടിനെ അത്ര തുണച്ചിട്ടില്ലെന്ന് വേണം കരുതാൻ. പക്ഷേ, വ്യക്തിഗതമായി തിളങ്ങാൻ ഇരുവര്‍ക്കും കഴിഞ്ഞിട്ടുമുണ്ട്.

2024ന് ശേഷം ഒരു അന്താരാഷ്ട്ര ട്വന്റി 20യില്‍ പോലും പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും ശുഭ്മാൻ ഗില്ലെന്ന ഓപ്പണര്‍ അസാധ്യ സ്ഥിരതയാണ് ഐപിഎല്ലില്‍ പുറത്തെടുത്തിട്ടുള്ളത്. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ 15 മത്സരങ്ങളില്‍ നിന്ന് 650 റണ്‍സാണ് നേട്ടം. ശരാശരി 50, സ്ട്രൈക്ക് റേറ്റ് 155. കഴിഞ്ഞ അഞ്ച് സീസണിലും 450 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്യാൻ ഗില്ലിന് കഴിഞ്ഞിട്ടുണ്ട്. സഞ്ജുവിനെപ്പോലെ ഹൈ റിസ്ക്ക് ശൈലിയല്ല ഗില്ലിന്റേത്, മറിച്ച് ഗ്രൗണ്ട് ഷോട്ടുകളിലൂടെ റണ്‍സ് നേടുന്നതാണ് തന്ത്രം. അത് താരത്തെ പൂര്‍ണമായും സഹായിച്ചിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

സഞ്ജുവിനെ മാറ്റി ഗില്ലിനെ എത്തിച്ച് പുതിയൊരു പരീക്ഷണത്തിന് ഗൗതം ഗംഭീര്‍ തയാറാകുമോയെന്നതാണ് ആകാംഷ. അവസാന ഇംഗ്ലണ്ട് പരമ്പര മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും തനിക്ക് ലഭിച്ച അവസരത്തിനോട് നീതി പുലര്‍ത്താൻ സഞ്ജുവിനായിട്ടുണ്ട്.