കെസിഎല്‍ ഒന്നാം സീസണില്‍ 25 വിക്കറ്റുമായി തിളങ്ങിയത് രണ്ടാം പതിപ്പിലും അല്‍പ്പം പോലും തിളക്കം ചോരാതെ ആവര്‍ത്തിക്കുകയാണ് ഈ ഇടുക്കിക്കാരൻ
ക്രിക്കറ്റിനോടുള്ള കൊതികൊണ്ട് സ്കൂള്‍ ടീം സെലക്ഷനില്‍ വെറുതെയൊന്ന് ഇറങ്ങി നോക്കിയതാണ്. കാലത്തിന്റെ ഒഴുക്കില്‍ കേരള ക്രിക്കറ്റിന് ലഭിച്ചത് ഒരു ഒന്നൊന്നര ഓള്‍റൗണ്ടറെ. വിശേഷണം അല്‍പ്പം കൂടിപ്പോയെന്ന് തോന്നുന്നവര്‍ക്ക് കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിലെ കണക്കുപുസ്തകങ്ങള്‍ മറിച്ചുനോക്കാം. ആറ് കളികളില്‍ നിന്ന് 200 റണ്‍സ്, 16 വിക്കറ്റുമായി പര്‍പ്പിള്‍ ക്യാപ് പട്ടികയില്‍ ഒന്നാമത്. കാലിക്കറ്റ് ഗ്ലോബ്‍സ്റ്റാഴ്‌സിന്റെ ബെൻ സ്റ്റോക്ക്‌സ്, അഖില്‍ സ്കറിയ.
ഓള്‍ റൗണ്ടര്‍മാര്‍ക്ക് ഇന്ത്യയുടെ ക്രിക്കറ്റ് ഭൂപടത്തില്‍ എന്നത്തേക്കാള്‍ മൂല്യമുള്ള നാളുകളാണ്. ഇവിടെയാണ് ബാറ്റുകൊണ്ടും പന്തിനാലും ഫീല്‍ഡിലെ ചോരാത്ത കൈകളാലും മൈതാനത്ത് അഖില്‍ പുതിയ അദ്ധ്യായങ്ങള്‍ എഴുതിചേര്‍ക്കുന്നത്. കെസിഎല്‍ ഒന്നാം സീസണില്‍ 25 വിക്കറ്റുമായി തിളങ്ങിയത് രണ്ടാം പതിപ്പിലും അല്‍പ്പം പോലും തിളക്കം ചോരാതെ ആവര്‍ത്തിക്കുകയാണ് ഈ ഇടുക്കിക്കാരൻ. അത് സീസണിലെ ആദ്യ അങ്കത്തില്‍ തന്നെ തെളിഞ്ഞു.
നിലവിലെ ചാമ്പ്യന്മാരായ ഏരീസ് കൊല്ലം സെയിലെഴ്സിനെതിരെ 139 എന്ന ചെറിയ ലക്ഷ്യം പ്രതിരോധിക്കവെ പുറത്തെടുത്തത് അസാധ്യ പ്രകടനം. കാലിക്കറ്റിന് വിജയപ്രതീക്ഷകള്‍ സമ്മാനിച്ചത് അഖിലിന്റെ പന്തുകളായിരുന്നു. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍. അഭിഷേക് നായരിന്റേയും വത്സല്‍ ഗോവിന്ദിന്റേയും നിര്‍ണായക വിക്കറ്റുകള്‍. അമലും ആഷിഖുമായിരുന്നു അഖിലിന് മുന്നില്‍ മുട്ടുമടക്കി മറ്റ് രണ്ട് ബാറ്റര്‍മാര്‍.
തൃശൂര്‍ ടൈറ്റൻസിനെതിരായ രണ്ടാം മത്സരത്തില്‍ കാലിക്കറ്റ് ബൗളര്‍മാരെ നിരന്തരം ബൗണ്ടറികളിലേക്ക് കോരിയിട്ട അഹമ്മദ് ഇമ്രാനെന്ന യുവതാരത്തിന്റെ സെഞ്ച്വറി ഇന്നിങ്സ് അവസാനിപ്പിച്ചു അഖില്‍. വിനോദ് കുമാറിന്റേതടക്കം രണ്ട് വിക്കറ്റുകളായിരന്നു മത്സരത്തില്‍ അഖിലിന്റെ നേട്ടം. ആദ്യ രണ്ട് മത്സരങ്ങളിലും ബാറ്റുകൊണ്ട് ഇംപാക്റ്റ് ഉണ്ടാക്കാനാകാതെ പോയ അഖില്‍ മൂന്നാം പോരില്‍ അതിന് പരിഹാരം കണ്ടു.
അദാനി ട്രിവാൻഡ്രം റോയല്‍സിനെതിരെ ഡബിള്‍ എഞ്ജിൻ പോലെ, ബാറ്റുകൊണ്ടും പന്തുകൊണ്ടും പടനയിച്ചു. ടീമിന്റെ ആദ്യ ജയവും ഉറപ്പാക്കി. നാലാം ഓവറില്‍ സുബിനെ സുരേഷ് സച്ചിന്റെ കളിലെത്തിച്ച് ഓപ്പണിങ് കൂട്ടുകെട്ട് തകര്‍ത്തായിരുന്നു തുടക്കം. ട്രിവാൻഡ്രത്തിന്റെ ടോപ് സ്കോററും നായകനുമായ കൃഷ്ണ പ്രസാദിനേയും നിഖിലിനേയും ഒറ്റ ഓവറില്‍ കൂടാരം കയറ്റി. നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍.
174 റണ്‍സ് വിജയലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ പാതി വഴിയെത്തിയപ്പോള്‍ കാലിക്കറ്റ് 68ന് മൂന്ന് എന്ന നിലയിലായിരുന്നു. എന്നാല്‍, ഡീപ് മിഡ്‍വിക്കറ്റും ലോങ് ഓഫും സ്വീപ്പര്‍ കവറുമൊക്കെ അഖിലിന്റെ ബാറ്റില്‍ നിന്നുള്ള കൂറ്റനടികള്‍ ഏറ്റുവാങ്ങി. കാണുമ്പോള്‍ അനായാസമെന്ന് തോന്നുതരത്തിലുള്ള സ്ട്രോക്ക്പ്ലെ. 32 പന്തില്‍ മൂന്ന് ഫോറും ആറ് സിക്സും ഉള്‍പ്പെടെ 68 റണ്‍സുമായി കാലിക്കറ്റിനെ വിജയവര കടത്തിയാണ് കളം വിട്ടത്. കളിയിലെ താരമായതും അഖിലായിരുന്നു.
ആലപ്പി റിപ്പിള്‍സിനും കൊച്ചി ടൈഗേഴ്‌സിനുമെതിരെയും ഇതേ പ്രകടനങ്ങള്‍ ആവര്‍ത്തിച്ചു. ആദ്യം ബാറ്റ് ചെയ്യവെ 30 പന്തില്‍ 45 റണ്‍സുമായി കാലിക്കറ്റിന്റെ ടോപ് സ്കോറര്‍. ബൗളിങ്ങില്‍ നാല് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍. കൊച്ചിക്കെതിരെ കാലിക്കറ്റ് ബാറ്റര്‍മാര്‍ ബൗണ്ടറി മഴ പെയ്യിച്ചപ്പോള്‍ അതിലൊരാള്‍ അഖിലായിരുന്നു. പുറത്താകാതെ 19 പന്തില്‍ നേടിയത് 45 റണ്‍സ്, മൂന്ന് വീതം ഫോറും സിക്സും.
249 എന്ന കൂറ്റൻ സ്കോര്‍ പ്രതിരോധിക്കവെ കൊച്ചിയുടെ മൂന്ന് കൂറ്റനടിക്കാരെ മടക്കി. മുഹമ്മദ് ഷാനു, ആല്‍ഫി ഫ്രാൻസിസ്, മുഹമ്മദ് ആഷിഖ് എന്നിവരുടെ ഉള്‍പ്പെടെ നാല് വിക്കറ്റുകളാണ് സമ്പാദ്യം. ബൗണ്ടറികള്‍ വഴങ്ങിയാലും തിരിച്ചുവരാനുള്ള മികവ് തനിക്കുണ്ടെന്ന് അഖില്‍ ഒരിക്കല്‍ക്കൂടി തെളിയിച്ച മത്സരമായിരുന്നു കൊച്ചിക്കെതിരെ. ആലപ്പിക്കെതിരായ രണ്ടാം മത്സരത്തില്‍ 27 റണ്‍സും ഒരു വിക്കറ്റും. വിക്കറ്റ് കോളത്തില്‍ ഇടം പിടിക്കാത്ത ഒരു മത്സരം പോലും അഖിലിന് സീസണിലുണ്ടായിട്ടില്ല.
നിലവില്‍ ആറ് കളികളില്‍ നിന്ന് മൂന്ന് വീതം ജയവും തോല്‍വിയുമുള്ള കാലിക്കറ്റിന് കഴിഞ്ഞ തവണ കൈവിട്ടുപോയ കിരീടം തിരിച്ചുപിടിക്കാൻ അഖിലിന്റെ മികവ് തുടരേണ്ടതുണ്ട്.


