കറങ്ങിത്തിരിഞ്ഞും മെല്ലയും വേഗത്തിലുമൊക്കെ എത്തിയ പന്തുകളോട് തുല്യസമീപനമായിരുന്നു സഞ്ജുവിന്റെ ബാറ്റിന്

സഞ്ജു സാംസണ്‍ ഇന്ത്യൻ ടീമില്‍ കളിക്കുന്നത് ശുഭ്‌മാൻ ഗില്ലും യശസ്വി ജയ്സ്വാളും സെലക്ഷന് ലഭ്യമല്ലാത്തതുകൊണ്ടാണ്. പ്രിയപ്പെട്ട അജിത് അഗാർക്കാര്‍, നിങ്ങളുടെ ശ്രദ്ധ കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തിലെ ഒരു ഞായറാഴ്ചയിലേക്ക് ക്ഷണിക്കുകയാണ്.

വിഷ്ണു വിനോദിന്റേയും സച്ചിൻ ബേബിയുടേയും ബാറ്റിന്റെ ചൂടറിഞ്ഞ് കൊച്ചി ബ്ലു ടൈഗേഴ്‌സ് ബൗളര്‍മാര്‍ തളര്‍ന്നും കാണികള്‍ ത്രസിച്ചും ഇരുന്ന ആദ്യ പകുതി. 237 എന്ന ഭീമൻ ലക്ഷ്യമാണ് കൊല്ലം സെയിലേഴ്‌സ് മുന്നോട്ട് വെച്ചിരിക്കുന്നത്. അത് മറികടക്കാൻ അസാധാരണമായ ഒരു ഇന്നിങ്സ് അനിവാര്യം. കൊച്ചി ആരാധകരും ക്രിക്കറ്റ് പ്രേമികളും ഒരുപോലെ, പ്രതീക്ഷയോടെ ആ മുഖത്തേക്ക് ഉറ്റുനോക്കുകയാണ്. സഞ്ജു സാംസണ്‍, അയാള്‍ ബൗണ്ടറി റോപ്പിലെ പരസ്യബോര്‍ഡുകള്‍ക്ക് മുകളിലൂടെ ചുവടുവെച്ചു.

കെസിഎല്‍ അരങ്ങേറ്റത്തില്‍ 22 പന്തില്‍ നേടിയ 13 റണ്‍സ്, വിമര്‍ശനം. ഏഷ്യ കപ്പിനുള്ള ഇന്ത്യ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അന്തിമ ഇലവനില്‍ എത്തുമോയെന്നതിലെ അനിശ്ചിതത്വം. വെളിച്ചെമെത്തിയെന്ന് തോന്നിച്ച കരിയറിന് മുന്നില്‍ ഒരിക്കല്‍ക്കൂടി ഇരുട്ട് പടരുന്നോയെന്ന് തോന്നിക്കുന്ന നാളുകള്‍.

പക്ഷേ, ഒന്നും വിട്ടുകൊടുക്കാൻ സഞ്ജു തയാറായിരുന്നില്ല. ഒരു പര്‍വതാരോഹനെ പോലെ അയാള്‍ പ്രതിബന്ധങ്ങളെ ഒരിക്കല്‍ക്കൂടി കീഴടക്കാൻ ഒരുങ്ങുകയായിരുന്നു, പതിവുപോലെ, അനായാസമായി. അതും സ്വന്തം മണ്ണില്‍ ചവിട്ടിനിന്ന്.

പവൻ രാജ് എറിഞ്ഞ ആദ്യ പന്ത് ഡീപ് മിഡ് വിക്കറ്റിലൂടെ ബൗണ്ടറിവര കടന്നു. അഞ്ചാം പന്ത് ഡീപ് ബാക്ക്‌വേഡ് പോയിന്റിലൂടെ തനതുശൈലിയില്‍ ഉയര്‍ന്നുപൊങ്ങി ഗ്യാലറിയിലേക്ക് കോരിയിട്ടു, ട്രേഡ്മാ‍ര്‍ക്ക് ഷോട്ട്. വരാനിരിക്കുന്ന മനോഹരമായ സ്ട്രോക്ക് പ്ലേയുടെ, ബ്രൂട്ടല്‍ പവര്‍ ഹിറ്റിങ്ങിന്റെ ഒരു സൂചനയായിരുന്നു അത്.

ഷറഫൂദീന്റെ രണ്ടാം ഓവറില്‍ തുടര്‍ച്ചയായി നാല് തവണ പന്ത് മൈതാനം തൊട്ട് ബൗണ്ടറി താണ്ടി. സ്ക്വയര്‍ ഓഫ് ദ വിക്കറ്റ്, ഡീപ് എക്സ്ട്രാ കവ‍ർ, സ്വീപ്പ‍ര്‍ കവ‍ര്‍, തേ‍ര്‍ഡ് മാൻ. ബിജു നാരായണന്റെ ഊഴമായിരുന്നു അടുത്തത്. മൂന്ന് ഫോറും ഒപ്പം ലോങ് ഓണിന് മുകളിലൂടെ ഒരു സിക്സും. 3.5 ഓവറില്‍ കൊച്ചിയുടെ സ്കോര്‍ ബോര്‍ഡില്‍ 63 റണ്‍സ്. സഞ്ജുവിന്റെ പേരിന് നേര്‍ക്ക് 16 പന്തില്‍‍ 50 റണ്‍സ്, ബ്രൂട്ടല്‍.

2024 ട്വന്റി 20 ലോകകപ്പില്‍ ഓസീസ് ബൗളര്‍മാര്‍ക്ക് മുകളില്‍ രോഹിത് ശര്‍മ സ്ഥാപിച്ച ആധിപത്യത്തെ ഓര്‍മിപ്പിക്കും വിധമൊരു സ്കോര്‍കാര്‍ഡ്. പവര്‍പ്ലേയുടെ അവസാന ഓവറില്‍ ഷറഫുദീൻ ഒരിക്കല്‍ക്കൂടി, 22 റണ്‍സായിരുന്നു സഞ്ജുവിന്റെ ബാറ്റ് കണ്ടെത്തിയത്. രണ്ട് മനോഹരമായ ഫ്ലിക്ക് ഷോട്ടുകള്‍. കാര്യവട്ടത്തെ ഫ്ലഡ്‌ലൈറ്റുകളുടെ വെള്ളിവെളിച്ചത്തിന് കീഴില്‍ മിന്നലായി സഞ്ജു.

കറങ്ങിത്തിരിഞ്ഞും മെല്ലയും വേഗത്തിലുമൊക്കെ എത്തിയ പന്തുകളോട് തുല്യസമീപനമായിരുന്നു സഞ്ജുവിന്റെ ബാറ്റിന്. ഒടുവില്‍ 42 പന്തില്‍ സെഞ്ച്വറി. സഹോദരൻ സാലി സാംസണിന്റെ ആലിംഗനം. 11,000 കാണികളെ ആവേശത്തിലാഴ്ത്തുമ്പോഴും സഞ്ജുവിന്റെ മുഖത്ത് ആഘോഷത്തിന്റെ കണികപോലുമുണ്ടായിരുന്നില്ല, കാരണം ലക്ഷ്യത്തിലേക്കുള്ള ദൂരം ഇനിയും ബാക്കിയായിരുന്നു.

മറുവശത്ത് തുടരെ വീഴുന്ന വിക്കറ്റുകള്‍ വേഗത്തെ കുറച്ചെങ്കിലും ലക്ഷ്യത്തോട് അടുപ്പിക്കാൻ കൃത്യമായ ഇടവേളകളില്‍ ഗ്യാലറിയിലേക്ക് അയാള്‍ പന്ത് എത്തിച്ചുകൊണ്ടേയിരുന്നു. 51 പന്തുകള്‍ നീണ്ട സഞ്ജുവിന്റെ ഇന്നിങ്സിന് അജയഘോഷ് ഓഫ് സ്റ്റമ്പെടുത്ത് അവസാനിപ്പിക്കുമ്പോള്‍‍ കാര്യവട്ടം ഒന്നടങ്കം കയ്യടിച്ചു. 14 ഫോറുകള്‍, ഏഴ് സിക്സറുകള്‍.

അര്‍ഹിച്ച വിജയം അകലുന്നുവെന്ന് തോന്നിച്ചപ്പോള്‍ പോരാട്ടവീര്യത്തിന്റെ പര്യായമായി മുഹമ്മദ് ആഷിക്ക് ഉദിച്ചുയര്‍ന്നു. അവസാന പന്തില്‍ കൊച്ചിക്ക് ത്രില്ലര്‍ ജയം. അമരത്ത് സഞ്ജു. ക്രിക്കറ്റിന്റെ ക്വാളിറ്റിയുടെ തുലാസുകൊണ്ട് സഞ്ജുവിന്റെ ഇന്നിങ്സിനെ അളക്കാൻ തുനിയുന്നുണ്ട് ചിലര്‍. പക്ഷേ, ഇതൊരു ഓര്‍മ്മപ്പെടുത്തലാണ്, ടോപ് ഓര്‍ഡറിന്റെ സഞ്ജു എത്രത്തോളം അപകടകാരിയെന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍.

കെസിഎല്ലിലെ ആദ്യ രണ്ട് മത്സരങ്ങളിലും ആറാമനായാണ് സഞ്ജു ക്രീസിലെത്തിയത്. ഒരുപക്ഷെ ഇത് ഏഷ്യ കപ്പിന് മുന്നോടിയായുള്ള പരീക്ഷണമായിരുന്നിരിക്കാം. ഗില്‍ വരുന്നതോടുകൂടി അടയുന്ന ഓപ്പണിങ് സാധ്യത, ലോവര്‍ ഓര്‍ഡറില്‍ മാത്രമാണ് ഇനിയൊരു അവസരം ഒരുങ്ങാൻ സാധ്യത എന്ന് മനസിലാക്കിയുള്ള നീക്കം. ആലപ്പി റിപ്പിള്‍സിനെതിരെ അടിമുടി പാളിയ ആ പരീക്ഷണത്തില്‍ നിന്നാണ് ഓപ്പണിങ്ങ് സ്ലോട്ടിലേക്ക് സഞ്ജുവിന്റെ മടക്കം.

അത് പൂര്‍ണമായും വിജയം കണ്ടുവെന്ന് മാത്രമല്ല സഞ്ജുവിന്റെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നിന് കാരണവുമായി. ഗില്ലും ജയ്സ്വാളും ഇല്ലാത്തപ്പോള്‍ മാത്രം പരിഗണിക്കുന്ന താരമെന്നുള്ള ബാലിശമായ പ്രസ്താവന നടത്തുമ്പോള്‍ അഗാര്‍ക്കാര്‍ സഞ്ജുവിന്റെ ട്വന്റി 20 റെക്കോര്‍ഡുകളിലേക്ക് കണ്ണോടിക്കണം. രോഹിത് ശര്‍മയ്ക്കും സൂര്യകുമാര്‍ യാദവിനും ശേഷം ഏറ്റവുമധികം സെഞ്ച്വറി സഞ്ജുവിന്റെ പേരിലാണ്.

42 ട്വന്റി 20 മത്സരങ്ങള്‍ കളിക്കാൻ ഒരു പതിറ്റാണ്ട് വേണ്ടി വന്നു സഞ്ജുവിന്. 16 ഏകദിനങ്ങള്‍ കളിക്കാൻ നാല് വര്‍ഷവും. എത്രത്തോളം അവസരങ്ങള്‍ നിഷേധിക്കപ്പെട്ടുവെന്ന് പറയാൻ ഇതില്‍പ്പരം മികച്ച കണക്കുകളില്ല. സഞ്ജു പറഞ്ഞതുപോലെ ചില മറുപടികള്‍ ബാറ്റുകൊണ്ടാണ് നല്‍കേണ്ടത്, അല്ലെങ്കില്‍ കളത്തിലാണ് നല്‍കേണ്ടത്. അത്തരമൊന്നായിരുന്നു കാര്യവട്ടത്ത് ഇന്നലെ കണ്ടത്.